എഡിറ്റര്‍
എഡിറ്റര്‍
ടി.പി വധത്തില്‍ കാരായി രാജന് പങ്കുണ്ടെന്ന് കൊടി സുനിയുടെ മൊഴി
എഡിറ്റര്‍
Friday 15th June 2012 8:45am

കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്‍ വധത്തില്‍ ഫസല്‍ വധക്കേസിലെ പ്രതിയും സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കാരായി രാജനും പങ്കുണ്ടെന്ന് അറസ്റ്റിലായ കൊടി സുനിയുടെ മൊഴി.

പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് കൊടി സുനിയുടെ മൊഴിയുളളത്. കാരായി രാജനാണ് ടി.പിയെ വധിക്കാനുള്ള തീരുമാനം തന്നെ ആദ്യം അറിയിച്ചതെന്നും കൊടി സുനി പറഞ്ഞു.

എന്നാല്‍ കൊല്ലാനുള്ള ദൗത്യം ഏല്‍പ്പിച്ചത് കുഞ്ഞനന്തനാണെന്നും ഇതിന്റെ ഗൂഢാലോചനയ്ക്കായി തന്നെയുംകൂട്ടി തലശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസിലേക്ക് കുഞ്ഞനന്തന്‍ പോയെന്നും കൊടി സുനി മൊഴി നല്‍കി

അതിനുശേഷമാണ് ടി.കെ. രജീഷിനെ വിളിച്ചുവരുത്തുന്നത്. ഒഞ്ചിയത്ത് പാര്‍ട്ടി അപകടത്തിലാണെന്ന് കാരായി രാജന്‍ പറഞ്ഞതായും കൊടി സുനി പറഞ്ഞു.

കൊലപ്പെടുത്തുന്നതിന് മുന്‍പ് ഏപ്രില്‍ 24 മുതല്‍ ചന്ദ്രശേഖരനെ നിരീക്ഷിച്ചിരുന്നു. ഇതിനുശേഷമാണ് മെയ് നാലിന് കൊലപ്പെടുത്തുന്നത്. എല്ലാ ഘട്ടത്തിലും പടയങ്കണ്ടി രവീന്ദ്രന്റെയും കെ.സി. രാമചന്ദ്രന്റെയും സഹായമുണ്ടായിരുന്നതായും കൊടി സുനി പറയുന്നു.

ഫസല്‍ വധത്തിലെ കേസിന്റെ പശ്ചാത്തലത്തിലാണ് ഏരിയാ സെക്രട്ടറിയായിരുന്ന കാരായി രാജനെ കഴിഞ്ഞ മാര്‍ച്ചില്‍ ആ സ്ഥാനത്തു നിന്നും മാറ്റിയത്.
അതേസമയം കൊടിസുനി,മുഹമ്മദ് ഷാഫി, കിര്‍മാണി മനോജ് എന്നിവരെ വടകര ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇവരെ ഇന്നലെ പുലര്‍ച്ചയൊണ് കണ്ണൂരിലെ ഇരിട്ടിക്കടുത്ത മുഴക്കുന്ന് പഞ്ചായത്തില്‍ പെടുന്ന മുടക്കൊഴി പെരിങ്ങാനം മലയില്‍ വച്ച് പോലീസ് പിടികൂടിയത്.

Advertisement