എഡിറ്റര്‍
എഡിറ്റര്‍
കൊച്ചി മെട്രോ: ചുമതല ശ്രീധരനെന്ന് കേന്ദ്രസര്‍ക്കാര്‍
എഡിറ്റര്‍
Saturday 17th November 2012 12:48am

ന്യൂദല്‍ഹി: കൊച്ചി മെട്രോ പദ്ധതിയുടെ പൂര്‍ണ ചുമതല ഇ. ശ്രീധരനെ ഏല്‍പ്പിച്ചിട്ടുണ്ടെന്ന് കേന്ദ്ര നഗരവികസനമന്ത്രാലയം വ്യക്തമാക്കി. പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടോം ജോസ് അയച്ച വിവാദ കത്തിനുള്ള മറുപടിയിലാണ് നഗരവികസനമന്ത്രാലയം അണ്ടര്‍ സെക്രട്ടറി എസ്.കെ. ഗുപ്ത ഇക്കാര്യം അറിയിച്ചത്.

കൊച്ചി മെട്രോയടക്കമുള്ള വിവിധ പദ്ധതികളുടെ ചുമതല ഇ. ശ്രീധരനെ ഏല്‍പ്പിച്ച് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ഈ വര്‍ഷം മാര്‍ച്ച് ഒമ്പതിന് പുറപ്പെടുവിച്ച ഉത്തരവിന്റെ പകര്‍പ്പും കത്തിനൊപ്പം അയച്ചുകൊടുത്തിട്ടുണ്ട്.

Ads By Google

ടോം ജോസിന് നല്‍കിയ മറുപടിയിലൂടെ കൊച്ചി മെട്രോയുടെ പൂര്‍ണചുമതല ഇ. ശ്രീധരനാണെന്ന് നഗരവികസനമന്ത്രാലയം ഔദ്യോഗികമായി സമ്മതിക്കുകയാണ്. അതേസമയം, ഡി.എം.ആര്‍.സി. ഡയറക്ടര്‍ ബോര്‍ഡിനോ ചെയര്‍മാനോ പകരമായി പുതിയ ജോലികള്‍ ഏറ്റെടുക്കാന്‍ ഇ. ശ്രീധരനെ ചുമതലപ്പെടുത്തിയിട്ടില്ലെന്നും കത്തില്‍ വ്യക്തമാക്കി.

ഈ മാസം അഞ്ചിന് തയ്യാറാക്കിയ നഗരവികസനമന്ത്രാലയത്തിന്റെ കത്ത് കഴിഞ്ഞ ദിവസമാണ് പൊതുമരാമത്തുവകുപ്പില്‍ ലഭിച്ചതെന്ന് അറിയുന്നു. ഇത് സംബന്ധിച്ച വിശദാംശങ്ങളും ഫയലുകളും മെട്രോയുടെ ചുമതലയുള്ള മന്ത്രി ആര്യാടന്‍ മുഹമ്മദ് വിശദമായി പരിശോധിക്കുകയാണ്.

കൊച്ചി മെട്രോയില്‍നിന്ന് ഇ. ശ്രീധരനെയും ഡി.എം.ആര്‍.സി.യെയും ഒഴിവാക്കാന്‍ കേന്ദ്ര നഗരവികസന മന്ത്രാലയത്തിലെ പ്രമുഖന്റെ നേതൃത്വത്തില്‍ ചരടുവലി ശക്തമായിരുന്നു. ടോം ജോസിന്റെ പിന്തുണ ഇതിനുണ്ടായിരുന്നു. അദ്ദേഹം എം.ഡി.യായിരിക്കെ ഇ. ശ്രീധരനെയും ഡി.എം.ആര്‍.സി.യെയും അകറ്റിനിര്‍ത്താന്‍ ശ്രമിച്ചതായും ആരോപണങ്ങളുണ്ട്.

എന്നാല്‍, ഒടുവില്‍ ടോം ജോസ് അയച്ച കത്തിനുള്ള മറുപടിയില്‍ത്തന്നെ കൊച്ചി മെട്രോയുടെ ചുമതല ഇ. ശ്രീധരനാണെന്ന് കേന്ദ്ര നഗരവികസനമന്ത്രാലയത്തിന് സമ്മതിക്കേണ്ടിവന്നു.

Advertisement