Administrator
Administrator
വി.എസിന് മകന്‍ ഭാരമാകുന്നു: കെ.എം ഷാജഹാന്‍
Administrator
Friday 25th February 2011 9:19pm

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരള രാഷ്ട്രീയം കലങ്ങി മറിയുകയാണ്. കേരളത്തില്‍ യു.ഡി.എഫിനുണ്ടായിരുന്ന രാഷ്ട്രീയ മേല്‍ക്കൈ ഒന്നടങ്കം അട്ടിമറിക്കപ്പെടുന്ന രീതിയിലാണ് അവരുടെ നേതാക്കള്‍ക്കെതിരെ ശക്തമായ ആരോപണങ്ങളുയര്‍ന്നത്. പഴയ കേസില്‍ ഒരു നേതാവ് ജയിലിലാവുകയും ചെയ്തു. മറ്റുപലരും കേസിലകപ്പെട്ടു. ഈ രാഷ്ട്രീയ കാലാവസ്ഥയെ എന്ത് വിലകൊടുത്തും നേരിടുകയെന്നത് യു.ഡി.എഫിന് അനിവാര്യമായിരുന്നു. ആദ്യമൊന്ന് പകച്ച അവര്‍ പിന്നീട് കുതറിയെണീറ്റു മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനും മകനുമെതിരെ ശക്തമായ ആരോപണവുമായി രംഗത്ത് വന്നിരിക്കയാണ്. വി.എസ് ഉയര്‍ത്തിയ ആദര്‍ശ രാഷ്ട്രീയത്തെ സ്വന്തം മകനെ മുന്‍നിര്‍ത്തി ചോദ്യം ചെയ്യാന്‍ ശ്രമിക്കുകയാണ് പ്രതിപക്ഷം.

പ്രതിപക്ഷ നേതാവായിരിക്കുമ്പോള്‍ വി.എസിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു കെ.എം ഷാജഹാന്‍. വിഭാഗീയതയുടെ ഭാഗമായി സി.പി.ഐ.എമ്മില്‍ നിന്ന് വാര്‍ത്ത ചോര്‍ത്തുന്നതിന്റെ പേരില്‍ പുറത്താക്കപ്പെട്ടു. വി.എസ് മുഖ്യമന്ത്രിയായപ്പോള്‍ സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം ഷാജഹാനെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് എടുത്തില്ല. ഇടക്കാലത്ത് രാഷ്ട്രീയം വിട്ട് കര്‍ണാടിക് സംഗീതവുമായി പൊതുവേദിയില്‍ വന്ന ഷാജഹാന്‍ പിന്നീട് വി.എസ് അച്യുതാനന്ദനെതിരെ കടുത്ത വിമര്‍ശനവുമായാണ് പ്രത്യക്ഷപ്പെട്ടത്. ഇപ്പോള്‍ തിരുവനന്തപുരം സി.ഡിറ്റില്‍ ഉദ്യോഗസ്ഥനാണ് അദ്ദേഹം. വി.എസിനെതിരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് കെ.എം ഷാജഹാന്‍, മനേഷ് ഗോവിന്ദനുമായി സംസാരിക്കുന്നു.

വി.എ അരുണ്‍കുമാര്‍ ചന്ദനമാഫിയകളില്‍ നിന്നും വി.എസിന് വേണ്ടി ഏഴ് ലക്ഷം രൂപ കൈക്കൂലിവാങ്ങിയെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ഒരുപാട് കാലം വി.എസിനൊപ്പം പ്രവര്‍ത്തിച്ച വ്യക്തി എന്ന നിലയില്‍ താങ്കള്‍ ഇത് വിശ്വസിക്കുന്നുണ്ടോ?.

ഇത് സംബന്ധിച്ച് എന്റെ കയ്യില്‍ ഒരു തെളിവുമില്ല.

