കൊച്ചി: കൊച്ചി പഴയ കൊച്ചിയേ അല്ല, താരങ്ങള്‍ പഴയ താരങ്ങളും. ബാറ്റ്‌സ്മാന്‍മാര്‍ക്ക് അടിച്ചുതകര്‍ക്കാന്‍ മാത്രമുള്ളതാണ് ഐ.പി.എല്‍ എന്ന വാദങ്ങള്‍ മാറ്റിയെഴുതി കൊല്‍ക്കത്തയെ കൊച്ചിയുടെ കൊമ്പന്‍മാര്‍ വീഴ്ത്തി. മികച്ച ബൗളിംഗിന്റെ പിന്‍ബലത്തിലാണ് കൊച്ചി എന്നെന്നും ഓര്‍ക്കാവുന്ന ജയം നേടിയത്.

ആദ്യം ബാറ്റുചെയ്ത കൊമ്പന്‍മാര്‍ നേടിയത് 156 റണ്‍സ്. മക്കുല്ലം പെട്ടെന്നു തന്നെ മടങ്ങിയതോടെ അവസാന ഹോംമാച്ച് മല്‍സരം കാണാനെത്തിയവര്‍ നിരാശയിലായി. എന്നാല്‍ ക്യാപ്റ്റന്‍ ജയവര്‍ധനെയും (55), ബ്രാഡ് ഹോഡ്ജും (35) നടത്തിയ കടന്നാക്രമണത്തില്‍ കൊച്ചി മാന്യമായ സ്‌കോര്‍ പടുത്തുയര്‍ത്തി.

ഗോമസും പ്രശാന്തും ശ്രീശാന്തും
156 എന്ന ലക്ഷ്യം കൊല്‍ക്കത്തയെ സംബന്ധിച്ചിടത്തോളം ഒന്നും അല്ലായിരുന്നു. പ്രതീക്ഷിച്ചപോലെതന്നെ അവര്‍ തുടങ്ങുകയും ചെയ്തു. എന്നാല്‍ പത്താമത്തെ ഓവറില്‍ റൈഫിയുടെ ബൗളിംഗില്‍ കാലിസ് പുറത്തായതോടെ കളിയുടെ ഗതിമാറുകയായിരുന്നു. തൊട്ടടുത്ത പന്തില്‍ ഗംഭീറും പോയതോടെ കൊല്‍ക്കത്ത വരാനിരിക്കുന്ന അപകടം തിരിച്ചറിഞ്ഞു.

തുടര്‍ന്ന് പരമേശ്വരന്റെ ഊഴമായിരുന്നു. നാലോവറില്‍ വിക്കറ്റൊന്നും നേടാനായില്ലെങ്കിലും വെറും 21 റണ്‍സ് മാത്രമാണ് പ്രശാന്ത് നല്‍കിയത്. ശ്രീശാന്തും മികച്ചു നിന്നു. ആര്‍.പി സിംഗും വിനയ് കുമാറും പ്രതീക്ഷത്തൊക്ക് ഉയര്‍ന്നതോടെ കളി കൊച്ചിയുടെ കൈയ്യിലായി. അവസാന ഓവറില്‍ ആഞ്ഞടിച്ച് സ്‌കോര്‍ ഉയര്‍ത്താന്‍ സഹായിച്ച ഹോഡ്ജ് ആണ് കളിയിലെ താരം.

ഇതോടെ കൊല്‍ക്കത്തക്കെതിരേ കൊച്ചിയുടെ അശ്വമേധം സമ്പൂര്‍ണമായി. ആദ്യം അവരുടെ നാട്ടില്‍ച്ചെന്നും പിന്നീട് കൊച്ചിയില്‍ വിളിച്ചുവരുത്തിയും ഷാരൂഖ് ഖാന്റെ ടീമിനെ കൊമ്പന്‍മാര്‍ ചാക്കിലാക്കി.