എഡിറ്റര്‍
എഡിറ്റര്‍
കൊച്ചി മെട്രോ; നിര്‍മാണ് ചുമതല ഡി.എം.ആര്‍.സിക്ക് തന്നെ
എഡിറ്റര്‍
Tuesday 16th October 2012 12:19pm

തിരുവനന്തപുരം: കൊച്ചി മെട്രോയുടെ നിര്‍മാണ ചുമതല ഡി.എം.ആര്‍സിയെ ഏല്‍പ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ ഇക്കാര്യത്തില്‍ എതിര്‍പ്പ് ഉന്നയിച്ചാല്‍ കേന്ദ്രസര്‍ക്കാരിനെ സമീപിക്കും.

19ന് നടക്കുന്ന മെട്രോ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ സംസ്ഥാന പ്രതിനിധികള്‍ ഇക്കാര്യം ഉന്നയിക്കും. ഇതുമായി ബന്ധപ്പെട്ട് നിയമപ്രശ്‌നങ്ങള്‍ ഉയര്‍ന്ന് വന്നാല്‍ അപ്പോള്‍ പരിഹരിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

Ads By Google

കൂടാതെ വിദേശ ഏജന്‍സികളില്‍ നിന്ന വായ്പയെടുക്കുന്നുണ്ടെങ്കില്‍ ആഗോള ടെണ്ടര്‍ വിളിക്കണമെന്നും സി.വി.സി നിഷ്‌കര്‍ഷിക്കുന്നു. ഡി.എം.ആര്‍.സി കൊച്ചി മെട്രോയുടെ കണ്‍സള്‍ട്ടന്റായി നിലനില്‍ക്കുകയും ജൈക്കയില്‍ നിന്നും വായ്പയെടുക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍  കൊച്ചി മെട്രോ എന്ത് തീരുമാനം കൈക്കൊള്ളും എന്ന കാര്യത്തില്‍ ആശങ്കയുണ്ടായിരുന്നു.

ആഗോള ടെന്‍ഡര്‍ വിളിച്ചാല്‍ മാത്രമേ വിദേശ ഏജന്‍സികളില്‍ നിന്ന് പണം കടമെടുക്കാന്‍ പാടുള്ളൂ എന്ന കേന്ദ്ര വിജിലന്‍സ് കമ്മീഷണറുടെ നിര്‍ദേശം കൊച്ചി മെട്രോയ്ക്ക് ബാധകമാകുമെന്ന വാദം നിലവിലുണ്ട്.

എന്നാല്‍ കൊച്ചി മെട്രോയും ഡി.എം.ആര്‍.സിയും പൊതുമേഖലാ സ്ഥാപനങ്ങളായതുകൊണ്ട് ടെന്‍ഡര്‍ വിളിക്കാതെ ഡി.എം.ആര്‍.സിയെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏല്‍പ്പിക്കാമെന്ന വാദവുമുണ്ട്.

ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ഇന്നലെചേര്‍ന്ന ഉന്നതതല യോഗം സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.

നിര്‍മ്മാണച്ചുമതല ഡി.എം.ആര്‍.സിയെ ഏല്‍പ്പിക്കുന്നതിനു തടസമില്ലെന്നു കാണിച്ച് കൊച്ചിമെട്രോയുടെ മുഖ്യ ഉപദേഷ്ടാവും ഡി.എം.ആര്‍.സി. മുന്‍ ചെയര്‍മാനുമായ ഇ. ശ്രീധരന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കും കൊച്ചി മെട്രോറെയില്‍ കോര്‍പറേഷനും കഴിഞ്ഞദിവസം കത്തു നല്‍കിയിരുന്നു.

മെട്രോറെയിലിന്റെ നടത്തിപ്പ് ഡി.എം.ആര്‍.സിക്കു കൈമാറാന്‍ 2006ല്‍ അന്നത്തെ ഇടതു സര്‍ക്കാര്‍ ഔദ്യോഗികമായി തീരുമാനിച്ചതാണ്. യു.ഡി.എഫ്. സര്‍ക്കാറും ഈ തീരുമാനം മാറ്റിയില്ല.

നാലുമാസം മുമ്പു നടന്ന സമ്പൂര്‍ണ മന്ത്രിസഭാ യോഗത്തിലും കൊച്ചി മെട്രോറെയില്‍ ലിമിറ്റഡ് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലും ഇതു സംബന്ധിച്ച തീരുമാനമെടുത്തിരുന്നു. കരാര്‍ ഡി.എം.ആര്‍.സിക്കു തന്നെ നല്‍കണമെന്ന് ആവശ്യപ്പെടാന്‍ ഡയറക്ടര്‍ ബോര്‍ഡിലെ കേരളാ പ്രതിനിധികള്‍ക്ക് ഇന്നലെ ചേര്‍ന്ന ഉന്നതതലയോഗം നിര്‍ദേശം നല്‍കിയിരുന്നു.

Advertisement