ന്യൂദല്‍ഹി: കൊച്ചി മെട്രോ ഡി.എം.ആര്‍.സിയെ ഏല്പിക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് ദല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്.

പദ്ധതി ഏറ്റെടുക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കത്തയച്ചെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് ഷീലാ ദീക്ഷിതിന്റെ വിശദീകരണം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി ഈയാഴ്ച നടക്കുന്ന ചര്‍ച്ചകള്‍ക്ക് ശേഷമേ മെട്രോയുടെ കാര്യത്തില്‍ അന്തിമതീരുമാനമെടുക്കൂവെന്നും ഷീലാ ദീക്ഷിത് മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.

Ads By Google

കൊച്ചി മെട്രോ ഏറ്റെടുക്കുന്ന കാര്യത്തില്‍ ഇനിയും വ്യക്തത വരേണ്ടതുണ്ട്. അധികം വൈകാതെ തന്നെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നും ഷീലാ ദീക്ഷിത് പറഞ്ഞു.

അതേസമയം, കൊച്ചിയടക്കം ദല്‍ഹിക്കു പുറത്തുള്ള മെട്രോ പദ്ധതികള്‍ ഡി.എം.ആര്‍.സി ഏറ്റെടുക്കുന്നതിന് നഗരവികസനവുമായി ബന്ധപ്പെട്ട ഉന്നതാധികാരസമിതി വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

കേന്ദ്ര പ്രതിരോധമന്ത്രി എ. കെ. ആന്റണിയാണ് ഈ സമിതിയുടെ അധ്യക്ഷന്‍. ആഗസ്തില്‍ സമിതി യോഗം ചേര്‍ന്ന് ദല്‍ഹി മെട്രോയുടെ ഒന്നാംഘട്ട പാതയും മെട്രോ വികസനവും അവലോകനം ചെയ്തിരുന്നു.

ദല്‍ഹി മെട്രോയുടെ ഒന്നാംഘട്ട പാതയും മെട്രോ വികസനവും അവലോകനം ചെയ്തു. പത്തു വര്‍ഷമായി മെട്രോ ശൃംഖല നഗരത്തിലുള്ളതിനാല്‍ അറ്റകുറ്റപ്പണികള്‍ക്ക് പ്രാമുഖ്യവും ശ്രദ്ധയും നല്‍കണമെന്ന് ഉന്നതാധികാരസമിതി ഡി.എം.ആര്‍.സിയോട് നിര്‍ദേശിച്ചു. പാതയുടെ പഴക്കം കണക്കിലെടുത്തും സര്‍വീസ് മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുമാണ് ഈ നിര്‍ദേശമെന്ന് നഗരവികസനമന്ത്രാലയവൃത്തങ്ങള്‍ അറിയിച്ചു.

ഉന്നതാധികാരസമിതി യോഗത്തിലെ നിര്‍ദേശം മുഖ്യമന്ത്രി ഷീലാ ദീക്ഷിത് ഉമ്മന്‍ചാണ്ടിക്കെഴുതിയ കത്തില്‍ ചൂണ്ടിക്കാട്ടുകയായിരുന്നു. ഡി.എം. ആര്‍.സിയുടെ ജോലികളെക്കുറിച്ച് അവര്‍ കത്തില്‍ വിശദീകരിച്ചു.

അറ്റകുറ്റപ്പണികള്‍ നടത്തേണ്ടതിന്റെ പ്രാധാന്യവും വിവരിച്ചു. എന്നാല്‍ ഉമ്മന്‍ചാണ്ടി തനിക്ക് കത്തെഴുതിയ സാഹചര്യത്തില്‍ മറുപടി അയയ്ക്കുകയാണ് ചെയ്തതെന്നാണ് ഷീലാ ദീക്ഷിതിന്റെ വാദം. അതേസമയം, കൊച്ചി മെട്രോ ഏറ്റെടുക്കാനുള്ള പ്രായോഗികബുദ്ധിമുട്ടും അവര്‍ ഉമ്മന്‍ചാണ്ടിയോടു സൂചിപ്പിച്ചു. എന്നാല്‍ ഉന്നതാധികാര സമിതിയുടെ തന്നെ അധ്യക്ഷനായ പ്രതിരോധമന്ത്രി എ. കെ. ആന്റണി നേരിട്ട് ചര്‍ച്ച നടത്തിയ സാഹചര്യത്തില്‍ ഷീലാ ദീക്ഷിത് ഇനി കൊച്ചിക്കു തടസ്സം നില്‍ക്കാനിടയില്ലെന്നാണ് അറിയുന്നത്.