ന്യൂദല്‍ഹി: കൊച്ചി മെട്രോ റെയില്‍ നിര്‍മാണത്തില്‍ സര്‍ക്കാര്‍ ഇ.ശ്രീധനരന് പിന്നാലെ. ഡി.എം.ആര്‍.സിയെ നിര്‍മാണച്ചുമതല ഏല്‍പ്പിക്കണമെന്ന ഉപാധി അംഗീകരിക്കാതെ ദല്‍ഹി സര്‍ക്കാരുമായി കേരള സര്‍ക്കാര്‍ ധാരണയായതോടയൊണ് മുഖം രക്ഷിക്കാന്‍ ഇ.ശ്രീധരന് പിന്നാലെ കൂടിയിരിക്കുന്നത്.

ഡി.എം.ആര്‍.സിയെ നിര്‍മാണച്ചുമതല ഏല്‍പ്പിക്കാതിരിക്കാന്‍ ദല്‍ഹിയിലെ ഐ.എ.എസ് ലോബിയുമായി ചേര്‍ന്ന സര്‍ക്കാര്‍ ഇനിയുണ്ടായേക്കാവുന്ന ജനരോഷം ഒഴിവാക്കാനാണ് ഇ. ശ്രീധരനെ എങ്ങനെയും സഹകരിപ്പിക്കാന്‍ ശ്രമിക്കുന്നത്.

Ads By Google

ഇതിന്റെ ഭാഗമായി മെട്രോറെയില്‍ നിര്‍മാണത്തില്‍ ശ്രീധരന്റെ ചുമതല തീരുമാനിക്കുന്നത് പ്രത്യേകസമിതി വ്യവസ്ഥകള്‍ നിശ്ചയിച്ച ശേഷമായിരിക്കുമെന്നാണ് സൂചന.

വിഷയത്തില്‍ സജീവമായി ഇടപെട്ട കേരളത്തില്‍ നിന്നുള്ള ഒരു കേന്ദ്രമന്ത്രിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ശ്രീധരന്‍ പദ്ധതിയുമായി സഹകരിക്കുമെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ അറിയിച്ചിരുന്നു.

ഡി.എം.ആര്‍.സിയെ നിര്‍മാണ ചുമതല ഏല്‍പ്പിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ കേന്ദ്ര സര്‍ക്കാര്‍ ശ്രീധരനെ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ  മാനേജിങ് ഡയറക്ടറാക്കാമെന്ന നിര്‍ദേശം കേരള സര്‍ക്കാറിന് മുന്നില്‍ വെച്ചിട്ടുണ്ട്.

എന്നാല്‍ ഡിം.എം.ആര്‍.സിയുടെ പ്രിന്‍സിപ്പല്‍ അഡൈ്വസറായ ശ്രീധരന്‍ അതില്‍ നിന്നും ഒഴിവായി കൊച്ചി മെട്രോയുടെ എം.ഡിയാകുമെന്ന പ്രതീക്ഷയില്ലെന്നാണ് കേരളം കേന്ദ്രത്തെ അറിയിച്ചത്. ഡി.എം.ആര്‍.സി.യുണ്ടെങ്കിലേ കൊച്ചി പദ്ധതിയുമായി സഹകരിക്കൂവെന്ന് തുടക്കംമുതല്‍ ശ്രീധരന്‍ നിലപാടെടുത്തിരുന്നു.

പദ്ധതി സ്വകാര്യമേഖലയ്ക്കും പൊതു-സ്വകാര്യ പങ്കാളിത്തത്തിലും നടപ്പിലാക്കുന്നതിനോട് യോജിക്കാനാവില്ലെന്നും ശ്രീധരന്‍ വ്യക്തമാക്കിയിരുന്നു. ദല്‍ഹിയിലെ അനുഭവത്തില്‍ പറഞ്ഞ ശ്രീധരന്റെ നിലപാടിനെ പൊതു നിക്ഷേപക ബോര്‍ഡ് യോഗത്തില്‍ കേന്ദ്ര ആസൂത്രണ കമ്മീഷന്‍ പാതി മനസ്സോടെ സമ്മതിക്കുകയായിരുന്നു.

പദ്ധതിയുടെ കാതലായ പ്രവര്‍ത്തനങ്ങളില്‍ പൊതു-സ്വാകാര്യ പങ്കാളിത്തം പാടില്ലെന്ന് കേരളം പൊതുനിക്ഷേപക ബോര്‍ഡിന്റെ(പി.ഐ.ബി)മുന്നില്‍ വെക്കുകയായിരുന്നു. എന്നിട്ടും പദ്ധതിയുമായി ബന്ധപ്പെട്ട മറ്റ് പ്രവര്‍ത്തനങ്ങളില്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തിന്റെ സാധ്യത അന്വേഷിക്കണമെന്നും ആസൂത്രണ കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു.

പദ്ധതിയുടെ മൊത്തം ചിലവിന്റെ 44 ശതമാനം ജപ്പാന്‍ ബാങ്കില്‍ നിന്ന് വായ്പയെടുക്കാനും ബാക്കി തുകയില്‍ 2.26 ശതമാനം കേന്ദ്രവും 35.74 ശതമാനം കേരള സര്‍ക്കാറും വഹിക്കണമെന്നായിരുന്നു ബോര്‍ഡ് യോഗത്തില്‍ ധാരണയായത്.

ഇത്തരം പ്രശ്‌നങ്ങള്‍ പദ്ധതിയുടെ മുന്നോട്ട് പോക്കില്‍ ഉണ്ടാവാതിരിക്കാനാണ് ശ്രീധരന്റെ മേല്‍നോട്ടത്തില്‍ ഡി.എം.ആര്‍.സിക്ക് നിര്‍മാണ ചുമതല നല്‍കുന്നതിനെതിരെ കേരളവും കേന്ദ്രവും ശ്രമിച്ചത്. ഡി.എം.ആര്‍.സിക്ക് നിര്‍മാണച്ചുമതലയില്ലെങ്കില്‍ ശ്രീധരനെ പദ്ധതിയില്‍ നിന്ന് വിട്ട് നിര്‍ത്താമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടി.