ന്യൂദല്‍ഹി: കൊച്ചി മെട്രോ ഡി.എം.ആര്‍.സി ഏറ്റെടുക്കുന്നതിനെതിരെ കേന്ദ്ര നഗരവികസന മന്ത്രാലയം. തത്ക്കാലം ദല്‍ഹി മെട്രോയുടെ വിപുലീകരണത്തില്‍ ശ്രദ്ധയൂന്നാനാണ് കേന്ദ്ര നഗര വികസന മന്ത്രാലയം ആവശ്യപ്പെട്ടത്.

Subscribe Us:

കൊച്ചി മെട്രോയില്‍ പരിമിതമായ പങ്ക് മാത്രം മതിയെന്ന് മന്ത്രാലയം ഡി.എം.ആര്‍.സിക്ക് നിര്‍ദേശം നല്‍കി.

Ads By Google

നിലവില്‍ തന്നെ നിരവധി പദ്ധതികള്‍ ഡി.എം.ആര്‍.സി ഏറ്റെടുത്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പുതിയ പദ്ധതികള്‍ ഏറ്റെടുക്കേണ്ടതില്ലെന്നാണ് നഗര വികസന മന്ത്രാലയത്തിന്റെ നിര്‍ദേശം.

ഇതുസംബന്ധിച്ച് അടുത്ത കൊച്ചി മെട്രോ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ കുറിപ്പ് അവതരിപ്പിക്കും. തുടര്‍ന്ന് അന്തിമ തീരുമാനമെടുക്കും.

ദല്‍ഹിക്ക് പുറത്തുള്ള പദ്ധതികള്‍ ഡി.എം.ആര്‍.സി ഏറ്റെടുക്കുന്നതിന് വിലക്കില്ലെന്നാണ് ദല്‍ഹി മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. കൊച്ചി മെട്രോ ഡി.എം.ആര്‍.സി ഏറ്റെടുക്കാതിരിക്കാന്‍ ശക്തമായ നീക്കം നടക്കുന്നതിന്റെ സൂചനയായി വേണമെങ്കില്‍ ഇതിനെ കാണാവുന്നതാണ്.

അതേസമയം കൊച്ചി മെട്രോയെ അട്ടിമറിക്കാന്‍ നടത്തുന്ന നീക്കം അവസാനിപ്പിക്കണമെന്നും നിര്‍മാണ ചുമതല ഡി.എം.ആര്‍.സിയെയും ഇ.ശ്രീധരനെയും ഏല്‍പ്പിക്കണമെന്നും ആവശ്യപ്പെട്ട് കൊച്ചി നഗരവികസനസമിതിയുടെ നേതൃത്വത്തില്‍ ഇന്ന് മനുഷ്യമെട്രോ നടക്കും.

ആലുവ പുളിഞ്ചോട് മുതല്‍ തൃപ്പൂണിത്തുറ പേട്ട വരെ ദേശീയപാതയുടെ ഇടതുവശത്തായാണ് മനുഷ്യ മെട്രോ തീര്‍ക്കുക. വൈകീട്ട് 4.30ന് ആരംഭിക്കുന്ന പരിപാടി അഞ്ചുമണിയ്ക്ക് നടക്കുന്ന പ്രതിജ്ഞയോടെയും പൊതുയോഗത്തോടെയും അവസാനിക്കും.

ഡോ. ടോണി ഫെര്‍ണാണ്ടസ് ആദ്യ കണ്ണിയും എല്‍.ഡി.എഫ്. കണ്‍വീനര്‍ വൈക്കം വിശ്വന്‍ അവസാന കണ്ണിയുമാകും. എറണാകുളം ജോസ് ജങ്ഷനില്‍ നടക്കുന്ന പ്രധാന യോഗത്തില്‍ വിവിധ രാഷ്ട്രീയസാമൂഹ്യരംഗത്തെ പ്രമുഖര്‍ സംസാരിക്കും.