കൊച്ചി: സമൂഹത്തിന് മുന്നില്‍ താനിപ്പോള്‍ അപഹാസ്യനാണെന്ന് വൈറ്റിലയില്‍ യുവതികളുടെ ആക്രമണത്തിന് ഇരയായ ഓട്ടോലൈന്‍ ടാക്‌സി ഡ്രൈവര്‍ ഷെഫീക്. തന്റെ പേരില്‍ കുടുംബവും കുട്ടികളും അപമാനത്തിനിരയാകുകയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ജില്ലയിലെ ഏറ്റവും തിരക്കുള്ള വൈറ്റില ജങ്ഷനില്‍ പട്ടാപ്പകല്‍ മൂന്ന് യുവതികളുടെ ആക്രമണത്തില്‍ വിവസ്ത്രനായി നില്‍ക്കേണ്ടി വന്ന തന്റെ ചിത്രവും വീഡിയോയും ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. അപമാനഭാരത്താല്‍ വീടിന് പുറത്തുപോലും ഇറങ്ങാന്‍ കഴിയുന്നില്ല. നടുറോഡില്‍ തന്റെ മുഖത്തടിക്കുകയും വിവസ്ത്രനാക്കി നിര്‍ത്തുകയും ചെയ്ത സ്ത്രീകള്‍ക്കെതിരെ പൊലീസ് ദുര്‍ബലവകുപ്പുകള്‍ ചുമത്തി തനിക്ക് നീതി നിഷേധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.


Dont Miss ജയലളിത അപ്പോളോ ആശുപത്രിയില്‍ നിന്നും ടി.വി കാണുന്ന വീഡിയോ പുറത്തുവിടാത്തത് നൈറ്റി ധരിച്ചതുകൊണ്ടെന്ന് ദിനകരന്‍


അതേസമയം ഷെഫീക്കിനെ മര്‍ദിച്ച് അവശനാക്കി മാനഹാനിക്ക് വിധേയനാക്കിയവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് സംസ്ഥാന മോട്ടോര്‍ തൊഴിലാളി യൂണിയന്‍ പ്രസിഡന്റ് ടി.സി സുബ്രഹ്മണ്യന്‍ ആവശ്യപ്പെട്ടു. സമൂഹത്തില്‍ സ്ത്രീയുടെ സുരക്ഷ ഉറപ്പാക്കുന്നതോടൊപ്പം ക്രിമിനലുകളായ സ്ത്രീകളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും വിശധമായ അന്വേഷണത്തിന് ആഭ്യന്തരമന്ത്രി ഉത്തരവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഷെഫീക്കിനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന യുവതികളുടെ പരാതിയില്‍ മരട് പൊലീസാണ് കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞദിവസം വൈറ്റില ജങ്ഷനില്‍വച്ചാണ് കുമ്പളം സ്വദേശിയായ ടാക്സി ഡ്രൈവര്‍ താനത്ത് വീട്ടില്‍ ഷെഫീഖിന് മര്‍ദ്ദനമേറ്റത്. കരിങ്കല്ലുകൊണ്ട് തലയ്ക്ക് അടിയേറ്റ ഷെഫീഖ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

ഷെയര്‍ ടാക്സി വിളിച്ചതുമായി ബന്ധപ്പെട്ട് നടന്ന തര്‍ക്കത്തിനൊടുവിലായിരുന്നു യുവതികളുടെ മര്‍ദ്ദനം. എന്നാല്‍ ഡ്രൈവര്‍ തങ്ങളെ അസഭ്യം പറഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് യുവതികളുടെ വാദം. ഡ്രൈവര്‍ ഫോണ്‍ചെയ്ത് വിളിച്ചുവരുത്തിയ ആളുകളാണ് തങ്ങളെ തടഞ്ഞുവച്ചതെന്നും യുവതികള്‍ ആരോപിച്ചിരുന്നു.

സംഭവത്തില്‍ പ്രതിയായ യുവതികളില്‍ ഒരാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷെഫീഖിനെതിരെ കേസെടുത്തിരിക്കുന്നത്. ദേഹോപദ്രവം ഏല്‍പ്പിച്ചെന്നും, സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമിച്ചെന്നുമാണ് യുവതിയുടെ പരാതി. ഷെഫീഖിനെതിരെയുള്ളത് നിയമാനുസൃത നടപടി മാത്രമാണെന്നാണ് പൊലീസിന്റെ വിശദീകരണം.