Administrator
Administrator
ഡാറ്റാ സെന്റര്‍ വിവാദം: കെ.എം ഷാജഹാന്റെ പ്രതികരണം
Administrator
Saturday 3rd March 2012 4:25am

പ്രതികരണം/കെ.എം ഷാജഹാന്‍

‘ ഷാജഹാന്‍, പി.സി ജോര്‍ജ്ജ്, മനോരമ കൂട്ടുകെട്ടിന് സി.ബി.ഐയെ പറ്റിക്കാനാവുമോ?’, ഫെബ്രുവരി 27, 2012ന് ഡൂള്‍ന്യൂസില്‍ പ്രത്യക്ഷപ്പെട്ട വാര്‍ത്തയുടെ തലക്കെട്ട് ഇങ്ങനെ പറയുന്നു. ഈ വാര്‍ത്തയില്‍ എന്നെക്കുറിച്ച് പരാമര്‍ശിച്ച കാര്യങ്ങള്‍ പൂര്‍ണ്ണമായും തെറ്റാണെന്നും, അതിലുപരി ആ് വാര്‍ത്ത തന്നെ അബദ്ധമാണെന്നും ചൂണ്ടിക്കാട്ടാനാണ് ഈ കുറിപ്പ്.

ആ വാര്‍ത്തയില്‍ ഇപ്രകാരം പറയുന്നു: ‘ തീര്‍ന്നില്ല ടെന്റര്‍ സമയം കഴിഞ്ഞാണ് സിഡാക്കും കെല്‍ട്രോണും ടെന്റര്‍ എത്തിച്ചതെന്ന് പറയപ്പെടുന്നു. അപ്പോള്‍ വൈകിയെത്തിയവര്‍ക്ക് ടെന്റര്‍ നിരസിച്ച നിയമാനുസൃത നടപടിയാണോ കുറ്റം? ആരായിരുന്നു അന്ന സി-ഡിറ്റിന്റെ ചുമതലയില്‍ എന്നന്വേഷിച്ചാല്‍ ഈ വിവാദത്തിന് തിരികൊളുത്തിയ കെ.എം ഷാജഹാന്‍ എന്ന വിവരമാണ് ലഭിക്കുക. എന്തിനായിരിക്കും വി.എസിന്റെ പഴയ തോഴനും ഇപ്പോഴത്തെ ശത്രുവുമായ ഷാജഹാന്‍ ടെന്റര്‍ വൈകിച്ചത്? ഷാജഹാന്റെ ആ വീഴ്ച ആര്‍ക്കാണ് ഗുണമായത്?’

ഒരു സ്വകാര്യ ഐ.ടി കമ്പനി ഉടമയായിരുന്ന വ്യക്തി വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ഐ.ടി ഉപദേഷ്ടാവായി കുറേ നാള്‍ പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് വി.എസ് തന്നെ ആ വ്യക്തിയെ ‘ ഉപദേഷ്ടാവ്’ സ്ഥാനത്ത് നിന്ന് ഒഴിവാക്കി. അന്ന് വി.എസ് അതിനൊരു ന്യായവും പറഞ്ഞിരുന്നു. അത് നിയമസഭാ രേഖകളിലുണ്ട്. ആ വ്യക്തിയുടെ വാദം, ശരിയാണോ എന്ന് എന്നോട് ചോദിക്കാനുള്ള മര്യാദപോലും കാട്ടാതെ പ്രസിദ്ധീകരിക്കുകയാണ് ‘ ഡൂള്‍ ന്യൂസ്’ ചെയ്തത്.

