എഡിറ്റര്‍
എഡിറ്റര്‍
മുഖ്യമന്ത്രിയെ മംഗളൂരുവില്‍ തടയുമെന്ന ആര്‍.എസ്.എസ് നിലപാട് ഫെഡറല്‍ സംവിധാനത്തോടുള്ള വെല്ലുവിളി: കോടിയേരി
എഡിറ്റര്‍
Tuesday 21st February 2017 9:48pm

 

തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി വിജയനെ മംഗളൂരുവില്‍ തടയുമെന്ന സംഘപരിവാര്‍ സംഘടനകളുടെ പ്രഖ്യാപനത്തിനെതിരെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെ മറ്റൊരു സംസ്ഥാനത്തെ പരിപാടിയില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്ന സംഘപരിവാര്‍ സംഘടനകളുടെ പ്രഖ്യാപനം ഫെഡറല്‍ സംവിധാനത്തോടുള്ള വെല്ലുവിളിയാണെന്ന് കോടിയേരി പറഞ്ഞു.


Also read ട്രംപിന്റെ ബ്രിട്ടന്‍ സന്ദര്‍ശനം ചര്‍ച്ചചെയ്യുന്ന ഹാളിനു പുറത്ത് ട്രംപ് വിരുദ്ധ മുദ്രാവാക്യങ്ങളുമായി പതിനായിരങ്ങളുടെ റാലി 


ഫെബ്രുവരി 25നു നടക്കുന്ന മതസൗഹാര്‍ദ്ദ റാലിയില്‍ പങ്കെടുക്കാനെത്തുന്ന പിണറായിയെ തടയുമെന്ന ആര്‍.എസ്.എസിന്റെ പ്രഖ്യാപനത്തെ വിമര്‍ശിച്ചാണ് കോടിയേരി രംഗത്തെത്തിയത്. മുഖ്യമന്ത്രിയെ തടയാന്‍ മംഗളൂരു കോര്‍പ്പറേഷന്‍ പരിധിയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത നടപടി ആര്‍.എസ്.എസ്സിന്റെ ഫാസിസ്റ്റ് മുഖമാണ് വെളിവാക്കുന്നതെന്നും ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

വിഷയത്തില്‍ ആര്‍.എസ്.എസ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. ‘ജനാധിപത്യത്തേയും ഫെഡറല്‍ സംവിധാനത്തേയും വെല്ലുവിളിക്കുന്ന നടപടിയാണ് ആര്‍.എസ്.എസ്സിന്റെ ഭാഗത്തുനിന്ന് നിരന്തരമുണ്ടായിക്കൊണ്ടിരിക്കുന്നത്. ഹര്‍ത്താല്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രിയെ തടയാനുള്ള ആര്‍.എസ്.എസ് സംഘപരിവാര്‍ സംഘടനകളുടെ നീക്കത്തോട് ബി.ജെ.പി, ആര്‍.എസ്.എസ് കേന്ദ്രനേതൃത്വം നിലപാട് വ്യക്തമാക്കണം’. കോടിയേരി പറഞ്ഞു.

നേരത്തെ ഭോപ്പാലില്‍ മലായാളി സംഘടനകള്‍ ഏര്‍പ്പെടുത്തിയ സ്വീകരണ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിയെ ആര്‍.എസ്.എസ് പ്രതിഷേധത്തെത്തുടര്‍ന്ന് തടഞ്ഞ നടപടി വിവാദമായിരുന്നു ഇതിനു പിന്നാലെയാണ് മംഗളൂരുവിലും പിണറായിയെ തടയുമെന്ന് ആര്‍.എസ്.എസ് പ്രഖ്യാപിച്ചത്.

Advertisement