എഡിറ്റര്‍
എഡിറ്റര്‍
കൊച്ചി മെട്രോ: എം.ഡി സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് ഇ.ശ്രീധരന്‍
എഡിറ്റര്‍
Wednesday 28th November 2012 10:40am

കൊച്ചി: കൊച്ചി മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ട് കെ.എം.ആര്‍.എല്ലിന്റെ എം.ഡി സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറല്ലെന്ന് ഡി.എം.ആര്‍.സി മുന്‍ ചെയര്‍മാന്‍ ഇ.ശ്രീധരന്‍.

കൊച്ചി മെട്രോ നടത്തിപ്പിനായി ഡി.എം.ആര്‍.സി ആഗോള ടെണ്ടര്‍ വിളിക്കുമെന്നും ഇ.ശ്രീധരന്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ജൈക്ക പ്രതിനിധി സംഘം ഇന്ന് കൊച്ചിയിലെത്തും. ഇവരുമായി നാളെ ചര്‍ച്ച നടത്തുമെന്നും ശ്രീധരന്‍ പറഞ്ഞു.

Ads By Google

കെ.എം.ആര്‍.എല്‍ ഉദ്യോഗസ്ഥരുമായി ജൈക്ക നാളെ ചര്‍ച്ച നടത്തും. കൊച്ചി മെട്രോയുടെ സാമ്പത്തികം, നടത്തിപ്പ്, വായ്പാ തിരിച്ചടവ് തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.

കൊച്ചി മെട്രോ റെയില്‍ നിര്‍മാണ പ്രവര്‍ത്തനത്തില്‍ സഹായിക്കാന്‍ ഡി.എം.ആര്‍.സിക്ക് കേന്ദ്ര നഗരവികസനമന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച കേന്ദ്ര നഗരവികസനമന്ത്രി കമല്‍നാഥിന്റെ സാന്നിധ്യത്തില്‍ നടന്ന മന്ത്രിതല ചര്‍ച്ചയുടെ തുടര്‍ച്ചയായിട്ടാണ് ഈ നിര്‍ദേശം.

മന്ത്രാലയത്തിന്റെ ഔദ്യോഗിക നിര്‍ദേശം ഇന്നലെ ചേര്‍ന്ന ഡി.എം.ആര്‍.സി ഡയരക്ടര്‍ ബോര്‍ഡ് യോഗത്തില്‍ അവതരിപ്പിച്ചു. കേന്ദ്ര നഗരവികസന സെക്രട്ടറി സുധീര്‍ കൃഷ്ണയുടെ അധ്യക്ഷതയിലായിരുന്നു യോഗം.

നിര്‍മാണപ്രവര്‍ത്തനമടക്കം കൊച്ചി മെട്രോയില്‍ സാധ്യമായ എല്ലാ സഹായങ്ങളും നല്‍കണമെന്ന് ഡി.എം.ആര്‍.സിക്ക് നിര്‍ദേശം നല്‍കുന്നതാണ് ഉത്തരവെന്ന് നഗരവികസനമന്ത്രാലയം പറഞ്ഞു. ഏതുതരത്തില്‍ കൊച്ചി മെട്രോയെ സഹായിക്കാമെന്നുള്ള വ്യവസ്ഥകള്‍ തയ്യാറാക്കി വരുന്നതേയുള്ളൂ. ഇതിനുള്ള ഉത്തരവാദിത്വം സുധീര്‍കൃഷ്ണയുടെ നേതൃത്വത്തിലുള്ള പ്രത്യേകസമിതിക്കാണ്.

കേരളം, ദല്‍ഹി സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരാണ് സമിതി അംഗങ്ങള്‍. സമിതിക്കുവേണ്ടി കരടുരൂപരേഖ തയ്യാറാക്കുന്നത് ഡി.എം.ആര്‍.സി മാനേജിങ് ഡയരക്ടര്‍ മങ്കു സിങ്ങിന്റെ നേതൃത്വത്തിലാണ്.

Advertisement