എഡിറ്റര്‍
എഡിറ്റര്‍
കൊച്ചി പഴയ കൊച്ചിയല്ല, പക്ഷേ മലയാളികള്‍ പഴയ മലയാളികള്‍ തന്നെ; മെട്രോയിലും സ്‌റ്റേഷനുകളിലും കുത്തി വരയ്ക്കല്‍ പതിവാകുന്നു; പിടിമുറുക്കാനൊരുങ്ങി കെ.എം.ആര്‍.എല്‍
എഡിറ്റര്‍
Thursday 22nd June 2017 7:50pm

 

കൊച്ചി: കൊച്ചി മെട്രോ പൊതുജനങ്ങള്‍ക്കായി സേവനം ആരംഭിക്കുമ്പോള്‍ മെട്രോമാന്‍ ഇ. ശ്രീധരന്‍ ഉള്‍പ്പെടെയുള്ളവര്‍ അഭ്യര്‍ത്ഥിച്ചത് ഒരേയരു കാര്യമാണ്. കൊച്ചി മെട്രോ എന്ന നിധിയെ വൃത്തികേടാക്കാതെ സംരക്ഷിക്കണം എന്നതായിരുന്നു അത്. എന്നാല്‍ ആദ്യദിനം തന്നെ ട്രെയിനിന്റെ ഗ്ലാസുകള്‍ക്കിടയില്‍ ടിക്കറ്റുകള്‍ കുത്തിനിറച്ച് മലയാളികള്‍ തനിനിറം കാണിച്ചിരുന്നു.

ഇപ്പോഴിതാ, ഇന്ത്യന്‍ റെയില്‍വേയുടെ ട്രെയിനുകളോടെന്ന പോലെ തന്നെയാണ് മെട്രോ ട്രെയിനുകളോടും തങ്ങളുടെ മനോഭാവമെന്ന് തെളിയിക്കുകയാണ് മെട്രോ ഉപഭോക്താക്കളായ മലയാളികള്‍. മെട്രോ സംരക്ഷിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ വിവിധ മാര്‍ഗങ്ങളിലൂടെ എല്ലാവരിലേക്കും എത്തിച്ചെങ്കിലും ഒരു വിഭാഗം ആളുകള്‍ തങ്ങള്‍ മാറാന്‍ തയ്യാറല്ലെന്ന വാശിയിലാണെന്ന പോലെയാണ് കാര്യങ്ങളുടെ കിടപ്പ്.


Also Read: ‘മകനെ ചികിതിസിക്കാന്‍ വെള്ളക്കാരനായ ഡോക്ടര്‍ വേണം’; ആശുപത്രിയിലും വംശീയവെറി പ്രകടിപ്പിച്ച യുവതിയ്‌ക്കെതിരെ പ്രതിഷേധം


പത്തടിപ്പാലം, പാലാരിവട്ടം എന്നീ സ്റ്റേഷനുകളിലെ തൂണുകളില്‍ മൂര്‍ച്ചയേറിയ വസ്തുക്കള്‍ കൊണ്ട് പേരുകള്‍ എഴുതിയിട്ടുണ്ട്. നിലത്ത് മാലിന്യങ്ങള്‍ വലിച്ചെറിയുന്നതും മെട്രോ കാഴ്ചയാണ്. ഇതടെ കര്‍ശന നടപടികളെടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് മെട്രോ അധികൃതര്‍.

സി.സി.ടി.വി നിരീക്ഷിച്ച് ഇത്തരം ദുഷ്പ്രവൃത്തികള്‍ ചെയ്യുന്നവരെ കണ്ടെത്തുകയും ശിക്ഷിക്കുകയും ചെയ്യാനാണ് കെ.എം.ആര്‍.എല്‍ തീരുമാനിച്ചിരിക്കുന്നത്. മെട്രോയില്‍ നിയമങ്ങള്‍ ലംഘിച്ചതിന് ആദ്യദിനം ഉച്ചവരെ മാത്രം 15 പേര്‍ക്കാണ് പിഴ ഈടാക്കിയത്. ഇതുവരെ ആകെ 114 പേരാണ് പിഴയൊടുക്കിയവര്‍. എന്നാല്‍ പിഴയിനത്തില്‍ എത്ര രൂപ ലഭിച്ചെന്ന വിവരം അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല.

Advertisement