മുകളില്‍ പറഞ്ഞിരിക്കുന്ന എന്നെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ പൂര്‍ണ്ണമായും തെറ്റാണ് എന്ന് വ്യക്തമാക്കട്ടെ, ആദ്യമായി പറയട്ടെ, ഡേറ്റാ സെന്റര്‍ നടത്തുന്നത് സംബന്ധിച്ച ടെന്റര്‍ സമര്‍പ്പിക്കുന്ന സമയത്ത് സി-ഡിറ്റിന്റെ ചുമതലക്കാരന്‍ ഞാനായിരുന്നു എന്ന വാദം തെറ്റാണ്. അന്ന് സി-ഡിറ്റിന്റെ ഡയറക്ടര്‍, മുഖ്യമന്ത്രിയായിരുന്ന അച്യുതാനന്ദന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശ്രീമതി ഷീലാ തോമസായിരുന്നു. രജിസ്ട്രാര്‍ ശ്രീ ബാലഭാസ്‌കരനായിരുന്നു. എന്നാല്‍ ടെന്റര്‍ സമര്‍പ്പിക്കാന്‍ ചുമതലയുള്ള വെബ് സര്‍വ്വീസസ് ടീമിന്റെ ടീം ലീഡര്‍ ഞാനായിരുന്നു. ടെന്റര്‍ സമര്‍പ്പിച്ച വേളയില്‍ ഏതാനും മിനിറ്റുകള്‍ താമസിച്ചു എന്ന കാരണത്താല്‍ സി-ഡിറ്റിന്റെ ടെന്റര്‍ തള്ളി എന്നതും വസ്തുതയാണ്. എന്നാല്‍ ടെന്റര്‍ സമര്‍പ്പിക്കുന്നത്, വി.എസിന്റെ ശത്രുവായ ഞാന്‍ മനപൂര്‍വ്വം വരുത്തിയ വീഴ്ചയാണെന്നും അതിന്റെ ഗുണം വി.എസിന്റെ എതിരാളികള്‍ക്കാണ് ലഭിച്ചത് എന്നുമുള്ള മുന്‍ ഐ.ടി ഉപദേഷ്ടാവിന്റെ വാദം ‘ ഡൂള്‍ന്യൂസ്’ തൊണ്ട വിടാതെ വിഴുങ്ങിയത് എന്ത് ചേതോവികാരത്തിന്റെ അടിസ്ഥാനത്തിലാണ് എന്ന് മനസ്സിലാകുന്നില്ല. ആദ്യമായി സൂചിപ്പിക്കാനുള്ളത്, ടെന്റര്‍ സമര്‍പ്പിക്കുന്ന കാലത്ത് ഞാന്‍ വി.എസിനെതിരെ പരസ്യനിലപാടെടുത്തിരുന്നില്ല എന്ന കാര്യമാണ്. 2010 ഏപ്രിലിലാണ് ഞാന്‍ വി.എസിനെതിരെ പരസ്യനിലപാടെടുക്കുന്നത്. ( വി.എസിനൊപ്പം ജോലി ചെയ്ത സമയത്ത് അദ്ദേഹത്തിന്റെ തൊഴനുമായിരുന്നില്ല). 2009 അവസാന മാസങ്ങളിലാണ് സി-ഡിറ്റ് ടെന്ററില്‍ പങ്കെടുക്കാന്‍ അപേക്ഷ സമര്‍പ്പിക്കുന്നത്. മറ്റൊരു കാര്യവും കൂടി ഇവിടെ സൂചിപ്പിക്കട്ടെ, സി-ഡിറ്റിന്റെ ടെന്ററില്‍ പങ്കെടുപ്പിക്കാതിരുന്നതില്‍ എനിക്ക് ശക്തമായ പ്രതിഷേധമുണ്ടായിരുന്നു. അക്കാര്യം സൂചിപ്പിച്ചുകൊണ്ട്, എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍, 4 പേജ് വരുന്ന ദീര്‍ഘമായ ഒരു പരാതി ഞാന്‍ അന്ന് തന്നെ, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും, ഐ.ടി സെക്രട്ടറിക്കും ഐ.ടി മിഷന്‍ ഡയറക്ടര്‍ക്കും നല്‍കുകയുണ്ടായി. ഇവിടങ്ങളിലും സി-ഡിറ്റിലും, ആ കത്തിന്റെ കോപ്പിയുണ്ടാവും. സി-ഡിറ്റ് എന്ന പൊതുമേഖലാ സ്ഥാപനത്തെ ഏതാനും നിമിഷങ്ങള്‍ വൈകി എന്ന കാരണത്താല്‍, മുഖ്യമന്ത്രിയും സി-ഡിറ്റിന്റെ ചെയര്‍മാനും ആയ അച്യുതാനന്ദന്‍ ചുമതല വഹിക്കുന്ന ഐ.ടി വകുപ്പും ഐ.ടി മിഷനും ഒഴിവാക്കിയത് ഒട്ടും ശരിയായില്ല എന്ന വാദമാണ് ഞാന്‍ അന്ന് ആ കത്തില്‍ ഉയര്‍ത്തിയത്. അതിന് യാതൊരു മറുപടിയും ലഭിച്ചില്ല എന്ന കാര്യവും ഞാന്‍ ഇ്‌പ്പോഴും ഓര്‍ക്കുന്നു. ഇതാണ്  വസ്തുത എന്നിരിക്കെ, ഇക്കാര്യം എന്നോട് ചോദിക്കാനുള്ള മര്യാദ പോലും കാട്ടാതെ ഞാന്‍ മനപൂര്‍വ്വം ടെന്റര്‍ വൈകിച്ചു എന്ന വാദം ‘ ഡൂള്‍ ന്യൂസ്’ പിന്‍വലിക്കും എന്ന് പ്രതീക്ഷിക്കുന്നു. മുന്‍ ഐ.ടി ഉപദേഷ്ടാവ് ക്ഷുഭിതനാണ്. അദ്ദേഹം എന്തും പറയും, പക്ഷേ ‘ ഡൂള്‍ ന്യൂസ്’ അദ്ദേഹത്തിന്റെ മെഗാഫോണാവാണോ?

