Categories

സി.ഇ.ഒ നിയമനം: ക്രമക്കേട് സംശയിക്കുന്നതായി കോടതി

കൊച്ചി:വി.എസ് ഭരണകാലത്ത് കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ സി.ഇ.ഒയെ നിയമിച്ചതില്‍ ക്രമക്കേട് നടന്നുവെന്നു സംശയിക്കുന്നതായി വിജിലന്‍സ് കോടതി. നിയമനത്തില്‍ അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയായിരുന്നു കോടതിയുടെ നിരീക്ഷണം. കേസില്‍ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ പരാതിക്കാരനോടു കോടതി നിര്‍ദേശിച്ചു.

അപേക്ഷ ഒരു ദിവസം വൈകിയെന്ന് ആരോപിച്ച് ഒന്നാം റാങ്കുകാരനായ കിഷോര്‍പിള്ളയെ അവസാനനിമിഷം ഒഴിവാക്കി രണ്ടാംസ്ഥാനക്കാരനും മുന്‍ എംപി സെബാസ്റ്റിയന്‍ പോളിന്റെ ബന്ധുവുമായ ജിജോ ജോസഫിനെ വിഎസ് സി.ഇ.ഒ ആയി നിയമിച്ചുവെന്നാണ് പരാതി.

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നടന്ന ഇന്‍ഫോ പാര്‍ക്ക് സി.ഇ.ഒ നിയമനം മാനദണ്ഡങ്ങള്‍ മറികടന്നാണെന്ന് ചൂണ്ടിക്കാട്ടി പൊതു പ്രവര്‍ത്തകനായ ജോര്‍ജ് വട്ടുകുളമാണ് കോടതിയെ സമീപിച്ചത്.

എന്നാല്‍ ഇന്‍ഫോ പാര്‍ക്ക് സി.ഇ.ഒ നിയമനം ഇന്‍ഫോ പാര്‍ക്കിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറായി തന്റെ ബന്ധു ജിജോ ജോസഫിനെ നിയമിക്കാന്‍ ഇടപെടലോ ശുപാര്‍ശയോ  നടത്തിയിട്ടില്ലെന്ന് മുന്‍ എം.പി സെബാസ്റ്റ്യന്‍ പോള്‍ വ്യക്തമാക്കിയിരുന്നു.

ഐ.ടി മേഖലയില്‍ ഉയര്‍ന്ന  വിദ്യാഭ്യാസ യോഗ്യതയും  പ്രവൃത്തിപരിചയവുമുള്ളയാളാണ് ജിജോയെന്നും പരസ്യം കണ്ട്  അപേക്ഷ നല്‍കി നടപടി പ്രക്രിയയില്‍ പങ്കെടുത്താണ് നിയമനം നേടിയതെന്നും. അതിനപ്പുറം ഒരു കാര്യവും തനിക്കറിയില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം.കൊച്ചി ഇന്‍ഫോ പാര്‍ക്ക് സി.ഇ.ഒ.യുടെ നിയമനത്തില്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദന്‍ അനധികൃതമായി ഇടപെട്ടുവെന്ന് ഗവ. ചീവ് വിപ്പ് പി.സി.ജോര്‍ജ് ആരോപിച്ചിരുന്നു.

Malayalam News

Kerala News In English