ചെന്നൈ: അവസാന കളിയില്‍ ചെന്നൈയോട് തോറ്റ് കൊച്ചിന്‍ ടസ്‌കേര്‍സ് നാലാംസീസണ്‍ ഐ.പി.എല്‍ മല്‍സരങ്ങള്‍ക്ക് തിരശീലയിട്ടു. 11 റണ്‍സിന് കൊച്ചിയെ തോല്‍പ്പിച്ചതോടെ സ്വന്തം ഗ്രൗണ്ടില്‍ തോറ്റിട്ടില്ലെന്ന റെക്കോര്‍ഡ് നിലനിര്‍ത്താനും ധോണിയുടെ ടീമിനായി.

ചെന്നൈയെ 152 റണ്‍സില്‍ തളച്ചിട്ടപ്പോള്‍ കൊമ്പന്‍മാര്‍ക്ക് നേരിയ വിജയപ്രതീക്ഷയുണ്ടായിരുന്നു. 46 റണ്‍സെടുത്ത വൃദ്ധിമാന്‍ സാഹയുടെ ഇന്നിംഗ്‌സാണ് ചെന്നൈക്ക് കരുത്തായി. 32 റണ്‍സെടുത്ത ഹസിയും മികച്ചുനിന്നു. കൊമ്പന്‍മാര്‍ക്കായി രവീന്ദര്‍ ജഡേജ രണ്ടുവിക്കറ്റെടുത്തു.

മറുപടി ബാറ്റിംഗില്‍ പതിവുപോലെ മക്കുല്ലം തകര്‍ത്തു തുടങ്ങി. 37 പന്തില്‍ 33 റണ്‍സെടുത്ത മക്കുല്ലം പോയതോടെ കൊച്ചിയുടെ സ്‌കോറിംഗ് മന്ദഗതിയിലായി. ഹോഡ്ജും (51*) ജഡേജയും (19) പൊരുതിയെങ്കിലും ലക്ഷ്യത്തിന് 11 റണ്‍സ് അകലെവെച്ച് കൊച്ചി പോരാട്ടം അവസാനിപ്പിച്ചു.

സാഹയാണ് കളിയിലെ താരം. ജയത്തോടെ പോയിന്റ് നിലയില്‍ ഒന്നാമതെത്താനും ചെന്നൈയ്ക്കായി.