മുംബൈ: കൊച്ചി, രാജസ്ഥാന്‍ റോയല്‍സ്, പഞ്ചാബ് കിംഗ്‌സ് ഇലവന്‍ എന്നീ ടീമുകള്‍ ഐ പി എല്‍ നാലാം സീസണില്‍ കളിച്ചേക്കില്ലെന്ന് സൂചന. മൂന്നുടീമുകള്‍ക്കെതിരേയും ശക്തമായ നടപടിയുമായി മുന്നോട്ടുപോകാനാണ് ബി സി സി ഐ തീരുമാനിച്ചിരിക്കുന്നത്. അതിനിടെ കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ബി സി സി ഐ പ്രസിഡന്റ് ശശാങ്ക് മനോഹര്‍ ഞായറാഴ്ച്ച ഉന്നതതലയോഗം വിളിച്ചിട്ടുണ്ട്.

കൊച്ചി ടീമിന്റേയും ഉടകളുടേയും ഓഹരികളെക്കുറിച്ചും സ്വത്തുവകകളെക്കുറിച്ചും വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നേരത്തേ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ടീം ഉടമകളായ റെന്‍ഡ്യൂവസിന്റെ കണസോഷ്യം ഇക്കാര്യം ഇതുവരെ ചര്‍ച്ച ചെയ്തിട്ടുപോലുമില്ല.

പ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞയാഴ്ച്ച ശശി തരൂര്‍ വിളിച്ചുചേര്‍ക്കാനിരുന്ന യോഗവും നടന്നില്ല. പ്രശ്‌നത്തില്‍ കെ സി എ ഇടപെടുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഇതുവരെ നടപടിയൊന്നും ആയിട്ടില്ല. ദിവസങ്ങള്‍ക്കുള്ളില്‍ ബി സി സി ഐയുടെ നോട്ടീസിന് മറുപടി നല്‍കിയില്ലെങ്കില്‍ കൊച്ചി ടീമിന്റെ ഐ പി എല്‍ പ്രതീക്ഷകള്‍ അവസാനിപ്പിക്കേണ്ടിവരും.

ബി സി സി ഐയുടെ നോട്ടീസിന് മറുപടി നല്‍കാന്‍ രാജസ്ഥാന്‍, പഞ്ചാബ് ടീമുകള്‍ക്കും സാധിച്ചിട്ടില്ല. ഈ മൂന്നുടീമുകളുടേയും ഭാവി തീരുമാനിക്കാനാണ് ഐ പി എല്‍ ഗവേണിംഗ് കൗണ്‍സിലിന്റെ യോഗം വിളിച്ചിരിക്കുന്നത്്.