കൊച്ചി: കൊച്ചി ഐ പി എല്‍ ടീമുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തീര്‍ന്നിട്ടില്ലെന്ന് റെന്‍ഡീവൂ കണ്‍സോഷ്യത്തിന്റെ വിയര്‍പ്പ് ഓഹരി ഉടമയായ സത്യജിത് ഗെയ്‌ക്കെവാദ് പറഞ്ഞു. വിയര്‍പ്പ് ഓഹരി കുറയ്ക്കാന്‍ തയ്യാറായി എന്നുള്ള റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്നും ഗെയ്ക്കവാദ് വ്യക്തമാക്കി. അതിനിടെ ബി സി സി ഐയുടെ കാരണംകാണിക്കല്‍ നോട്ടീസ് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ടീം ഉടമകള്‍ തമ്മില്‍ ചര്‍ച്ച നടത്തി നിര്‍ണായക ധാരണാപത്രത്തില്‍ ഒപ്പുവച്ചിട്ടുണ്ട്.

റെന്‍ഡിവൂ സ്‌പോര്‍ട്‌സ് വേള്‍ഡിന്റെ അധ്വാന ഓഹരി 25 ശതമാനത്തില്‍ നിന്നും 10 ശതമാനമാക്കി കുറയ്ക്കാന്‍ ചര്‍ച്ചയില്‍ ധാരണയായതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഗെയ്‌ക്കെവാദ് കുടുംബത്തിന്റേതാണ് വിയര്‍പ്പ് ഓഹരി.ധാരണാപത്രത്തിലെ വിശദാംശങ്ങള്‍ അടുത്തയാഴ്ച്ച ബി സി സി ഐക്ക് സമര്‍പ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ടീംഉടമകളുടെ ഓഹരിയെക്കുറിച്ചും സ്വത്തുവകകളെക്കുറിച്ചും വ്യക്തമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു കത്തയച്ചത്. കൊച്ചി ടീമിന്റെ രജിസട്രേഷന്‍ കമ്പനി നിയമപ്രകാരമല്ലെന്നും ബി സി സി ഐ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ശശി തരൂരിന്റെ നേതൃത്വത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമം നടന്നു. കാരണംകാണിക്കല്‍ നോട്ടീസിന് 10 ദിവസത്തിനുളിളില്‍ മറുപടി നല്‍കിയില്ലെങ്കില്‍ ടീമിന്റെ നിലനില്‍പ്പുതന്നെ വെള്ളത്തിലാകുമെന്ന അവസ്ഥയിലെത്തിയപ്പോഴാണ് മീറ്റിംഗ് നടന്നതും നിര്‍ണായക തീരുമാന്ങ്ങളെടുത്തതും.