ന്യൂദല്‍ഹി: കൊച്ചി മെട്രോ പദ്ധതി നടപ്പാക്കുന്നതിനായി കേരളം സമര്‍പ്പിച്ച പുതുക്കിയ പദ്ധതി രേഖ കേന്ദ്ര നഗരവികസന മന്ത്രാലയം അംഗീകരിച്ചു. കേന്ദ്രസംസ്ഥാന പങ്കാളിത്തത്തോടെ നാലു വര്‍ഷം കൊണ്ട് 5,146 കോടി രൂപ ചെലവില്‍ പദ്ധതി പൂര്‍ത്തിയാക്കാനാണു ലക്ഷ്യമിടുന്നത്. കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിക്കുന്നതിനു സമര്‍പ്പിക്കാനായി കുറിപ്പും തയാറാക്കിയിട്ടുണ്ട്.

കൊച്ചി മെട്രോ റയില്‍ കമ്പനി സ്‌പെഷല്‍ ഓഫിസര്‍ ടോം ജോസാണു നഗരവികസന സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നഗരവികസന മന്ത്രാലയത്തിലെ ഉന്നതോദ്യോഗസ്ഥര്‍ക്കു മുന്നില്‍ പുതുക്കിയ പദ്ധതിരേഖ അവതരിപ്പിച്ചത്. കേരളം സമര്‍പ്പിച്ച പദ്ധതി രേഖ പ്രകാരം 23 സ്‌റ്റേഷനുകളും 25 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മെട്രോ പാത നിര്‍മ്മിക്കാനാണു ലക്ഷ്യമിടുന്നത്. തുടക്കത്തില്‍ മൂന്നു ബോഗികള്‍ വീതമുള്ള 22 ട്രെയിനുകളായിരിക്കും സര്‍വീസ് നടത്തുക.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ 40% വിഹിതം തുല്യമായി പങ്കിടും. ബാക്കി വിദേശ വായ്പാസഹായമായി സമാഹരിക്കും. ജപ്പാന്‍ വായ്പയ്ക്കാണു മുന്‍ഗണന. പദ്ധതിക്കു മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചാല്‍ ഇതിനു ശ്രമിക്കാം. പദ്ധതി നാലുവര്‍ഷം കൊണ്ട് 2016ഓടെ പൂര്‍ത്തിയാക്കാനാണു ശ്രമം. പൊതു, സ്വകാര്യ പങ്കാളിത്തം എന്തുകൊണ്ട് അംഗീകരിക്കാനാവില്ല, ചെന്നൈ മോഡല്‍ കേരളത്തിനും അനുയോജ്യമാകുന്നതെങ്ങനെ തുടങ്ങിയ വിശദീകരണങ്ങളും സംസ്ഥാനം നല്‍കിയിട്ടുണ്ട്.

മന്ത്രിസഭയുടെ അംഗീകാരം വേണ്ട പദ്ധതികളിലെല്ലാം വിവിധ മന്ത്രാലയങ്ങളുടെ അഭിപ്രായം തേടേണ്ടതുണ്ട്. ഇതിനുവേണ്ടി പദ്ധതി വിശദാംശങ്ങളടങ്ങിയ കുറിപ്പാണു നഗരവികസന മന്ത്രാലയം തയാറാക്കിയിരിക്കുന്നത്. ഒരു മാസം കൊണ്ട് കേന്ദ്രാനുമതി അനുമതി ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങിനെയെങ്കില്‍ കേന്ദ്രാനുമതിക്ക് വിധേയമായി അടുത്ത വര്‍ഷാവസാനത്തോടെ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം പകരാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.