Categories

മുംബൈ കടുവകളെ തകര്‍ത്ത് കൊച്ചിന്‍ കിടുവകള്‍

മുംബൈ: സ്വന്തം കാണികള്‍ക്കു മുമ്പില്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയിട്ടും, ക്യാപ്റ്റന്‍ സച്ചിന്‍ സെഞ്ച്വറിയോടെ മുന്നില്‍ നിന്ന് നയിച്ചിട്ടും മുബൈ ഇന്ത്യന്‍സിന് കൊച്ചിയുടെ കൊമ്പന്‍മാര്‍ക്കു മുമ്പില്‍ അടിതെറ്റി. കരുത്തരെ എട്ടുവിക്കറ്റിന് തകര്‍ത്ത് കൊച്ചി ഐ.പി.എല്ലില്‍ വിജയവഴിയില്‍ തിരിച്ചെത്തി. സ്‌കോര്‍; മുംബൈ 2/ 182, കൊച്ചി 2/184

തകര്‍പ്പന്‍ തുടക്കം നേടിയ മുംബൈ വന്‍സ്‌കോറാണ് ലക്ഷ്യമിടുന്നതെന്ന് സൂചന നല്‍കി. 66 പന്തില്‍ നിന്ന് 100 റണ്‍സെടുത്ത് സച്ചിന്‍ പുറത്താകാതെ നിന്നു. ജേക്കബ്‌സിനെ തുടക്കത്തിലേ നഷ്ടമായെങ്കിലും അമ്പാട്ടി റായ്ഡുമൊന്നിച്ചായിരുന്നു സച്ചിന്‍ വെടിക്കെട്ട് നടത്തിയത്. ഒടുവില്‍ മുംബൈ കൊച്ചിക്കു മുമ്പില്‍ വെച്ചത് 182 എന്ന കൂറ്റന്‍ ലക്ഷ്യമായിരുന്നു.

എന്നാല്‍ അടിക്കാനുറച്ചുതന്നെയായിരുന്നു മക്കുല്ലവും ജയവര്‍ധനയും ബാറ്റിംഗിനിറങ്ങിയത്. 60 പന്തില്‍ നിന്ന് 81 റണ്‍സെടുത്ത മക്കുല്ലമാണ് മുംബൈയുടെ അന്തകനായത്. 36 പന്തില്‍ നിന്ന 56 റണ്‍സെടുത്ത ജയവര്‍ധനെയും മികച്ച പ്രകടനം നടത്തി. തുടര്‍ന്നെത്തിയ രവീന്ദ്ര ജഡേജയും (25) ഹോഡ്ജും (11) ചേര്‍ന്ന് കൊച്ചിയുടെ കൊമ്പന്‍മാരെ വിജയത്തിലെത്തിച്ചു. മക്കുല്ലമാണ് കളിയിലെ താരം.

ക്ലിനിക്കല്‍ ജയത്തോടെ കൊല്‍ക്കത്ത
മികച്ച ഓള്‍റൗണ്ട് പ്രകടനത്തോടെ കൊല്‍ക്കത്ത നൈറ്റ് റൈഡേര്‍സ് തങ്ങളുടെ വിജയക്കുതിപ്പ് തുടരുന്നു. രാജസ്ഥാന്‍ റോയല്‍സിനെ ഒമ്പതുവിക്കറ്റിനാണ് കൊല്‍ക്കത്ത തോല്‍പ്പിച്ചത്.

ആദ്യം ബാറ്റുചെയ്ത രാജസ്ഥാന് 159 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 35 റണ്‍സ് നേടിയ ദ്രാവിഡും 35 റണ്‍സെടുത്ത ടെയ്‌ലറും 27 റണ്‍സെടുത്ത മോനാരിയയും രാജസ്ഥാന് വേണ്ടി തിളങ്ങി. ആസ്‌ട്രേലിയന്‍ താരം ഷെയിന്‍ വാട്ട്‌സണ് 22 റണ്‍െസുടക്കാനേ കഴിഞ്ഞുള്ളൂ.

മറുപടി ബാറ്റിംഗില്‍ ഇത്തവണയും കാലിസ് തിളങ്ങി. 65 പന്തില്‍ 80 റണ്‍സെടുത്ത കാലിസാണ് കൊല്‍ക്കത്തയ്ക്ക് മികച്ച തുടക്കം നല്‍കിയത്. 44 പന്തില് നിന്ന് 75 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഗംഭീര്‍ പുറത്താകാതെ നിന്നു. ഗംഭീറാണ് കളിയിലെ താരമായത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.