എഡിറ്റര്‍
എഡിറ്റര്‍
രജനീകാന്തിനൊപ്പമുള്ള അഭിനയത്തില്‍ നിന്നും ഏറെ പഠിച്ചു: ദീപിക പദുകോണ്‍
എഡിറ്റര്‍
Thursday 1st November 2012 1:05pm

തമിഴ്‌സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിനൊപ്പമുള്ള അഭിനയം തന്റെ ജീവിതത്തിലെ അവിസ്മരണീയമായ ചില മുഹൂര്‍ത്തങ്ങളില്‍ ഒന്നായിരുന്നെന്ന് ബോളിവുഡ് സ്റ്റാര്‍ ദീപിക പദുകോണ്‍.

കൊച്ചടിയാന്‍ എന്ന ചിത്രത്തില്‍ രജനീകാന്തിനൊപ്പം അഭിനയിക്കാന്‍ സാധിച്ചതില്‍ സന്തോഷവതിയാണെന്നും അദ്ദേഹത്തിന്റെ സിനിമയോടുള്ള അര്‍പ്പണബോധവും ആവേശവും തനിയ്ക്ക് ഏറെ പ്രചോദനം നല്‍കിയെന്നും ദീപിക പറഞ്ഞു.

Ads By Google

‘അദ്ദേഹത്തിന്റെ അഭിനയത്തിന്റെ ചില ടെക്‌നിക്കുകള്‍ നേരിട്ട് കണ്ട് മനസിലാക്കാന്‍ സാധിച്ചു. അദ്ദേഹത്തിന് സിനിമയോടുള്ള ആവേശം അദ്ദേഹത്തില്‍ കണ്ണുകളില്‍ തന്നെ കാണാം. ഷൂട്ടിങ് സെറ്റില്‍ രജനീകാന്ത് എത്തിക്കഴിഞ്ഞാല്‍ എല്ലാവര്‍ക്കും വല്ലാത്തൊരു എനര്‍ജിയാണ്. ഒരു പോസിറ്റീവ് എനര്‍ജി അദ്ദേഹത്തിന് ചുറ്റും ഉണ്ടെന്ന് തോന്നിയിട്ടുണ്ട്.

ഇത്രയേറെ പ്രായമായിട്ടും പല അസുഖങ്ങള്‍ അലട്ടിയിട്ടും അതൊന്നും അദ്ദേഹത്തിന്റെ അഭിനയ മികവിനെ ഒരു തരത്തിലും ബാധിച്ചിട്ടില്ല. കൊച്ചടിയാന്‍ എന്ന ചിത്രത്തില്‍ പുതിയ ചില ടെക്‌നിക്കുകള്‍ ഉപയോഗിച്ചിട്ടുണ്ട്. എന്നെ സംബന്ധിച്ച് വളരെ പുതുമയുള്ള അനുഭവമാണ് കൊച്ചടിയാന്‍ എന്ന ചിത്രത്തില്‍ നിന്നും ലഭിച്ചത്.

ചിത്രത്തില്‍ എന്റെ കഥാപാത്രത്തിന് ശബ്ദം കൊടുത്തിരിക്കുന്നത് ഞാന്‍ തന്നെയാണ്. തമിഴ് ഭാഷ വശമില്ലെങ്കിലും കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി ആ ദൗത്യം ഏറ്റെടുക്കുകയായിരുന്നു’- ദീപിക പറഞ്ഞു.

അസുഖത്തെ തുടര്‍ന്ന് കുറച്ചുനാളായി സിനിമാ രംഗത്തുനിന്നും മാറി നിന്ന രജനീകാന്തിന്റെ തിരിച്ചുവരവ് കൂടിയാണ് കൊച്ചടിയാന്‍. അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷത്തോടെ സിനിമയ്ക്ക് ഇടവേള നല്‍കിയ രജനീകാന്ത് സിങ്കപ്പൂരില്‍ ചികിത്സയിലായിരുന്നു.

മകള്‍ സൗന്ദര്യയുടെ ആദ്യ സംവിധാന ദൗത്യം കൂടിയാണ് ചിത്രം. ഹിന്ദി,മലയാളം,ജപ്പാനീസ്,തെലുങ്ക് തുടങ്ങിയ ഭാഷകളിലും കൊച്ചടിയാന്‍ റിലീസ് ചെയ്യുന്നുണ്ട്.

Advertisement