ലോട്ടറി മാഫിയയുമായി വി.എ അരുണ്‍കുമാറിന് ബന്ധമുണ്ടെന്നും ഓണ്‍ലൈന്‍ ലോട്ടറി അന്വേഷണം അട്ടിമറിച്ചത് അരുണ്‍കുമാറിന്റെ സഹായത്തോടെയാണെന്നും കോണ്‍ഗ്രസ് നേതാവ് വി.ഡി സതീശന്‍ ചാനല്‍ ചര്‍ച്ചയിലും നിയമസഭയിലും ഉന്നയിച്ചിട്ടുണ്ട്. ഈ കാര്യങ്ങള്‍ പൂര്‍ണ്ണായും കെ.എം ഷാജഹാന് അറിയാമെന്നും സതീശന്‍ പറഞ്ഞു. ലോട്ടറി മാഫിയക്കെതിരെ വി.എസിനൊപ്പം നിന്ന താങ്കള്‍ ഈ ആരോപണത്തെ എങ്ങിനെ കാണുന്നു?.

അങ്ങിനെയൊന്നും സതീശന്‍ പറഞ്ഞതായി ഞാന്‍ ശ്രദ്ധിച്ചില്ല. ഞാനെന്റെ മറുപടി പറയാം. ചന്ദനമാഫിയയുമായി ബന്ധപ്പെട്ട് ഇങ്ങിനെയുള്ള സാമ്പത്തിക ആരോപണത്തില്‍ ഒരു വാസ്തവവുമില്ല. ചന്ദനമാഫിയയുമായി ബന്ധപ്പെട്ട് അച്യുതാനന്ദന്‍ നടത്തിയ സമരത്തില്‍ യാതൊരു വിധ വിട്ടുവീഴ്ചയും നടത്തിയതായി എനിക്ക് തോന്നുന്നില്ല. ഞാന്‍ വിശ്വസിക്കുന്നുമില്ല. അന്ന് ചന്ദനമാഫിയക്കെതിരെ മാത്രമല്ല, ഒരു സമരത്തില്‍ നിന്നും വി.എസ് അച്യുതാനന്ദന് വിട്ടുവീഴ്ച ചെയ്യാന്‍ കഴിയുമായിരുന്നില്ല. കാരണം വി.എസ് അച്ച്യുതാനന്ദന്‍ ലക്ഷക്കണക്കിന് വരുന്ന ജനങ്ങള്‍ക്കൊപ്പമാണ് ഈ സമരം നയിച്ചത്. അതുകൊണ്ട് ഒരു സമരത്തില്‍ നിന്നും ഒരിഞ്ചു പോലും പിറകോട്ട് പോകാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല.

ഇപ്പോള്‍ യു.ഡി.എഫ് ഉയര്‍ത്തിക്കൊണ്ട് വന്ന മുഖ്യമന്ത്രിയുടെ മകനെതിരെയുള്ള ആരോപണത്തില്‍ ഒരു വാസ്തവവുമില്ല എന്നാണോ?.

മുന്‍കൂട്ടി ആലോചിച്ച് ഇത്തരം ചോദ്യങ്ങള്‍ ചോദിക്കരുത്. ഞാന്‍ കൃത്യമായി മറുപടി പറഞ്ഞു. ഒന്നാമത്തെ പോയിന്റ് ഈ മകന്‍ ഇങ്ങിനെ വാങ്ങിയോ ഇല്ലയോ എന്ന് എനിക്കറിയില്ല. ഞാന്‍ വി.എസ് അച്യുതാനന്ദന്റെ കൂടെ ജോലി ചെയ്തിരുന്ന സമയത്തും തെളിവുകളില്ലാതെ യാതൊരു പ്രശ്‌നവും അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നില്ല.

ഇത് നിങ്ങള്‍ ചോദിക്കുന്നത് പോലെ കഴമ്പുണ്ടോ വാസ്തവമുണ്ടോ എന്നൊന്നുമല്ല, ഞാനെന്റെ് അഭിപ്രായമാണ് പറയുന്നത്. വി.എസ് അച്യുതാനന്ദന്‍ ഈ സമരത്തിലെന്നല്ല, ഒരു സമരത്തിലും വെള്ളം ചേര്‍ത്തതായി ഞാന്‍ കരുതുന്നില്ല.

