ന്യൂദല്‍ഹി: കൊച്ചി മെട്രോയുടെ നിര്‍മ്മാണ ചുമതല ഡി.എം.ആര്‍.സി ഏറ്റെടുക്കാന്‍ ധാരണയായി. കൊച്ചി മെട്രോയ്ക്കുള്ള സാങ്കേതിക സഹായവും മേല്‍നോട്ട ചുമതലയും ഡി.എം.ആര്‍.സി ഏറ്റെടുക്കുമെന്ന് കേന്ദ്ര നഗരവികസന മന്ത്രി കമല്‍നാഥ് വ്യക്തമാക്കി.

കൊച്ചിമെട്രോയുടെ നിര്‍മ്മാണ ചുമതലയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കേന്ദ്ര നഗരവികസന മന്ത്രി കമല്‍നാഥും ദല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പദ്ധതി ഡി.എം.ആര്‍.സി ഏറ്റെടുക്കാനുള്ള തീരുമാനമുണ്ടായത്. പദ്ധതിയില്‍ ഡി.എം.ആര്‍സിയുടെ പങ്ക് നിശ്ചയിക്കാന്‍ മെട്രോ ചെയര്‍മാനുമായ സുധീര്‍ കൃഷ്ണയെ ചുമതലപ്പെടുത്തുകയും ചെയ്തു.[innerad]

കമല്‍നാഥുമായുള്ള ചര്‍ച്ചയില്‍ ഷീല ദീക്ഷിത്, കേന്ദ്രമന്ത്രിമാരായ വയലാര്‍ രവി, കെ.വി.തോമസ്, കേന്ദ്രനഗരവികസ സെക്രട്ടറി, ഡല്‍ഹി ചീഫ് സെക്രട്ടറി എന്നിവരും പങ്കെടുത്തു.

കൊച്ചി മെട്രോ പദ്ധതി ഏറ്റെടുക്കുന്നതില്‍ ഡി.എം.ആര്‍.സിക്ക് തടസമില്ലെന്നും എന്നാല്‍ അവരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയില്‍ വ്യക്തമാക്കിയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേരളത്തിന്റെ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ അവര്‍ക്ക് കഴിഞ്ഞു.

കൊച്ചി മെട്രോ പദ്ധതി ഡി.എം.ആര്‍.സി ഏറ്റെടുക്കുന്നതില്‍ തടസ്സമില്ലെന്നും എന്നാല്‍ പദ്ധതി നടത്തിപ്പ് ദല്‍ഹിയിലെ പ്രവര്‍ത്തനങ്ങളെ യാതൊരു തരത്തിലും ബാധിക്കാതെയാകണമെന്നും ദല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് നേരത്തെ പറഞ്ഞിരുന്നു.