ഇടുക്കി: വയനാട്ടില്‍ വ്യജ പി.എസ്.എസി രേഖകള്‍ ചമച്ച് നിയമന തട്ടിപ്പ് നടത്തിയ കേസില്‍ വിജിലന്‍സ് അന്വേഷണം നടത്തുമെന്ന് ആഭ്യന്തമന്ത്രി കോടിയേരി ബാലകൃഷ്ണന്‍. സംഭവത്തെ കുറിച്ച് വിജിലന്‍സ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് റവന്യൂ മന്ത്രി കെ.പി.രാജേന്ദ്രന്‍ നല്‍കിയ കത്തിനോട് പ്രതികരിക്കുകയായിരുന്നു ആഭ്യന്തമന്ത്രി. സംഭവത്തില്‍ പിടിയിലായത് ജോയിന്റ് കൗണ്‍സില്‍ പ്രവര്‍ത്തകരാണെന്ന് ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഏത് കൗണ്‍സിലില്‍ പെട്ടവരായാലും നടപടി സ്വീകരിക്കുമെന്നായിരുന്നു മന്ത്രിയുടെ മറുപടി.

സംഭവം വലിയ ഗൗരവമുണ്ടെന്ന് പറഞ്ഞ ആഭ്യന്തമന്ത്രി സംഭവത്തിനു പിന്നില്‍ സംസ്ഥാന വ്യാപകമായി പ്രവര്‍ത്തിക്കുന്ന റാക്കറ്റുണ്ടോയെന്നും സംശയം പ്രകടിപ്പിച്ചു.

സംഭവത്തില്‍ സമയബന്ധിതമായി സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു കെ.പി.രാജേന്ദ്രന്‍ കത്ത് നല്‍കിയിരുന്നത്. തട്ടിപ്പ് വളരെ ഗൗരവമേറിയ വിഷയമാണന്നും എത്ര ഉന്നതര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും കര്‍ശന നടപടിയുണ്ടാകുമെന്നും കെ.പി.രാജേന്ദ്രന്‍ വ്യക്തമാക്കി.

സംഭവത്തില്‍ ആരെയും സംരക്ഷിക്കേണ്ട കാര്യം സി.പി.ഐക്കില്ലെന്നും ഏത് ഉന്നതന് പങ്കുണ്ടെങ്കിലും ശക്തമായ നടപടി എടുക്കുമെന്നും വനംമന്ത്രി ബിനോയ് വിശ്വം പറഞ്ഞു. തട്ടിപ്പില്‍ ജോയിന്റ് കൗണ്‍സില്‍ അംഗങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെയും നടപടിയെടുക്കും. ഇക്കാര്യത്തില്‍ ഉപ്പു തിന്നവര്‍ വെള്ളം കുടിക്കുക തന്നെ ചെയ്യുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. സി.പി.ഐ അനുകൂല സര്‍വ്വീസ് സംഘടനയാണ് ജോയിന്റ് കൗണ്‍സില്‍.