എഡിറ്റര്‍
എഡിറ്റര്‍
‘നടപ്പിലാകുന്നത് അമിത് ഷായുടെ സൂത്രപ്പണി’; അവര്‍ കേരളത്തെ കലാപഭൂമിയാക്കാന്‍ ശ്രമിക്കുന്നു; പാര്‍ട്ടി പ്രവര്‍ത്തകരും ജനങ്ങളും പ്രകോപനങ്ങളില്‍ വീഴരുതെന്ന് കോടിയേരി
എഡിറ്റര്‍
Friday 9th June 2017 3:40pm

തിരുവനന്തപുരം: കേരളത്തില്‍ വ്യാപക ആക്രമണങ്ങള്‍ സൃഷ്ടിച്ച് സംസ്ഥാനത്തെ കലാപ ഭൂമിയാക്കാന്‍ ബി.ജെ.പിയും ആര്‍.എസ്.എസും ശ്രമിക്കുന്നുവെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോഴിക്കോട് സി.പി.ഐ.എം ജില്ലാ കമ്മിറ്റി ഓഫീസിനു നേരെയുണ്ടായ ബോംബേറ് ജില്ലാ സെക്രട്ടറി പി.മോഹനന്‍ മാസ്റ്ററെ വധിക്കാന്‍ ലക്ഷ്യം വച്ചുള്ളതായിരുന്നുവെന്നും മോഹനന്‍ മാസ്റ്റര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണെന്നും കോടിയേരി പറഞ്ഞു.


Also Read:ഫേസ്ബുക്ക് ലൈവിലൂടെ പ്രതിഷേധിച്ച യുവാവിനെതിരെ പൊലീസിന്റെ ക്രൂരത; സിവില്‍ ഡ്രസ്സിലെത്തിയ ഉദ്യോഗസ്ഥന്‍ അറസ്റ്റ് ചെയ്ത് വീഡിയോ ഫേസ്ബുക്കിലിട്ടു 


കേരളത്തെ കലാപ ഭൂമിയാക്കാന്‍ ശ്രമിക്കുന്ന ആര്‍.എസ്.എസും ബി.ജെ.പിയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമം നടത്തുകയാണെന്നും 20 ഓളം പാര്‍ട്ടി ഓഫീസുകള്‍ തകര്‍ത്തുവെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ ആരോപിച്ചു. കോഴിക്കോട് ഉണ്ടായ സംഭവം ദല്‍ഹിയില്‍ എ.കെ.ജി സെന്ററില്‍ വച്ച് സീതാറാം യെച്ചൂരിയ്‌ക്കെതിരെ ഉണ്ടായ ആക്രമണത്തിന്റെ തുടര്‍ച്ചയാണെന്നും അദ്ദേഹം പറഞ്ഞു. എ.കെ.ജി സെന്ററില്‍ നടന്ന ആക്രമണം കേന്ദ്ര സര്‍ക്കാരിന്റെ ഒത്താശയോടെയാണെന്നും അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞ ദിവസം കേരളം സന്ദര്‍ശിച്ച ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അടുത്ത ലോകസഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നുമൊരു എം.പിയുണ്ടാകുമെന്നും അതിന് ചില സൂത്രപ്പണിയുണ്ടെന്നും പറഞ്ഞിരുന്നു. ആ സൂത്രപ്പണിയാണ് ഇപ്പോള്‍ ബി.ജെ.പിയും ആര്‍.എസ്.എസും ചേര്‍ന്ന് നടപ്പിലാക്കുന്നതെന്നും കോടിയേരി പറഞ്ഞു. സി.പി.ഐ.എമ്മിന്റെ കേന്ദ്രങ്ങള്‍ ആക്രമിക്കുകയാണ് അമിത് ഷാ പറഞ്ഞ സൂത്രപ്പണിയെന്നും അദ്ദേഹം ആരോപിച്ചു.


Don’t Miss: പ്ലസ്ടു വിദ്യാര്‍ത്ഥിയുടെ പരീക്ഷാ പേപ്പര്‍ നിറയെ പോണ്‍ കഥയും സെക്‌സും; വിദ്യാര്‍ത്ഥിക്കെതിരെ വഞ്ചനാ കുറ്റത്തിന് കേസെടുത്ത് വിദ്യാഭ്യാസ വകുപ്പ്


ഇത്തരം ആക്രമണങ്ങളിലൂടെ കേരളം കലാപ പ്രദേശമാണെന്നും ക്രമസമാധാനം തകര്‍ന്നുവെന്നും സ്ഥാപിക്കാന്‍ ബി.ജെ.പി ശ്രമിക്കുകയാണെന്നും കോടിയേരി പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകര്‍ ആത്മസംയമനം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിങ്കളാഴ്ച്ച ജില്ലാ കേന്ദ്രങ്ങളില്‍ വൈകിട്ട് നാലുമണിയ്ക്ക് സംഘപരിവാറിന്റെ ആക്രമണങ്ങള്‍ക്കെതിരെ ബഹുജനക്കൂട്ടായ്മ നടത്തുമെന്നും കോടിയേരി അറിയിച്ചു.

Advertisement