ഹൈദരാബാദ്: ഐ.പി.എല്ലില്‍ നിന്നും കൊച്ചി ടസ്‌കേഴ്‌സ് കേരളയെ പുറത്താക്കിയ നടപടി ഐ.പി.എല്‍ ഭരണസമിതി ശരിവെച്ചു. ഹൈദരാബാദില്‍ ചേര്‍ന്ന ഐ.പി.എല്‍. ഗവേണിംഗ് കൗണ്‍സിലാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. കൊച്ചി ടസ്‌ക്കേഴ്‌സിന്റെ കളിക്കാര്‍ക്കുവേണ്ടി ഈ വര്‍ഷം അവസാനം ലേലം നടത്താനും ഗവേണിംഗ് ബോഡി യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

ഇതോടെ 2012ല്‍ നടക്കുന്ന ഐ.പി.എല്‍ അഞ്ചാം സീസണില്‍ ഐ.പി.എല്ലില്‍ ഒന്‍പത് ടീമുകള്‍ മാത്രമാണ് കളത്തിലിറങ്ങുക. ആദ്യ മൂന്ന് സീസണിലേത് പോലെ ഇത്തവണയും മത്സരങ്ങള്‍ ഹോം ആന്‍ഡ് എവേ ഫോര്‍മാറ്റില്‍ കളിക്കാനും യോഗത്തില്‍ തീരുമാനമായി. ചെയര്‍മാന്‍ രാജീവ് ശുക്ലയുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്.

ബാങ്ക് ഗ്യാരണ്ടി തുക നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കൊച്ചി ടീമിനെ ഒഴിവാക്കാന്‍ നേരത്തെ ബി.സി.സി.ഐ വാര്‍ഷിക പൊതുയോഗം തീരുമാനിച്ചത്.

അതേസമയം, ഇത്തവണയും പാക് ക്രിക്കററ് താരങ്ങള്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കില്ലെന്ന് ഉറപ്പായി. പാക് കളിക്കാരെ സംബന്ധിച്ച് ടീമുടമകള്‍ക്ക് തീരുമാനമെടുക്കാമെന്നാണ് നിയുക്ത ഐ.പി.എല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല പറഞ്ഞത്.