ഡൂള്‍ന്യൂസിന്റെ വാര്‍ത്ത അവസാനിക്കുന്നത് ഇങ്ങനെ പറഞ്ഞുകൊണ്ടാണ്: ‘ മനോരമ, പി.സി ജോര്‍ജ്ജ്, കെ.എം ഷാജഹാന്‍ ത്രയങ്ങള്‍ക്ക് ജനങ്ങളെ പറ്റിക്കാം. അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് ഒരു കേസന്വേഷണം കെട്ടിയേല്‍പ്പിച്ചാല്‍ സി.ബി.ഐ പോലുള്ള രാജ്യത്തെ ഒന്നാംകിട ഏജന്‍സിയെ പറ്റിക്കാനാവുമോ? അവര്‍ ഈ ചീള് കേസ് അന്വേഷിക്കുമോ?’ ലേഖകന്റെ ആവേശം അപാരം തന്നെ. പി.സി ജോര്‍ജ്ജും ഷാജഹാനും ഉന്നയിച്ചത് അടിസ്ഥാന രഹിതമായ ആരോപണങ്ങളാണത്രെ! ഇതൊരു ചീള് കേസാണത്രെ? പക്ഷെ ഇക്കാര്യം ലേഖകന്റെ വാര്‍ത്തയില്‍ ഒരിടത്തും തെളിയിച്ചിട്ടില്ല. ‘ നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടാണ് ഡേറ്റാ സെന്റര്‍ വികസനം റിലയന്‍സിനെ ഏല്‍പ്പിച്ചത്’ എന്ന് ലേഖകന്‍ വാര്‍ത്തയില്‍ മറ്റൊരിടത്ത് പ്രഖ്യാപിച്ച് തീരുമാനിക്കുന്നു. അത് മതിയോ?

