എഡിറ്റര്‍
എഡിറ്റര്‍
ചരിത്രപരമായ വാഗ്ദാനം പാലിച്ച് കൊച്ചി മെട്രോ; ആദ്യഘട്ടത്തില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സായ 23 പേര്‍ക്ക് ജോലി
എഡിറ്റര്‍
Friday 12th May 2017 5:16pm

കൊച്ചി: ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ജോലി നല്‍കുന്ന ലോകത്തെ ആദ്യ മെട്രോ എന്ന പദവി ഇനി കൊച്ചി മെട്രോയ്ക്ക് സ്വന്തം. ആദ്യഘട്ടത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ട 23 പേര്‍ക്കാണ് കൊച്ചി മെട്രോയില്‍ ജോലി നല്‍കുന്നത്. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ടവര്‍ക്ക് കൊച്ചി മെട്രോയില്‍ ജോലി നല്‍കുമെന്ന് നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു.

കുടുംബശ്രീ വഴി കൊച്ചി മെട്രോയിലേക്ക് തെരഞ്ഞെടുക്കുന്നത് 530 തൊഴിലാളികളെയാണ്. ഇതില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ട 23 പേര്‍ ഉണ്ടാകുമെന്നാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. പാലാരിവട്ടം മുതല്‍ ആലുവ വരെയുള്ള 11 മെട്രോ സ്‌റ്റേഷനുകളിലും ട്രാന്‍സ്‌ജെന്‍ഡര്‍ തൊഴിലാളികള്‍ ഉണ്ടാകും. കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടറായ ഏലിയാസ് ജോര്‍ജ്ജ് ഈ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്.


Also Read: തന്നെ തകര്‍ക്കാന്‍ ആസൂത്രിത ശ്രമം; പിന്നില്‍ പ്രവര്‍ത്തിച്ചവരെ അറിയാം; ഫേസ്ബുക്കില്‍ ഇനി മുതല്‍ പ്രതികരണം നടത്തില്ലെന്ന് ടൊവിനോ


പരീക്ഷയ്ക്കും അഭിമുഖത്തിനും ശേഷമാണ് തൊഴിലാളികളെ തെരഞ്ഞെടുക്കുക. തെരഞ്ഞെടുക്കപ്പെടുന്നവകര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കും. വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ചാകും ഇവര്‍ക്ക് നല്‍കുന്ന ജോലി. വിദ്യാഭ്യാസ യോഗ്യത കൂടുതലുള്ളവര്‍ക്ക് ടിക്കറ്റ് കൗണ്ടറിലും ബാക്കിയുള്ളവര്‍ക്ക് ഹൗസ് കീപ്പിംഗ് വിഭാഗത്തിലുമാണ് ജോലി നല്‍കുക.

തൊഴിലാളികളായ സ്ത്രീകളും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ടവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ഇവര്‍ക്കിടയില്‍ യാതൊരു വിവേചനവും ഉണ്ടാകില്ലെന്നും ഏലിയാസ് ജോര്‍ജ്ജ് പറഞ്ഞു.

കൊച്ചി മെട്രോയ്ക്ക് കേന്ദ്ര മെട്രോ റെയില്‍ സുരക്ഷാ കമ്മീഷണറുടെ പച്ചക്കൊടി ലഭിച്ചത് ഈ ആഴ്ചയാണ്. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള പതിനൊന്ന് സ്റ്റേഷനുകളിലും പാളത്തിലും സുരക്ഷാ കമ്മീഷന്‍ നേരത്തേ പരിശോധന നടത്തിയിരുന്നു.


Don’t Miss: കൊല്ലത്തെ ബീഫ് വില്‍പ്പനശാല പൂട്ടിക്കാന്‍ ബി.ജെ.പി ഹര്‍ത്താല്‍; ബീഫ് ഫെസ്റ്റ് നടത്തി സി.പി.ഐ.എം പ്രതിഷേധം


പരിശോധനയില്‍ നേരത്തേ തന്നെ കമ്മീഷന്‍ തൃപ്തി രേഖപ്പെടുത്തിയിരുന്നു. പാളം, സിഗ്‌നല്‍ സംവിധാനം, യാത്രക്കാരുടെ സുരക്ഷ, ഫയര്‍ ആന്റ് സേഫ്റ്റി തുടങ്ങിയകാര്യങ്ങളിലെല്ലാം കമ്മീഷന്‍ തൃപ്തി രേഖപ്പെടുത്തി.

ചെന്നൈ, ബംഗളൂരു മെട്രോ സ്റ്റേഷനുകളേക്കാള്‍ മികച്ച നിലവാരമുള്ളതാണ് കൊച്ചിയിലെ സ്റ്റേഷനെന്നും സുരക്ഷാ കമ്മീഷന്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ സുരക്ഷാ ക്യാമറകള്‍ എല്ലാ സ്റ്റേഷനുകളിലും സ്ഥാപിക്കണമെന്നും പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും കമ്മീഷണര്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.

മെട്രോയുടെ ഉദ്ഘാടനം പ്രധാനമന്ത്രിയുടെ തിയ്യതി ലഭ്യമായാല്‍ ഈ മാസം തന്നെ നടക്കുമെന്നാണ് വിവരം.

Advertisement