വി.എസ് അച്യുതാനന്ദന്‍ കൈകാര്യം ചെയ്തിരുന്ന ഐ.ടി വകുപ്പ് അച്ഛന് വേണ്ടി മകനാണ് ഭരിച്ചത് എന്ന് തുടക്കം മുതല്‍ തന്നെ ആരോപണമുണ്ടല്ലോ?

ഇങ്ങിനെയൊന്നും ഞാന്‍ കേട്ടിട്ടില്ല, ഇതെക്കുറിച്ച് എനിക്കൊന്നും അറിയില്ല. ഇതിനൊന്നും ഞാന്‍ മറുപടി പറയാന്‍ ഉദ്ദേശിക്കുന്നില്ല.

വി.എസ് അച്യുതാനന്ദന്റെ മകന്റെ ഭാര്യ ഓണ്‍ലൈന്‍ ലോട്ടറിയുമായി ബന്ധപ്പെട്ടിരുന്നുവെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ഇത് വി.എസ് അച്യുതാനന്ദനെ ലോട്ടറി വിരുദ്ധ സമരത്തില്‍ വെള്ളം ചേര്‍ക്കുന്നതിന് നിര്‍ബന്ധിതനാക്കിയെന്ന് താങ്കള്‍ വിശ്വസിക്കുന്നുണ്ടോ?.

വി.എസ് അച്യുതാനന്ദന്റെ മകന്റെ ഭാര്യ ഓണ്‍ലൈന്‍ ലോട്ടറിയുമായി ബന്ധപ്പെട്ട ഒരു സ്ഥാപനത്തിന്റെ ഡയരക്ടറായി ഒരു വര്‍ഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ചെറി എന്റര്‍പ്രൈസസ്‌എന്നാണ് സ്ഥാപനത്തിന്റെ പേര്. അതിന്റെ ഡയരക്ടര്‍ബോര്‍ഡ് അംഗമായിരുന്നു വി.എസ് അച്യുതാനന്ദന്റെ മകന്റെ ഭാര്യയായ ശ്രീമതി രജനി ബാലചന്ദ്രന്‍. ഒരു വര്‍ഷം അവര്‍ അതിന്റെ ബോര്‍ഡ് അംഗമായിരുന്നു. അതേ തുടര്‍ന്ന് ആ വിഷയം നിയമസഭയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. എം.എം ഹസ്സന്‍ ഈ വിഷയം സഭയില്‍ ഉയര്‍ത്തുന്നതിന് തൊട്ട് മുമ്പ് തന്നെ ആ സ്ഥാപനത്തിലുള്ള ഓഹരി പങ്കാളിത്തത്തില്‍ നിന്ന് മകന്റെ ഭാര്യ വി.എസിന്റെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്ന് ഒഴിവായി. ഇതെക്കുറിച്ച് ‘വെന്ത ചേമ്പ് പോലെ എടുത്ത് മാറ്റി’എന്നാണ് വി.എസ് അന്ന് പറഞ്ഞത്.

വി.എസ് അച്യുതാനന്ദന്‍ ലോട്ടറി മാഫിയ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കുരിശ് യുദ്ധം നടത്തുന്ന സമയത്ത് മകന്റെ ഭാര്യ രജനി ബാലചന്ദ്രന്‍ ചെറി എന്റര്‍പ്രൈസസിന്റെ ഡയരക്ടര്‍ ബോര്‍ഡ് അംഗമായി ഇരുന്നത് തീര്‍ത്തും തെറ്റായിരുന്നു. വി.എസ് അച്യുതാനന്ദന്‍ ഇതറിഞ്ഞിരുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. വി.എസ് അച്യുതാനന്ദന്‍ ഇതറിഞ്ഞപ്പോള്‍ ഇതില്‍ നിന്ന് ഒഴിവാകണം എന്ന കര്‍ശന നിര്‍ദ്ദേശം കൊടുത്തതിനെ തുടര്‍ന്ന് ഒഴിവാകുകയും ചെയ്തു. എന്നാല്‍ വി.എസ് അച്യുതാനന്ദന്റെ ഓണ്‍ലൈന്‍ ലോട്ടറിക്കാര്‍ക്കെതിരെയുള്ള സമരത്തെ, അദ്ദേഹത്തിന്റെ മകന്റെ ഭാര്യ ഓണ്‍ലൈന്‍ ലോട്ടറി ഏജന്‍സിയുടെ ഡയരക്ടറായി ഇരുന്നത് തീര്‍ത്തും മോശമായി ബാധിച്ചിട്ടുണ്ട് എന്നതാണ് എന്റെ അഭിപ്രായം.

