തിരുവനന്തപുരം: കൊച്ചി മെട്രോ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ എല്ലാം മാധ്യമസൃഷ്ടിയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നിലവില്‍ കൊച്ചി മെട്രോയുടെ കാര്യത്തില്‍ യാതൊരു ആശയക്കുഴപ്പവുമില്ല. അനാവശ്യമായ വിവാദങ്ങള്‍ വിഷയത്തില്‍ സൃഷ്ടിച്ചെടുക്കുകയാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Ads By Google

ഈ മാസം 27ാം തിയ്യതി ദല്‍ഹിയില്‍ ചേരുന്ന ഡി.എം.ആര്‍.സി ഡയരക്ടര്‍ ബോര്‍ഡ് യോഗത്തില്‍ പദ്ധതി നടത്തിപ്പ് സംബന്ധിച്ച അന്തിമ തീരുമാനമെടുക്കും.

ഒരുഘട്ടത്തിലും ഡി.എം.ആര്‍.സിയെ ഒഴിവാക്കി കൊച്ചി മെട്രോ പദ്ധതി തുടങ്ങാന്‍ സര്‍ക്കാര്‍ ആലോചിച്ചിട്ടില്ല. ഇതുസംബന്ധിച്ച വാര്‍ത്തകള്‍ മാധ്യമസൃഷ്ടി മാത്രമാണ്.

സര്‍ക്കാര്‍ ഡി.എം.ആര്‍.സിയെ ഒഴിവാക്കാന്‍ ശ്രമിക്കുന്നു എന്ന തരത്തില്‍ മാധ്യമങ്ങള്‍ വാര്‍ത്ത പ്രചരിപ്പിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. ഡി.എം.ആര്‍.സി തന്നെ പദ്ധതി ഏറ്റെടുക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള ശ്രമം ആരും കാണുന്നില്ല.

ഇ. ശ്രീധരന്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി സര്‍ക്കാര്‍ പ്രതിനിധിയാണെന്നും കൊച്ചി മെട്രോ സംബന്ധിച്ച് ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

കൊച്ചി മെട്രോ നടപ്പിലാക്കാനുള്ള തീരുമാനം വന്നപ്പോള്‍ തന്നെ അതിനായി ഡി.എം.ആര്‍.സിയേയും ശ്രീധരനേയുമാണ് കണ്ടത്. അതില്‍ ഇപ്പോഴും യാതൊരു മാറ്റവുമില്ല. പദ്ധതി മുന്‍നിശ്ചയിച്ച പ്രകാരം ഡി.എം.ആര്‍.സിയെ കൊണ്ടുതന്നെ നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം കൊച്ചി മെട്രോ പദ്ധതിയുടെ പൂര്‍ണ ചുമതല ഇ. ശ്രീധരനെ ഏല്‍പ്പിച്ചിട്ടുണ്ടെന്ന് കേന്ദ്ര നഗരവികസനമന്ത്രാലയം വ്യക്തമാക്കി. പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടോം ജോസ് അയച്ച വിവാദകത്തിനുള്ള മറുപടിയിലാണ് നഗരവികസനമന്ത്രാലയം അണ്ടര്‍ സെക്രട്ടറി എസ്.കെ. ഗുപ്ത ഇക്കാര്യം അറിയിച്ചത്.