ആര് പറഞ്ഞു നടപടിക്രമങ്ങള്‍ പാലിച്ചാണ് കൈമാറ്റം നടന്നതെന്ന്? സ്ഥലപരിമിതികൊണ്ട് ഒരൊറ്റ ഉദാഹരണം മാത്രം ചൂണ്ടിക്കാട്ടാം. ഡേറ്റാ സെന്റര്‍ ടെന്റര്‍ ചെയ്യാനായി 2008 ഏപ്രില്‍ 28ന് പുറപ്പെടുവിച്ച് ടെന്ററില്‍ പ്രധാന യോഗ്യതാ മാനദണ്ഡമായി ചൂണ്ടിക്കാട്ടിയത് ഇതായിരുന്നു: Bidder should have a proven record in maintaining and managing data cetnres of similar scale for at least two years. The bidder should have maintained and managed atleast one data cetnre of similar scale (including IT and non IT equipments) atleast for two years, the AMC / Operations /Management cost of which should be atleast Rs.50 lakhs per annum’.(‘ ഇപ്പോഴത്തെ നിലവാരത്തിലുള്ള തത്തുല്യമായ ഡേറ്റാ സെന്ററുകള്‍, ചുരുങ്ങിയത് രണ്ട് വര്‍ഷത്തേക്കെങ്കിലും പ്രവര്‍ത്തിപ്പിച്ചും പരിപാലിച്ചും ഉള്ള തെളിയിക്കപ്പെട്ട പരിചയം ടെന്ററില്‍ പങ്കെടുക്കുന്നവര്‍ക്ക് ഉണ്ടായിരിക്കണം. മാത്രമല്ല, പ്രതിവര്‍ഷ മെയിന്റനന്‍സ് / കരാര്‍/ ഓപ്പറേഷന്‍സ്/ പരിപാലനം എന്നിവയുടെ ചെലവ് പ്രതിവര്‍ഷം 50 ലക്ഷം രൂപയെങ്കിലും വിലവരുന്ന ഇപ്പോള്‍ നിലവിലുള്ളതിന് തത്തുല്യമായ ഒരു ഡേറ്റാ സെന്റര്‍ (ഐ.ടി, ഐ.ടി ഇതരയന്ത്ര സാമഗ്രികള്‍ ഉള്‍പ്പെടെ) ചുരുങ്ങിയത് 2 വര്‍ഷത്തേക്കെങ്കിലും, നടത്തുകയും  പരിപാലിക്കുകയും ചെയ്തിരിക്കണം’).

എന്നാല്‍ ആദ്യ ടെന്റര്‍ റദ്ദാക്കിയതിന് ശേഷം 2009 ജൂലൈ 27-ന് വിളിച്ച രണ്ടാമത്തെ ടെന്ററില്‍ മുകളില്‍ പറഞ്ഞ നിബന്ധന പൂര്‍ണ്ണമായും ഒഴിവാക്കപ്പെട്ടിരിക്കുന്നു. പകരം താഴെ പറയുന്ന, വെള്ളം ചേര്‍ക്കപ്പെട്ട നിബന്ധനയാണ് പ്രത്യക്ഷപ്പെട്ടത്. ‘ ‘The bidder should have executed atleast 3 works, each costing not less than Rs.3 crores each, during the last 3 years, in the design, integration,Operation and maintenance of internet data cetnres / network operating ccetnres as part of management of a large IT faciltiy or IT infrastructure project of value of atleast Rs. 5 crores each, and belonging to the government or public sector / private sector organisation having an annual turnover of atleast Rs.100 crores’. (100 കോടി രൂപയെങ്കിലും പ്രതിവര്‍ഷ വിറ്റുവരവുള്ള സര്‍ക്കാര്‍/ പൊതുമേഖലാ/ സ്വകാര്യമേഖലാ സ്ഥാപനങ്ങളുടെ 5 കോടി രൂപയുടെ എങ്കിലും മൂല്യമുള്ള പ്രോജക്ടുകള്‍ ഒരു വലിയ ഐ.ടി സംവിധാനത്തിന്റെയോ ഐ.ടി പശ്ചാത്തലസൗകര്യ പദ്ധതിയുടെയോ ഭാഗമായി ഇന്റര്‍നെറ്റ് ഡേറ്റാ സെന്ററുകളുടെയോ നെറ്റ് വര്‍ക്ക് ഓപ്പറേറ്റിങ് സെന്ററുകളുടെയോ രൂപകല്പന, സംയോജനം, പ്രവര്‍ത്തനം അറ്റകുറ്റപ്പണി എന്നിവയുടെ ഓരോന്നിലും 3 കോടി രൂപയില്‍ കുറയാത്ത അക്കങ്ങളുള്ള 3 പദ്ധതികള്‍ എങ്കിലും കഴിഞ്ഞ 3 വര്‍ഷത്തിനുള്ളില്‍ ടെന്ററില്‍ പങ്കെടുക്കുന്ന ഏജന്‍സി നടപ്പാക്കിയിരിക്കണം).