വി.എസ് അച്യുതാനന്ദന്‍ സുപ്രീം കോടതി ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതിനായി അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്നും വീട്ടില്‍ നിന്നും ചില ഏജന്റുമാര്‍ക്ക് ഫോണ്‍ ചെയ്തതിനെക്കുറിച്ച് വി.ഡി സതീശന്‍ പറയുകയുണ്ടായി. അത്തരത്തില്‍ ജഡ്ജുമാരെ സ്വാധീനിക്കാന്‍ വി.എസിന് കഴിയുമോ?

അതിനെക്കുറിച്ചൊക്കെ വി.ഡി സതീശനല്ലെ മറുപടി പറയേണ്ടത്. വി.ഡി സതീശന്‍ അങ്ങിനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അതിന്റെ രേഖകള്‍ അദ്ദേഹം ഹാജരാക്കണം. സുപ്രീം കോടതി ജഡ്ജി എന്നല്ല, ഒരു കോടതിയെയും വി.എസ് അച്യുതാനന്ദന്‍ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. വിളിച്ചതിന് തെളിവുകള്‍ കൊണ്ട് വന്നാല്‍ അപ്പോള്‍ പറയാം. എന്റെ അറിവില്‍ അഴിമതിക്കെതിരെയുള്ള പോരാട്ടത്തില്‍ വി.എസ് അച്യുതാനന്ദന്‍ കോടതിയെ സ്വാധീനിച്ച് വിധി സമ്പാദിച്ചിട്ടില്ല.

വി.എസിനും മകനുമെതിരെ യു.ഡി.എഫ് കൊണ്ട് വന്ന ആരോപണം തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് ഇന്നത്തെ രാഷ്ട്രീയ അന്തരീക്ഷത്തെ മറികടക്കാനുള്ള രാഷ്ട്രീയ നീക്കമായി കണാനാവില്ലേ?.

അത് യു.ഡി.എഫ് ചെയ്യുന്നത് പോലെ തന്നെയല്ലേ എല്‍.ഡി.എഫും ചെയ്യുന്നത്. എല്‍.ഡി.എഫിന്റെ പ്രതിച്ഛായ കൂട്ടാന്‍ വേണ്ടി യു.ഡി.എഫിന്റെ നേതാക്കള്‍ക്കെതിരെ എല്‍.ഡി.എഫ് കൊണ്ട് വരുന്ന ആരോപണങ്ങളെപ്പോലെ എല്‍.ഡി.എഫിന്റെ നേതാക്കള്‍ക്കെതിരെ യു.ഡി.എഫും ആരോപണങ്ങള്‍ ഉയര്‍ത്തുന്നു. ഉമ്മന്‍ചാണ്ടിക്കെതിരെ കഴിഞ്ഞ ദിവസമല്ലെ, തോമസ് ഐസക് ആരോപണം ഉയര്‍ത്തിയത്. സ്വാഭാവികമായും രാഷ്ട്രീയ രംഗത്ത് ഇതുപോലുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ ഉണ്ടാവാറുണ്ട്.

ഈ ആരോപണങ്ങള്‍ വി.എസ് ഉയര്‍ത്തിക്കൊണ്ട് വന്ന സമരത്തെ ദോഷ കരമായി ബാധിക്കുമോ?

