കൊല്‍ക്കത്ത: പുലിമടയിലെത്തി പുലികളെ കൊച്ചിയുടെ കൊമ്പന്‍മാര്‍ തോല്‍പ്പിച്ചു വിട്ടു. കരുത്തരെ അട്ടിമറിക്കുന്നത് ശീലമാക്കിയ കൊച്ചി ആറു റണ്‍സിനാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേര്‍സിനെ തകര്‍ത്തത്. സ്‌കോര്‍ : കൊച്ചി 7/ 132, കൊല്‍ക്കത്ത 9/ 126

സാവധാനത്തിലായിരുന്നു കൊച്ചി ബാറ്റിംഗ് തുടങ്ങിയത്. തുടക്കത്തിലേ സ്‌കോറിംഗ് നിരക്ക് താഴ്ന്നത് കൊമ്പന്‍മാര്‍ക്ക് തലവേദനയായി. ഓപ്പണര്‍മാരായ മക്കുല്ലവും (23) ജയവര്‍ധനയും (25) ഇത്തവണയും തിളങ്ങി. എന്നാല്‍ തുടര്‍ന്നെത്തിയ പട്ടേലിനും ഹോഡ്ജിനും ഫോമിലെത്താനായില്ല. ഒടുവില്‍ രവീന്ദ്ര ജഡേജയുടെ പ്രകടനത്തിന്റെ കരുത്തില്‍ (29) ടീം സ്‌കോര്‍ 132 ലെത്തി.

വളരെ കുറഞ്ഞ സ്‌കോര്‍ എളുപ്പത്തില്‍ കൊല്‍ക്കത്ത ചേസ് ചെയ്യുമെന്ന് തോന്നി. എന്നാല്‍ കാലിസ് ആറ് റണ്‍സിനും ക്യാപ്റ്റന്‍ ഗംഭീര്‍ 3 റണ്‍സിനും കൂടാരം കയറിയപ്പോള്‍ കൊല്‍ക്കത്ത പരാജയം മണത്തു. മനോജ് തിവാരി (46) പൊരുതിയെങ്കിലും ആറ് റണ്‍സിന് തോല്‍ക്കാനായിരുന്നു കൊല്‍ക്കത്തയുടെ വിധി. മികച്ച അച്ചടക്കത്തോടെ പന്തെറിഞ്ഞ ബൗളര്‍മാരാണ് കൊമ്പന്‍മാര്‍ക്ക് വിജയമൊരുക്കിയത്. ജയവര്‍ധനയാണ് കളിയിലെ താരം.

മുംബൈ രക്ഷപ്പെട്ടു!!
അവസാന പന്തുവരെ ആവേശം നിറഞ്ഞ മല്‍സരത്തില്‍ ശക്തരായ മുംബൈ ഇന്ത്യന്‍സ് പൂനെ വാരിയേര്‍സിനോട് കഷ്ടിച്ച് ജയിക്കുകയായിരുന്നു. പൂനെയുടെ സ്‌കോറായ 118 അവസാന പന്തിലാണ് മുംബൈ മറികടന്നത്.

ആദ്യം ബാറ്റുചെയ്ത പൂനെയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. 50 റണ്‍സെടുക്കുന്നതിനിടെ പകുതി ടീമും കൂടാരം കയറി. 45 റണ്‍സെടുത്ത ഉത്തപ്പ മാത്രമാണ് അല്‍പ്പമെങ്കിലും ഭേദപ്പെട്ട പ്രകടനം നടത്തിയത്. മുംബൈയ്ക്കായി മുനാഫ് പട്ടേല്‍ മൂന്നുവിക്കറ്റെടുത്തു.

എന്നാല്‍ മുംബൈ ഇന്ത്യന്‍സിനെ പിടിച്ചുകെട്ടുന്ന ബൗളിംഗായിരുന്നു പൂനെ വാരിയേര്‍സിന്റേത്. സച്ചിനും (35) റായ്ഡുവും (37) ഇത്തവണയും തിളങ്ങി. 20 റണ്‍സെടുത്ത രോഹിത് ശര്‍മയും 16 റണ്‍സെടുത്ത സൈമണ്ട്‌സും അവസാനം വരെ ആവേശം നിറഞ്ഞ മല്‍സരത്തില്‍ മുംബൈയുടെ രക്ഷകരാവുകയായിരുന്നു. മുനാഫ് പട്ടേലാണ് കളിയിലെ താരം.