ഇപ്പോള്‍ നടത്താനുദ്ദേശിക്കുന്ന ഡേറ്റാ സെന്ററിന് തത്തുല്യമായ ഡേറ്റാ സെന്റര്‍ ചുരുങ്ങിയത് 2 വര്‍ഷത്തേക്കെങ്കിലും നടത്തിയുള്ള പരിചയം വേണം എന്നായിരുന്നു ആദ്യ ടെന്ററില്‍ പറഞ്ഞത്. ഇത് തികച്ചും സ്വാഭാവികമായിരുന്നു. എന്നാല്‍ രണ്ടാമത്തെ ടെന്ററില്‍ നിന്ന് ഈ നിബന്ധന ഒഴിവാക്കുകയും പകരം ഇന്റര്‍നെറ്റ് ഡേറ്റാ സെന്ററുകളോ, നെറ്റ് വര്‍ക്ക് ഓപ്പറേറ്റിങ് സെന്ററുകളോ നടത്തിയുള്ള പരിചയം മതി എന്ന് രണ്ടാമത്തെ ടെന്ററില്‍ മാറ്റുകയായിരുന്നു. എന്തിനാണ് നിബന്ധനകളില്‍ ഇങ്ങനെ വെള്ളംചേര്‍ത്തത്? മാത്രമല്ല, ‘ 3 കോടി രൂപവിതമുള്ള ‘ ‘ 3 പദ്ധതികള്‍’ ‘കഴിഞ്ഞ വര്‍ഷത്തിനുള്ളില്‍’ നടപ്പാക്കിയ പരചയം വേണമെന്ന നിബന്ധന ദുരൂഹമല്ലേ?. യാതൊരു കാരണവുമില്ലാതെ ടെന്റര്‍ നിബന്ധനയില്‍ വരുത്തിയ ഈ മാറ്റങ്ങള്‍ റിലയന്‍സ് എന്ന കമ്പനിയെ സഹായിക്കാനാണ് എന്ന ആക്ഷേപമാണ് ഉയര്‍ന്നിരിക്കുന്നത്. ഈ മാറ്റങ്ങള്‍ കാണാതെ ‘ നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടാണ്’ ഡേറ്റാ സെന്റര്‍ വികസനം റിലയന്‍സിനെ ഏല്‍പ്പിച്ചത് എന്ന് ലേഖകന്‍ പറയുമ്പോള്‍ അത് കെ.എം ഷാജഹാനോടും പി.സി ജോര്‍ജ്ജിനോടുമുള്ള അന്ധമായ എതിര്‍പ്പും, അച്യുതാനന്ദനോടുള്ള അന്ധമായ കൂറും കൊണ്ടാണെന്ന് കരുതേണ്ടി വരില്ലേ?

ഷാജഹാന്‍, പി.സി.ജോര്‍ജ്, മനോരമ കൂട്ടുകെട്ടിന് സി.ബി.ഐ യെ പറ്റിക്കാനാകുമോ?

Malayalam news

Kerala news in English

Advertisement