കൊച്ചി: കൊച്ചി ഐ പി എല്‍ ടീമിന് ബി സി സി ഐ നോട്ടീസ് അയച്ചതുമൂലമുണ്ടായ അനിശ്ചിതത്വം തീര്‍ക്കാന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഇടപെടുന്നു. ഏഴാംതീയതി കൊച്ചി ടീമിന്റെ ഉടമകളായ റെന്‍ഡ്യൂവസിന്റെ ഓഹരി ഉടമകളുമായി ചര്‍ച്ച നടത്തുമെന്ന് കെ സി എ സെക്രട്ടറി ടി സി മാത്യൂ വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസുമായി സംസാരിക്കുകയായിരുന്നു മാത്യ. അതിനിടെ തിരുവനന്തപുരം എം പി ശശി തരൂരിന്റെ നേതൃത്വത്തില്‍ നാളെ ചര്‍ച്ചനടക്കുമെന്നും സൂചനയുണ്ട്.

ഓഹരിയുടമകളുടെ ഇടയിലുണ്ടായ അഭിപ്രായവ്യത്യാസമാണ് തര്‍ക്കത്തിന് കാരണമായത്. സുനന്ദപുഷ്‌ക്കര്‍ തിരിച്ചുനല്‍കിയ ഓഹരികള്‍ കണ്‍സോഷ്യത്തിനു പുറത്തുനിന്നുള്ളവര്‍ സ്വീകരിക്കരുതെന്നാണ് മറ്റ് ഓഹരിയുടമകളുടെ വാദം . ടീം ഉടമകളുടെ ഓഹരികളെക്കുറിച്ച് വ്യക്തമായ രേഖകള്‍ സമര്‍പ്പിക്കണമെന്ന് ബി സി സി ഐ നേരത്തേ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ സാധിക്കാത്തതിനെത്തുടര്‍ന്ന് കഴിഞ്ഞയാഴ്ച്ച ബി സി സി ഐ ടീമിന് അന്തിമനോട്ടീസ് നല്‍കുകയായിരുന്നു.

കൊച്ചി ടീമിന്റെ രജിസ്‌ട്രേഷന്‍ കമ്പനി നിയമപ്രകാരമല്ലെന്ന് ബി സി സി ഐ ആരോപിച്ചിട്ടുണ്ട്. ഓഹരിയുടമകളെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ നല്‍കിയിട്ടില്ലെങ്കില്‍ വരുന്ന ഐ പി എല്‍ സീസണില്‍ ടീമിന് കളിക്കാന്‍ സാധിച്ചേക്കില്ലെന്നാണ് സൂചന.