ന്യൂദല്‍ഹി: കൊച്ചിയില്‍ തങ്ങളെ തോല്‍പ്പിച്ചതിന് കൊച്ചിയുടെ കൊമ്പന്‍മാര്‍ അതേ നാണയത്തില്‍ തിരിച്ചടിച്ചു. ഫിറോസ് ഷാ കോട്ട്‌ലയില്‍ ഏഴുവിക്കറ്റിന്റെ മികച്ച വിജയമാണ് കൊമ്പന്‍മാര്‍ സ്വന്തമാക്കിയത്. സ്‌കോര്‍ ന്യൂദല്‍ഹി: 6/ 140, കൊച്ചി 3/ 141.

ദല്‍ഹിയെ പിടിച്ചുകെട്ടി കൊമ്പന്‍മാര്‍
വെടിക്കെട്ട് ബാറ്റിംഗുകാരായ സെവാഗിനേയും വാര്‍ണറേയും വേഗം വീഴ്ത്താനായതാണ് കൊച്ചിയെ തുണച്ചത്. പതിവുപോലെ സെവാഗ് (15) ആക്രമിച്ചു തുടങ്ങിയെങ്കിലും ആദ്യ മല്‍സരം കളിക്കുന്ന മലയാളി താരം പ്രശാന്ത് പരമേശ്വരന് മുന്നില്‍ വീണു. പരമേശ്വരന്റെ പന്തില്‍ പട്ടേലിന് ക്യാച്ച് നല്‍കി വീരു കൂടാരം കയറി. തുടര്‍ന്ന് വാര്‍ണറെ (13) ശ്രീശാന്തും വീഴ്ത്തിയതോടെ ദല്‍ഹിയുടെ ആക്രമണത്തിന്റെ വീര്യം കുറഞ്ഞു.

മധ്യനിര പാടെ തകര്‍ന്നെങ്കിലും 40 റണ്‍സെടുത്ത വേണുഗോപാല്‍ റാവു ദല്‍ഹിക്ക് കരുത്തായി. കൊച്ചിക്കായി പ്രശാന്ത്, വിനയ് കുമാര്‍ എന്നിവര്‍ രണ്ടുവിക്കറ്റ് വീഴ്ത്തി.

മക്കുല്ലത്തിന്റെ വെടിക്കെട്ട്
മറുപടി ബാറ്റിഗ് തുടങ്ങിയ കൊച്ചിക്ക് മക്കുല്ലത്തിന്റെ വെടിക്കെട്ടാണ് തുണയായത്. 19 പന്തില്‍ അഞ്ച് ബൗണ്ടറിയും രണ്ട് സിക്‌സറുമടക്കം 37 റണ്‍സാണ് മക്കുല്ലം നേടിയത്. ടീമിന് മികച്ച അടിത്തറ പാകുന്നതില്‍ മക്കുല്ലം വിജയിച്ചു. തുടര്‍ന്നെത്തിയ പാര്‍ത്ഥിവ് പട്ടേലും (37) ഹോജും (24) കൊച്ചിയെ വിജയത്തിലെത്തിക്കുകയായിരുന്നു. മികച്ച ബൗളിംഗ് നടത്തിയ പ്രശാന്ത് പരമേശ്വരനാണ് കളിയിലെ താരം