തിരുവനന്തപുരം: കോച്ചി ഐ പി എല്‍ ടീമിന്റെ ഉടമകളുമായി തിരുവനന്തപുരം എം പി ശശി തരൂര്‍ ഇന്ന് നടത്താനിരുന്ന ചര്‍ച്ച മാറ്റിവച്ചു. ബി സി സി ഐയുടെ കാരണംകാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാന്‍ ഇനിയും രണ്ടുദിവസം ബാക്കിയുണ്ടെന്നതിനാലാണ് ചര്‍ച്ച മാറ്റിവയ്ക്കുന്നതെന്നാണ് സൂചന.

കൊച്ചി ഐ പി എല്‍ ടീമിന്റെയും ഉടമകളുടെ സ്വത്തുവിവരങ്ങള്‍ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ബി സി സി ഐ നോട്ടീസയച്ചത്. കൊച്ചി ടീമിന്റെ രജിസ്‌ട്രേഷന്‍ കമ്പനി നിയമപ്രകാരമല്ലെന്നാണ് ബി സി സി ഐയുടെ ആരോപണം. തുടര്‍ന്ന് തര്‍ക്കം പരിഹരിക്കാന്‍ ഏഴാംതീയതി കേരള ക്രിക്കറ്റ് അസോസിയേഷന്‍ ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

ഓഹരിയുടമകള്‍ തമ്മിലുണ്ടായ അഭിപ്രായവ്യത്യാസമാണ് തര്‍ക്കത്തിന് കാരണമായത്. വിവാദത്തെ തുടര്‍ന്ന് സുനന്ദ പുഷ്‌ക്കര്‍ തിരിച്ചുനല്‍കിയ ഓഹരികള്‍ റെന്‍ഡിവൂ കണ്‍സോഷ്യത്തിനു പുറത്തുനിന്നുള്ളവര്‍ സ്വീകരിക്കരുതെന്നാണ് മറ്റ് ഓഹരിയുടമകളുടെ വാദം.