എഡിറ്റര്‍
എഡിറ്റര്‍
കൊച്ചി മെട്രോ: ആന്റണിയും കേന്ദ്രമന്ത്രിമാരും കമല്‍നാഥുമായി ചര്‍ച്ച നടത്തി
എഡിറ്റര്‍
Saturday 10th November 2012 12:08am

ന്യൂദല്‍ഹി: കൊച്ചി മെട്രോ പദ്ധതി ഡി.എം.ആര്‍.സി.യെ ഏല്‍പ്പിക്കുന്നതിനുള്ള തടസ്സം നീക്കാന്‍ പ്രതിരോധമന്ത്രി എ.കെ. ആന്റണിയും കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാരും ഇന്നലെ കേന്ദ്ര നഗരവികസനമന്ത്രി കമല്‍നാഥുമായി പ്രാഥമിക ചര്‍ച്ച നടത്തി.

പ്രവാസികാര്യമന്ത്രി വയലാര്‍ രവി, ഭക്ഷ്യപൊതുവിതരണ സഹമന്ത്രി പ്രൊഫ. കെ.വി.തോമസ് എന്നിവരും ആന്റണിക്കൊപ്പമുണ്ടായിരുന്നു. കൊച്ചി മെട്രോ നിര്‍മാണം ഡി.എം.ആര്‍.സി.യെ ഏല്‍പ്പിക്കണമെന്ന് മന്ത്രിമാര്‍ കമല്‍നാഥിനോട് ആവശ്യപ്പെട്ടു. എന്നാല്‍, പദ്ധതി ഏറ്റെടുക്കുന്നതിലെ ചില പ്രായോഗിക ബുദ്ധിമുട്ടുകള്‍ അദ്ദേഹം വിവരിച്ചു.

Ads By Google

ഹരിയാനയിലെ സൂരജ്കുണ്ഡില്‍ കോണ്‍ഗ്രസ് ചര്‍ച്ചാ സമ്മേളനം നടക്കുന്നതിനിടയിലായിരുന്നു ഈ കൂടിക്കാഴ്ച. അടുത്തയാഴ്ചയോടെ നടക്കുന്ന ഉന്നതതല യോഗത്തില്‍ കൊച്ചി മെട്രോ ഡി.എം.ആര്‍.സി.യെ ഏല്‍പ്പിക്കുന്നത് സംബന്ധിച്ച് ധാരണയുണ്ടാകും.

ഹരിയാനയിലേക്കുള്ള മെട്രോ പാതയുടെയും നിര്‍മാണച്ചുമതല ഡി.എം.ആര്‍.സി.ക്കാണ്. ഡി.എം.ആര്‍.സി. ഡല്‍ഹി സര്‍ക്കാറിന്റെ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്നതായതിനാല്‍ സംസ്ഥാനത്തിന്റെ പണം മറ്റു പദ്ധതികള്‍ക്ക് വിനിയോഗിക്കേണ്ടി വരുമോയെന്നുള്ള ആശങ്കയും കമല്‍നാഥ് പങ്കുവെച്ചു.

എന്നാല്‍, കൊച്ചി മെട്രോ പദ്ധതി ഡി.എം.ആര്‍.സി. തന്നെ ഏറ്റെടുക്കണമെന്നാണ് കേരളത്തിന്റെ പൊതുവികാരമെന്ന് ആന്റണിയും സംഘവും അറിയിച്ചു. കേരളത്തിലെ കോണ്‍ഗ്രസ്സിനും ഇതേ അഭിപ്രായമാണുള്ളതെന്നും അവര്‍ വ്യക്തമാക്കി.

ഇ. ശ്രീധരന്റെ സേവനം ഉപയോഗപ്പെടുത്തി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന് (കെ.എം.ആര്‍.എല്‍.) സ്വന്തം നിലയില്‍ പദ്ധതി നടപ്പാക്കിക്കൂടേയെന്നും കമല്‍നാഥ് ചോദിച്ചു.

അങ്ങനെയെങ്കില്‍ എ.കെ. ആന്റണിയുടെ നേതൃത്വത്തില്‍ ഒരു യോഗം വിളിച്ചാല്‍ താന്‍ പങ്കെടുക്കാമെന്നും അപ്പോള്‍ ചര്‍ച്ചചെയ്തു തീരുമാനമെടുക്കാമെന്നും കമല്‍നാഥ് വ്യക്തമാക്കി.

നവംബര്‍ 17ന് ഡി.എം.ആര്‍.സി. ഡയറക്ടര്‍ ബോര്‍ഡ് യോഗം നിശ്ചയിച്ചിട്ടുള്ളതിനാല്‍ അതിനുമുമ്പായി ഉന്നതതലയോഗം ചേര്‍ന്ന് തീരുമാനമുണ്ടാവാനാണ് സാധ്യത. പദ്ധതി ഡി.എം.ആര്‍.സി.യെ ഏല്‍പ്പിക്കുന്നതിന് ഡല്‍ഹി സര്‍ക്കാര്‍ സമ്മതമറിയിച്ചെങ്കിലും കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെ എതിര്‍പ്പ് തുടരുകയായിരുന്നു.

Advertisement