കൊച്ചി: തദ്ദേശതിരഞ്ഞെടുപ്പില്‍ വന്‍വിജയം നേടിയെങ്കിലും യു ഡി എഫ് നേതാക്കള്‍ നടത്തുന്ന ആരോപണ-പ്രത്യാരോപണങ്ങള്‍ പാര്‍ട്ടിക്ക് വിനയാകുന്നു. ജില്ലയില്‍ തന്റെ പരാജയത്തിനുകാരണം കെ പി സി സി ജനറല്‍ സെക്രട്ടറി എന്‍ വേണുഗോപാലാണെന്ന് ആരോപിച്ച് പ്രതിപക്ഷനേതാവായിരുന്ന എ ബി സാബൂ രംഗത്തെത്തി. ഇത് സംബന്ധിച്ച് സംസ്ഥാന നേതൃത്വത്തിന് സാബു പരാതി നല്‍കിയിട്ടുണ്ട്.

ഐലന്‍ഡ് നോര്‍ത്ത് ഡിവിഷനില്‍ നിന്നായിരുന്നു സാബു മല്‍സരിച്ചത്. തനിക്കെതിരേ സ്വതന്ത്രസ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കിയത് വേണുഗോപാലാണെന്നാണ് സാബു ആരോപിക്കുന്നത്. സാമ്പത്തിക പിന്തുണയുള്‍പ്പടെ എല്ലാ സഹായങ്ങളും വേണുഗോപാല്‍ ഇയാള്‍ക്ക് നല്‍കിയിരുന്നതായും സാബു ആരോപിച്ചു. കൊച്ചിയില്‍ ചരിത്രവിജയം നേടിയപ്പോഴും പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാണിച്ചിരുന്ന സാബുവിന്റെ പരാജയം യു ഡി എഫിനെ ഞെട്ടിച്ചിട്ടുണ്ട്.