ബാധിക്കുമെന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. വി.എസ് എടുത്തുകൊണ്ടിരിക്കുന്ന നിലപാടുകള്‍ക്ക് മുകളില്‍ ഇതൊരു വലിയ കരിനിഴല്‍ വീഴ്ത്തിയിട്ടുണ്ട് എന്ന് തന്നെയാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. അത് വീഴ്ത്താനുള്ള കാരണം ഉയര്‍ന്നുവന്ന ആക്ഷേപങ്ങളല്ല, ചില ആക്ഷേപങ്ങളോട് വി.എസ് സ്വീകരിക്കുന്ന മൗനമാണ്.

വി.എസിനും സി.പി.ഐ.എമ്മിനും എല്‍.ഡി.എഫിനുമൊക്കെ ഈ ആക്ഷേപങ്ങളെ എങ്ങിനെയാണ് മറികടക്കാന്‍ പറ്റുക?

നിങ്ങളിപ്പോള്‍ എല്‍.ഡി.എഫ്, യു.ഡി.എഫ്,സി.പി.ഐ.എം എന്നീ വാക്കുകള്‍ ഉപയോഗിക്കുന്നു. അതൊക്കെത്തന്നെയാണ് ഈ വിഷയത്തിലെ ഏറ്റവും വലിയ ഇരട്ടത്താപ്പ്. എവിടെയായിരുന്നു ഇവര്‍ ഇത്രയും നാള്‍. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമായി വി.എസ് നടത്തിക്കൊണ്ട് വന്ന സമരങ്ങള്‍ എല്‍.ഡി.എഫിനും സി.പി.ഐ.എമ്മിനും എതിരായിരുന്നു. ഇപ്പോള്‍ ഇലക്ഷനടുക്കുമ്പോള്‍ വി.എസും സി.പി.ഐ.എമ്മും എല്‍.ഡി.എഫും എന്നൊക്കെ സംസാരിച്ച് തുടങ്ങുന്നു. അത് തന്നെയാണ് ഈ വിഷയത്തിലെ ഏറ്റവും വലിയ ഹിപ്പോക്രസി അതായത് ഇരട്ടത്താപ്പ്. ഇപ്പോള്‍ ലാവലിനെക്കുറിച്ചും കിളിരൂര്‍, കവിയൂര്‍ പെണ്‍വാണിഭത്തെക്കുറിച്ചും ലോട്ടറിയെക്കുറിച്ചും ആരും ഒന്നും സംസാരിക്കുന്നില്ല. അതെടുത്തുകൊണ്ട് നടന്നവര്‍ സംസാരിക്കുന്നില്ല. അത് തിരഞ്ഞെടുപ്പ് വരുന്നത് കൊണ്ടാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അത് ഏറ്റവും വലിയ ഇരട്ടത്താപ്പാണ്. ലോട്ടറിയുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷണത്തിന് ആവശ്യപ്പെട്ടിട്ടില്ല എന്നാണ് അവര്‍ പറയുന്നത്. ഇത് പച്ചക്കള്ളമല്ലെ.
ഇപ്പോള്‍ സി.പി.ഐ.എമ്മും വി.എസും എല്‍.ഡി.എഫും എന്നൊക്കെ ഒരു വായില്‍ നിന്ന് കേള്‍ക്കേണ്ടി വരുന്ന ഗതികേടിലാണ് ഞാന്‍. ഇത് ഏറ്റവും വലിയ ഇരട്ടത്താപ്പാണ്.

കേരളത്തില്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് മക്കള്‍ ഭാരമാകുന്ന സ്ഥിതിയുണ്ടോ? വി.എസ് അച്യുതാനനന്ദന്‍ ഈ സ്ഥിതി വിശേഷത്തെ എങ്ങിനെയാണ് മറികടക്കാന്‍ പോകുന്നത്.

ഉണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. വി.എസിന് ഇതിനെ എങ്ങിനെ മറികടക്കാന്‍ പറ്റും എന്നത് വി.എസിനോടല്ലെ ചോദിക്കേണ്ടത്. അദ്ദേഹത്തിന് അറിയില്ലെ അതെങ്ങിനെ മറികടക്കാന്‍ കഴിയുമെന്ന്. മക്കളുമായി ഉയര്‍ന്ന് വന്നിട്ടുള്ള ആരോപണങ്ങളില്‍ ചിലത് വളരെയധികം ആശങ്കകള്‍ ഉളവാക്കുന്നുണ്ട്. കാരണം ഈ ആരോപണങ്ങള്‍ ഉയര്‍ന്ന സമയത്ത് ഞാനും എന്റെ മകനും ഏത് അന്വേഷണത്തെ നേരിടാനും തയ്യാറാണ് എന്ന് വി.എസ് പറയുമെന്ന് ഞാന്‍ കരുതിയിരുന്നു. അതിലൂടെ വി.എസിന്റെ പ്രതിച്ഛായ ഉയരുമെന്നും. അതിന് പകരം ആരോപണങ്ങള്‍ നിഷേധിക്കുകയാണ് വി.എസ് ചെയ്തിട്ടുള്ളത്. ഇതിന്റെ ആവശ്യമുണ്ടായിരുന്നില്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. വി.എസ് എന്ത്‌കൊണ്ട് അന്വേഷണത്തിന് തയ്യാറാണ് എന്ന് പറയാത്തത് ആശങ്കയുണ്ടാക്കുന്നു.

എന്ത് കൊണ്ട് വി.എസ് അന്വേഷിക്കട്ടെയെന്ന് പറഞ്ഞില്ല. വി.എസിന്റെ മകന് ഈ ആരോപണങ്ങളിലെല്ലാം പങ്കുണ്ട് എന്ന് പൊതുജനങ്ങള്‍ വിശ്വസിക്കേണ്ട രീതിയിലേക്കല്ലെ കാര്യങ്ങള്‍ നീങ്ങുന്നത്?.

അത് പൊതുജനങ്ങളുടെ വിഷയമാണ്. അതിന് മറുപടി പറയേണ്ടത് അവരാണ്. ഞാനല്ല, എന്റെ പോയിന്റ് വളരെ വ്യക്തമാണ്. പൊതുജനങ്ങള്‍ക്ക് വേണ്ടി അഭിപ്രായം പറയാന്‍ ഞാന്‍ ആളല്ല.

വി.എസിന്റെ മൗനം എങ്ങിനെയാണ് വായിക്കേണ്ടത്.?. ഈ നിഷേധം എങ്ങിനെ വായിച്ചെടുക്കണം?.

ഞാന്‍ കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്.

കഴിഞ്ഞ കാലത്ത് വി.എസ് മുന്നോട്ട് വെച്ച ധീരമായ രാഷ്ട്രീയ നിലപാടെല്ലാം കപടമായിരുന്നുവെന്നാണോ ഇത് സൂചിപ്പിക്കുന്നത്?.

ഈ ആരോപണങ്ങള്‍ അദ്ദേഹത്തിന്റെ പ്രതിച്ഛായക്ക് മുകളില്‍ ചില കരിനിഴല്‍ വീഴ്ത്തുന്നുണ്ട്.

വി.എസിനെ വളരെ അടുത്തറിയുന്ന വ്യക്തിയാണ് താങ്കള്‍. മകനെതിരെയുള്ള ആരോപണങ്ങളില്‍ വാസ്തവമുണ്ടെങ്കില്‍ വി.എസ് അരുണ്‍കുമാറിനെ തള്ളിപ്പറയുമോ?.

