തിരുവനന്തപുരം: ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടം നടത്താന്‍ നോക്കുമ്പോലെ കേരളത്തിലെ പ്രശ്‌നങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടേണ്ടെന്ന് കെ.മുരളീധരന്‍ എം.എല്‍.എ. അക്രമം അവസാനിപ്പിക്കാന്‍ സി.പി.എമ്മും ബി.ജെ.പിയും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കേരളത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകുമെന്ന് അഭ്യുഹമുയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് മുരളീധരന്റെ പ്രസ്താവന.

ഇതിനിടെ തലസ്ഥാനത്തെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനേയും ഡി.ജി.പി ലോക് നാഥ് ബെഹ്‌റയേയും ഗവര്‍ണര്‍ വിളിച്ചു രാജ്ഭവനിലേക്ക് വിളിച്ചുവരുത്തി. അരമണിക്കൂര്‍ നീണ്ടു നിന്ന കൂടിക്കാഴ്ച്ചയില്‍ കുറ്റവാളികള്‍ക്കു നേരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന നിലപാട് മുഖ്യമന്ത്രി അറിയിച്ചു. ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം തന്നെയാണ് ട്വിറ്ററിലൂടെ കൂടിക്കാഴ്ച്ചയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ അറിയിച്ചത്.


Also Read ഔഷധനിര്‍മ്മാണത്തിന് കഞ്ചാവ് നിയമവിധേയമാക്കണമെന്ന് മനേകാ ഗാന്ധി


കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി നിരന്തരം സംഘര്‍ഷാവസ്ഥ നിലനിന്നിരുന്ന തലസ്ഥാനത്ത് നിരോധനാജ്ഞ പുറപ്പടിച്ചിരുന്നു. ഇതിനിടെയാണ്
ശനിയാഴ്ച രാത്രി ഒന്‍പത് മണിയോടെ ബൈക്കിലും ഓട്ടോയിലുമായി എത്തിയ സംഘം രാജേഷിന്റെ കൈ വെട്ടിമാറ്റിയത്. ഇടതുകൈ വെട്ടിമാറ്റിയ നിലയിലും രാജേഷിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു പിന്നീട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഇദ്ദേഹം മരണപ്പെടുകയായിരുന്നു.