എഡിറ്റര്‍
എഡിറ്റര്‍
കൊച്ചി മെട്രോറെയില്‍ ഡി.എം.ആര്‍.സി ക്ക് തന്നെയെന്ന് ആര്യാടന്‍ മുഹമ്മദ്
എഡിറ്റര്‍
Friday 19th October 2012 10:16am

കൊച്ചി: കൊച്ചി മെട്രോറെയില്‍ ഡി.എം.ആര്‍.സി ക്ക് തന്നെയെന്ന് വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദ്. കേന്ദ്രവിജിലന്‍സ് കമ്മീഷന്റെ മാനദണ്ഡങ്ങള്‍ മറികടക്കാന്‍ കഴിയുമെന്നും ആര്യാടന്‍ വ്യക്തമാക്കി. അതേസമയം, കൊച്ചി മെട്രോറെയില്‍ ലിമിറ്റഡിന്റെ നിര്‍ണ്ണായക ഡയറക്ടര്‍ ബോര്‍ഡ് യോഗം ഇന്ന് ചേരും.

ഇത് സംബന്ധിച്ചുള്ള അന്തിമ തീരുമാനം പത്തരയ്ക്ക് റവന്യൂടവറിലുള്ള കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ ഓഫീസില്‍ വെച്ച് ചേരുന്ന യോഗത്തിലുണ്ടാകും. കൊച്ചി മെട്രോയുടെ നിര്‍മ്മാണ കരാര്‍ ഡി.എം.ആര്‍.സിയെ ഏല്‍പ്പിയ്ക്കണമെന്ന മന്ത്രിസഭാ തീരുമാനം ഡയറക്ടര്‍ ബോര്‍ഡ് കൂടുതല്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കും.

Ads By Google

നേരത്തെയും സമാനമായതീരുമാനം സംസ്ഥാനമന്ത്രിസഭ കൈക്കൊണ്ടിരുന്നെങ്കിലും ഡി.എം.ആര്‍.സിക്ക് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ കഴിയുന്ന തരത്തില്‍ തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ല. കെ.എം.ആര്‍.എല്‍ ഡയറക്ടര്‍ ബോര്‍ഡില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളുടെ തീരുമാനം ഇക്കാര്യത്തില്‍ നിര്‍ണായകമാകും.

കേന്ദ്രവിജിലന്‍സ് കമ്മീഷന്റെ ചട്ടങ്ങള്‍ ചൂണ്ടിക്കാട്ടി ഡി.എം.ആര്‍.സിക്ക് കരാര്‍ നല്‍കുന്നതില്‍ തടസ്സമുണ്ടെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ ചട്ടങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് പദ്ധതി ഏറ്റെടുത്ത് നടത്താന്‍ കഴിയുമെന്ന് ഇ ശ്രീധരന്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മുതിര്‍ന്ന അഭിഭാഷകരുടെ നിയമോപദേശം തേടാന്‍ കെ.എം.ആര്‍.എല്‍ തീരുമാനിക്കുകയും ചെയ്തു.

ആഗോള ടെന്റര്‍ ഒഴിവാക്കി ഡി.എം.ആര്‍.സിയെ പദ്ധതിയുടെ നിര്‍മ്മാണകരാര്‍ ഏല്‍പ്പിച്ചാല്‍  ജപ്പാന്‍ അന്താരാഷ്ട്ര കോര്‍പ്പറേഷന്‍ ഏജന്‍സിയുടെ(ജെയ്‌കെ) സാമ്പത്തികസഹായം നഷ്ടമാകുമെന്നാണ് ചിലരുടെ ആശങ്ക. ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് കെ.എം.ആര്‍.എല്‍ ജെയ്‌കെക്ക് കത്തയക്കുകയും ചെയ്തിട്ടുണ്ട്.

ഇന്നത്തെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ കൊച്ചി മെട്രോയ്ക്ക് വേണ്ടി കൂടുതല്‍ സമയം കാത്തിരിക്കാന്‍ കഴിയില്ലെന്ന് ഡി.എം.ആര്‍.സിയും ഇ ശ്രീധരനും സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇ.ശ്രീധരന്റെയും ഡി.എം.ആര്‍.സിയുടെയും ഈ നിലപാടാണ് ഇന്നത്തെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തെ നിര്‍ണായകമാക്കുന്നത്.

Advertisement