ഈ ചോദ്യത്തില്‍ യാതൊരു പ്രസക്തിയുമില്ല, ആരോപണങ്ങള്‍ വാസ്തവമാണെങ്കില്‍ തീര്‍ച്ചയായും തള്ളിപ്പറഞ്ഞല്ലേ പറ്റൂ. ആരോപണത്തില്‍ കഴമ്പുണ്ടെങ്കില്‍ അച്യുതാനന്ദനെന്നല്ല, ഉമ്മന്‍ചാണ്ടിയായിരുന്നാലും ആരായിരുന്നാലും തള്ളിപ്പറയേണ്ടത് തന്നെയാണ്. ഇതിനകത്തുള്ള പ്രശ്‌നം നിങ്ങള്‍ കാണേണ്ടത്. സി.പി.ഐ.എം നേതാക്കളുടെ മക്കള്‍ക്കെതിരെയാണ് ആരോപണങ്ങള്‍ ഉണ്ടാവുന്നത്. കൊടിയേരി ബാലകൃഷ്ണന്റെ മകനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. പിണറായി വിജയന്റെ മകന്‍ ബര്‍മിങ്ഹാമില്‍ 42 ലക്ഷം രൂപ കൊടുത്ത് പഠിച്ചിരുന്നുവെന്ന് പറഞ്ഞു. പി.കെ ശ്രീമതിയുടെയും ഇ.പി ജയരാജന്റെയും എ.കെ ബാലന്റെയും മക്കളെക്കുറിച്ചുമൊക്കെ ആരോപണങ്ങള്‍ വന്നുകൊണ്ടിരിക്കയാണ്.

അതേസമയം നമ്മള്‍ ബൂര്‍ഷ്വാ പാര്‍ട്ടിയെന്ന് വിളിക്കുന്ന കോണ്‍ഗ്രസിനും ഒരുപാട് കേന്ദ്രമന്ത്രിമാര്‍ കേരളത്തില്‍ നിന്നുണ്ട്. അവരുടെ മക്കളെക്കുറിച്ച് യാതൊന്നും പറയുന്നത് കേള്‍ക്കുന്നില്ല. ആന്റണിയുടെ മകനെക്കുറിച്ചോ വയലാര്‍ രവിയുടെ മകനെക്കുറിച്ചോ കെ.വി തോമസിന്റെ മക്കളെക്കുറിച്ചോ യാതൊന്നും കേള്‍ക്കുന്നില്ല. കേള്‍ക്കുന്നത് സി.പി.ഐ.എം നേതാക്കളുടെ മക്കളെക്കുറിച്ച് മാത്രമാണ്. ഇത് സുപ്രധാനമായ ഒരു പോയിന്റാണ്.

വി.ഡി സതീശന്‍ ഇന്നലെ പറയുന്നത് കേട്ടത് ടോമിന്‍ ജെ തച്ചങ്കരിയുടെ പാസ്‌പോര്‍ട്ട് പിടിച്ചുവെക്കുമ്പോള്‍ ക്രിമനല്‍ കേസില്‍ പ്രതിയാട്ടുള്ള ബിനീഷ് കോടിയേരിക്ക് വിദശത്ത് പോകാന്‍ അനുമതി കൊടുക്കുകയാണ് ചെയ്തത് എന്നാണ്.

ഇത് വ്യക്തമാക്കുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളുടെ മക്കളില്‍ നിന്ന് സമൂഹം പ്രതീക്ഷിക്കുന്ന ഇടപെടലല്ല സി.പി.ഐ.എം നേതാക്കളുടെ മക്കളില്‍ നിന്നുണ്ടാവുന്നത് എന്നല്ലേ?

നൂറ് ശതമാനം ഉറപ്പാണല്ലോ?. ബിനീഷ് കോടിയേരി, പോലീസീനെയൊക്കെ അടിച്ച് ക്രിമനല്‍ കേസില്‍ പ്രതിയായി നടന്ന ചെക്കന്‍, കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയായതിന് ശേഷം വിദേശത്തൊക്കെ പോയി ലക്ഷങ്ങള്‍ സമ്പാദിച്ചപ്പോഴാണ് ആരോപണങ്ങളും ഉണ്ടായത്. ഈ സ്ഥാനത്ത് കോണ്‍ഗ്രസിന്റെയൊക്കെ നേതാക്കളുടെ മക്കളാണ് ഇങ്ങിനെ ചെയ്തതെങ്കില്‍ അവര്‍ക്കെതിരെയും ഇത്തരം ആരോപണങ്ങള്‍ വരുമായിരുന്നു.

