എഡിറ്റര്‍
എഡിറ്റര്‍
കൊച്ചി മെട്രോ: ശിലാ സ്ഥാപനം കഴിഞ്ഞിട്ട് ഒരു മാസം,നഷ്ടം പതിനഞ്ച് കോടി
എഡിറ്റര്‍
Sunday 14th October 2012 12:50am

ന്യൂദല്‍ഹി: കൊച്ചി മെട്രോ റെയിലിന് പ്രധാനമന്ത്രി ശിലാസ്ഥാപനം നടത്തിയിട്ട് ഇന്നേക്ക് ഒരു മാസം പിന്നിട്ടിരിക്കുന്നു. ഒരു മാസത്തിനിടയില്‍ പദ്ധതി ചിലവില്‍ 15 കോടിയോളം രൂപയുടെ വര്‍ധനയുണ്ടായതായാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. പദ്ധതിയുടെ ടെന്‍ഡറിങ്ങും തുടര്‍നടപടികളും സംബന്ധിച്ച് അവ്യക്തത നിലനില്‍ക്കുന്നതാണ് അനിശ്ചിതത്വം നീളാനും പദ്ധതി ചിലവ് ക്രമാധീതമായി വര്‍ധിക്കാനും ഇടയാക്കിയിരിക്കുന്നത്.

Ads By Google

പദ്ധതി ഒരു ദിവസം വൈകിയാല്‍ 40 ലക്ഷം രൂപയുടെ അധിക ചെലവുണ്ടാകുമെന്നാണ് ഡി.എം.ആര്‍.സി കണക്കാക്കിയിരിക്കുന്നത്. ഇന്ധന വിലവര്‍ധനയടക്കമുള്ള നടപടികള്‍ വളരെ മുന്‍പ് എടുത്ത കണക്കാണിത്. ഡീസല്‍ വിലവര്‍ധനയുടെ ഫലമായി ചരക്ക് നീക്കത്തിന്റെ ചെലവിലുണ്ടാകുന്ന വര്‍ധനയടക്കം കണക്കാക്കുമ്പോള്‍ ഇത് 50 ലക്ഷത്തിലധികം വരുമെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

കഴിഞ്ഞ മാസം 13 നാണ് കൊച്ചി മെട്രോ റെയിലിന്റെ ശിലാസ്ഥാപനം പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് നിര്‍വഹിച്ചത്. തര്‍ക്കം തുടര്‍ന്നാല്‍ ഇപ്പോഴത്തെ എസ്റ്റിമേറ്റില്‍ വന്‍ തോതില്‍ വര്‍ധനയുണ്ടാകുമെന്നും ഇത് പദ്ധതിയ്ക്ക് തന്നെ ഭീഷണിയായി മാറുമെന്നും വിലയിരുത്തപ്പെടുന്നു.

കൊച്ചി മെട്രോ റെയിലിന്റെ നിര്‍മ്മാണ ചുമതല ദല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനെ ഏല്‍പ്പിക്കുന്നതിന് നിയമതടസ്സമില്ലെന്ന് വ്യക്തമാക്കി ഡി.എം.ആര്‍.സി മുന്‍ ചെയര്‍മാന്‍ ഇ.ശ്രീധരന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കും കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷനും ഇന്നലെ കത്ത് നല്‍കിയിട്ടുണ്ട്.

മെട്രോ റെയിലിന്റെ നിര്‍മാണ ചുമതല ആഗോള ടെന്‍ഡര്‍ വിളിക്കാതെ ഡി.എം.ആര്‍.സിക്ക് നല്‍കുന്നതിന് കേന്ദ്ര വിജിലന്‍സ് കമ്മീഷണറുടെ2004 ഡിസംബറിലെ ഉത്തരവ് തടസ്സമാണെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം ഖണ്ഡിച്ചുകൊണ്ടാണ് ശ്രീധരന്റെ കത്ത്.

പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സിയും നിര്‍മാണ ചുമതലയും ഒരു കമ്പനിയെത്തന്നെ ഏല്‍പ്പിക്കാന്‍ പാടില്ലെന്ന സി.വി.സി ഉത്തരവ് കൊച്ചി മെട്രോക്ക് ബാധകമല്ലെന്ന് കാണിച്ചായിരുന്നു കത്ത്.

മെട്രോ റെയിലിന്റെ നടത്തിപ്പ് ഡി.എം.ആര്‍.സിക്ക് കൈമാറാന്‍ 2006 ല്‍ അന്നത്തെ ഇടത് സര്‍ക്കാര്‍ ഔദ്യോഗികമായി തീരുമാനിച്ചതാണ്. നാല് മാസം മുന്‍പ് നടന്ന സമ്പൂര്‍ണ മന്ത്രിസഭാ യോഗത്തിലും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് ഡയരക്ടര്‍ ബോര്‍ഡ് യോഗത്തിലും ഇത് സംബന്ധിച്ച് തീരുമാനം എടുത്തിരുന്നു.

എന്നാല്‍ ഈ തീരുമാനം നടപ്പിലാകുന്നില്ലെന്ന് മാത്രം. ഉദ്യോഗസ്ഥരാണ് ഇതിന് പിന്നിലെന്ന് ഇ.ശ്രീധരന്‍ അടുത്തിടെ കുറ്റപ്പെടുത്തിയിരുന്നു. പദ്ധതിക്ക് അംഗീകാരം കിട്ടുമെന്ന് ഉറപ്പായത് മുതല്‍ ഡി.എം.ആര്‍.സിയെയും ശ്രീധരനെയും ചില മന്ത്രമാരും ഐ.എ.എസ് ലോബിയും നീക്കം തുടങ്ങിയതായും ആരോപണമുണ്ട്.

കൊച്ചി മെട്രോയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഒപ്പുവെയ്‌ക്കേണ്ട ധാരണാപത്രത്തിന്റെ കരട് ഒമ്പത് മാസം മുന്‍പ് ഡി.എം.ആര്‍.സി സര്‍ക്കാരിന് നല്‍കിയിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കുന്ന കാര്യത്തില്‍ ഇതുവരെയും തീരുമാനമുണ്ടായിട്ടില്ല. കരാറിലെ വ്യവസ്ഥകളോട് സര്‍ക്കാരിനും കെ.എം.ആര്‍.എല്ലിനും കടുത്ത വിയോജിപ്പുണ്ടെന്നതാണ് കാരണം.

Advertisement