മുംബൈ: കൊച്ചി ഐ പി എല്ലുമായി നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ചതായി സൂചന. കൊച്ചി ടീം ഇനിമുതല്‍ കൊച്ചി ക്രിക്കറ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലറിയപ്പെടുമെന്നും കണ്‍സോഷ്യം വ്യക്തമാക്കിയിട്ടുണ്ട്. ഓഹരിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിച്ചുവെന്നുകാണിച്ച് റെന്‍ഡ്യൂവസ് കണ്‍സോഷ്യം ഐ പി എല്‍ ഭരണസമിതിക്ക് കത്തുനല്‍കിയിട്ടുണ്ട്.

കൊച്ചി ടീമുമായി നിലനിന്നിരുന്ന ഓഹരിപ്രശ്‌നം പരിഹരിച്ചതായാണ് സൂചന. ഗെയ്‌ക്കെവാദ് കുടുംബത്തിന് ടീമിലുള്ള അധ്വാന ഓഹരി 26 ശതമാനമായിരുന്നു. ഇത് 10 ശതമാനമായി കുറച്ചുവെന്നാണ് റെന്‍ഡ്യൂവസ് കണ്‍സോഷ്യം ഭരണസമിതിയെ അറിയിച്ചിരിക്കുന്നത്. അതിനിടെ കൊച്ചി ഐ പി എല്‍ ടീമിന്റെ ഭാവിയെക്കുറിച്ച് ഞായറാഴ്ച്ച ചേരുന്ന ബി സി സി ഐ യോഗം അന്തിമതീരുമാനമെടുക്കും.

ടീമിന്റെ ഓഹരിഉടമകളെക്കുറിച്ച് വ്യക്തമായ റിപ്പോര്‍ട്ട് നല്‍കണമെന്നാവശ്യപ്പെട്ട് ഒരുമാസം മുമ്പ് ബി സി സി ഐ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെയായി ടീമിന്റെ രജിസട്രേഷന്‍ നടത്താനോ ടീമിന്റെ ഉടമകളുമായി ധാരണയിലെത്താനോ കഴിഞ്ഞിരുന്നില്ല. 26 % ഓഹരിയുള്ള ഗെയ്‌ക്കെവാദ് കുടുംബത്തിന്റെ കടുംപിടുത്തമാണ് ടീമിന് വിനയായത്.

ഗെയ്‌ക്കെവാദ് കുടുംബത്തിന്റെ ഓഹരി 10 ശതമാനമാക്കി കുറക്കണമെന്ന് മറ്റ് ഓഹരി ഉടമകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് അവര്‍ തയ്യാറായില്ല. ഒടുവില്‍ പ്രശ്‌നം പരിഹരിക്കാനായി തിരുവനന്തപുരം എം പി ശശി തരൂര്‍ നേരിട്ട് ഇടപെട്ടുവെങ്കിലും ഒത്തുതീര്‍പ്പിലെത്താന്‍ കഴിഞ്ഞിരുന്നില്ല.