പിണറായി വിജയന്റെയും കോടിയേരി ബാലകൃഷ്ണന്റെയും മക്കള്‍ എത്തിച്ചേര്‍ന്ന ഒരു കണ്ണിയിലല്ലെ വി.എ അരുണ്‍കുമാറും വന്നെത്തിയത് എന്നല്ലെ ഈ ആരോപണങ്ങളിലൂടെ മനസ്സിലാക്കേണ്ടത്?.

അത് നമ്മള്‍ പറയാറായിട്ടില്ല. മുഖ്യമന്ത്രിയുടെ മകനെതിരെയുള്ള ആരോപണങ്ങള്‍ ഒന്നിന് പിറകെ ഒന്നായി ഇങ്ങിനെ ഉയര്‍ന്നുവരുന്നു. മറ്റുള്ളവരെ സംബന്ധിച്ച് വ്യക്തമായ തെളിവുണ്ട്. കോടിയേരിയുടെ മകനെക്കുറിച്ചും പിണറായിയുടെ മകനെക്കുറിച്ചും തെളിവുണ്ട്. അച്യുതാനന്ദന്റെ മകന്‍ ആരോപണങ്ങളുടെ മുകളില്‍ ഇങ്ങിനെ നില്‍ക്കുകയാണ്. ഇതില്‍ നമ്മള്‍ കാണേണ്ട കാര്യം ഉമ്മന്‍ചാണ്ടിയുടെ മകന്റെ ഭാര്യക്കെതിരെയായിരുന്നു ഇത്തരമൊരു ആരോപണം ഉണ്ടായിരുന്നതെങ്കില്‍ നമ്മള്‍ എന്തൊക്കെ പറയുമായിരുന്നു. നമ്മളതൊക്കെ വേര്‍തിരിച്ച് കാണണം. വി.എസ് പ്രതിപക്ഷ നേതാവായിരിക്കുന്ന സമയത്ത് ഉമ്മന്‍ചാണ്ടിയുടെ മകന്റെ ഭാര്യക്ക് ഓണ്‍ലൈന്‍ ലോട്ടറി ഏജന്‍സി ഡയരക്ടറായിരുന്നെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ. നമ്മള്‍ അതൊക്കെ ആലോചിക്കേണ്ടെ. അവസാനമായി ഞാനൊരു കാര്യം പറയാം. വി.എസ് അച്യുതാനന്ദന്‍ പ്രതിപക്ഷ നേതാവായിരിക്കുന്ന സമയത്ത് ഉയര്‍ത്തിക്കൊണ്ട് വന്ന ഒരു സമരത്തില്‍ നിന്നും അന്ന് അദ്ദേഹത്തിന് മകന്റെ ഭാര്യയോ മകനോ ഷാജഹാനോ പറഞ്ഞാല്‍ പിന്‍മാറാന്‍ കഴിയുമായിരുന്നില്ല.

വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രി ആയതിന് ശേഷം അദ്ദേഹം ഉയര്‍ത്തിക്കൊണ്ട് വന്ന രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറി എന്നാണോ താങ്കള്‍ ഉദ്ദേശിക്കുന്നത്?.

ഇതെല്ലാം കൂടി ചോദിച്ച് വെറുതെ വൈകിപ്പിക്കണോ…ഇതിനെല്ലാമുള്ള മറുപടി രണ്ടാഴ്ചക്കുള്ളില്‍ എന്റെ ഒരു പുസ്‌കതം പുറത്ത് വരുന്നുണ്ട്. ‘ചുവന്ന അടയാളങ്ങള്‍’ എന്നാണ് പുസ്തകത്തിന്റെ പേര്. ആ പുസ്തകത്തില്‍ താങ്കളുടെ ചോദ്യത്തിനുള്ള മറുപടി വസ്തുനിഷ്ഠമായി പറയുന്നുണ്ട്.

Advertisement