കൊച്ചി: കൊച്ചിയില്‍ ഐപിഎല്‍ മത്സരങ്ങള്‍ നടത്തുന്നതിന് വിനോദനികുതിയില്‍ 50 ശതമാനം ഇളവ് അനുവദിക്കാന്‍ ധാരണയായി. മേയറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തിലാണ് തീരുമാനം. കൗണ്‍സിലില്‍ ചര്‍ച്ച ചെയ്ത ശേഷം ഇക്കാര്യം അംഗീകരിക്കും.

ഐ.പി.എല്ലില്‍ കൊച്ചി ടീമിന്റെ മത്സരങ്ങള്‍ക്ക് നികുതി ഇളവ് അനുവദിക്കില്ലെങ്കില്‍ നാട്ടില്‍ കളിക്കില്ലെന്ന് ടീം ഓഹരിയുടമകളില്‍ ഒരാളായ വിവേക് വേണുഗോപാല്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നികുതിയിളവ് അനുവദിച്ചില്ലെങ്കില്‍ കേരളത്തിന് പുറത്തുള്ള സ്റ്റേഡിയം ഹോം ഗ്രൗണ്ട് ആക്കേണ്ടതായി വരുമെന്നും വിവേക് പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് നികുതിയിളവ് നല്‍കാന്‍ തീരുമാനിച്ചത്.

ദേശീയ കാഴ്ച്ചപ്പാട് കണക്കിലെടുത്താണ് ടീമിന്  ഇന്‍ഡി കമാന്‍ഡോസ് എന്ന പേര് നല്‍കിയത്. ടീമിന്റെ പേരും ലോഗോയും തിരുത്താനാകും.എന്നാല്‍ ഇതിന് കേരളത്തില്‍ ടീമിന് സ്ഥിരം വേദി ലഭിക്കണമെന്നും വിവേക് വേണുഗോപാല്‍ സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.