മാഞ്ചസ്റ്റര്‍: ബാര്‍സലോണയുമായുള്ള ചാമ്പ്യന്‍സ് ലീഗ് ഫൈനലിനു മുമ്പേ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ പ്രസ്താവനയുമായി രംഗത്തെത്തി. ബാര്‍സയുടെ മുന്നേറ്റതാരം ലേണല്‍ മെസ്സിയെ എങ്ങിനെയാണ് തളയ്‌ക്കേണ്ടത് എന്നത് തങ്ങള്‍ക്ക് വ്യക്തമായിട്ടറിയാമെന്നാണ് പരിശീലകനായ ഫെര്‍ഗൂസന്‍ വ്യക്തമാക്കിയിരിക്കുന്നത്.

ബാര്‍സലോണയുമായി നിരവധി മല്‍സരങ്ങള്‍ ടീം കളിച്ചിട്ടുണ്ട്. മെസ്സിയുടെ പ്രകടനം കുറേ കണ്ടതുമാണ്. ഏതു മികച്ച താരത്തിനും ചില ദൗര്‍ബ്ബല്യങ്ങളുണ്ടാകും. മെസ്സിയുടെ ദൗര്‍ബല്യമെന്താണെന്ന് തങ്ങള്‍ക്കറിയാമെന്നും യുണൈറ്റഡ് ഡിഫന്‍ഡര്‍മാര്‍ മെസ്സിയെ പൂട്ടുമെന്നും ഫെര്‍ഗൂസന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഇരുടീമുകളും കരുത്തരാണെന്നും എതെങ്കിലും ടീമിന് മുന്‍തൂക്കം അവകാശപ്പെടാനാകില്ലെന്നും യുണൈറ്റഡ് പരിശീലകന്‍ വ്യക്തമാക്കി. 2009 ഫൈനല്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്നും ഫെര്‍ഗൂസന്‍ പറഞ്ഞിട്ടുണ്ട്.

2009ലെ ചാമ്പ്യന്‍സ് ലീഗ് കലാശപ്പോരാട്ടത്തില്‍ ഏതിരില്ലാത്ത രണ്ടുഗോളുകള്‍ക്കായിരുന്നു ബാര്‍സ മാഞ്ചസ്റ്ററിനെ തകര്‍ത്തത്. അന്ന് മെസ്സിയായിരുന്നു ബാര്‍സയ്ക്കായി മികച്ച പ്രകടനം നടത്തിയത്.