കൊച്ചി: ഐപിഎല്‍ ടീമായ കൊച്ചി ടസ്‌കേഴ്‌സ് കേരളയുടെ ഓഹരികള്‍ വില്‍ക്കാന്‍ തീരുമാനിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട് . ടീമിന്റെ പ്രധാന ഓഹരി ഉടമകളായ ആങ്കര്‍ എര്‍ത്ത് ഗ്രൂപ്പാണ് ഓഹരികള്‍ വില്‍ക്കാന്‍ തയാറെടുക്കുന്നത്. മൊത്തം ഓഹരിയില്‍ 31.4 ശതമാനമാണ് ആങ്കറിനുള്ളത്. ബി.സി.സി.ഐയുടെ അനുമതിയോടെ ഇത് വില്‍ക്കാനാണ് ആങ്കര്‍ ഗ്രൂപ്പ് ശ്രമിക്കുന്നത്. ടീം നടത്തിപ്പ് നഷ്ടത്തിലായതിനാലാണ് വില്‍പ്പനയ്ക്ക് ശ്രമിക്കുന്നതെന്നാണ് സൂചന.

കൊച്ചി കോര്‍പറേഷനുമായുള്ള വിനോദ നികുതി പ്രശ്‌നം, സ്ഥിരം സ്‌റ്റേഡിയം ഇല്ല, എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഓഹരി വില്‍പ്പനക്കൊരുങ്ങുന്നത്. ആദ്യ സീസണില്‍ ടീമിന്റെ ഹോം ഗ്രൗണ്ടായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ കൊച്ചിയുടെ കളി കാണാന്‍ കാണികള്‍ പൊതുവെ കുറവായിരുന്നു. ഇത് വന്‍ സാമ്പത്തിക നഷ്ടത്തിനിടയാക്കിയെന്നും ഇവര്‍ പറയുന്നു. ഇക്കാരണത്താല്‍ തന്നെ കൊച്ചിയില്‍ നിന്നും കളി മാറ്റാന്‍ ഉടമകള്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ബി സി സി ഐ ഇതിനനുമതി നല്‍കിയിരുന്നില്ല.

Subscribe Us:

1533 കോടി രൂപക്കാണ് ഉടമകള്‍ ടീം ലേലത്തിലെടുത്തത്. ടീമിന്റെ ഓഹരി പങ്കാളിത്തത്തില്‍ ആങ്കര്‍ കഴിഞ്ഞാല്‍ പരീനി ഡെവലപ്പേഴ്‌സാണ് രണ്ടാമത്. 30.6 ശതമാനം ഓഹരികളാണ് പരീനി ഡെവലപ്പേഴ്‌സിനുള്ളത്. 13.5 ശതമാനം ഓഹരികള്‍ ഫിലിം വേവ്‌സ് കംമ്പെയ്ന്‍ എന്ന സ്ഥാപനത്തിന്റെയും 10 ശതമാനം ഓഹരികള്‍ റൊണ്ടേവൂസ് സ്‌പോര്‍ട്‌സ് വേള്‍ഡിന്റെയും പേരിലാണ്. ആനന്ദ് ശ്യാമിന് 9.5 ശതമാനവും മലയാളിയായ വിവേക് വേണുഗോപാലിന് 5 ശതമാനവും ഓഹരിപങ്കാളിത്തമുണ്ട്.