കേരളാ കോണ്‍ഗ്രസിന്റെ സ്ഥാപക ചെയര്‍മാന്‍ കെ.എം ജോര്‍ജ്ജിന്റെ ചരമ വാര്‍ഷിക അനുസ്മരണ സമ്മേളനത്തില്‍ കെ.എം മാണി നടത്തിയ പ്രസംഗം വിവാദമായിരുന്നു. കേരളത്തിന്റെ അഖണ്ഡത ചോദ്യം ചെയ്യപ്പെടുമ്പോള്‍ ഭരണഘടനയും ധര്‍മ്മവും പരിഗണിക്കേണ്ടതില്ലെന്നാണ് മാണി പ്രസംഗിച്ചത്.

‘തെക്കന്‍ അമേരിക്കയില്‍ ചില പ്രദേശങ്ങള്‍ സ്വാതന്ത്ര്യപ്രഖ്യാപനത്തിന് ശ്രമിച്ചപ്പോള്‍ പ്രസിഡന്റ് എബ്രഹാം ലിങ്കണ്‍ അവരെ യുദ്ധം ചെയ്ത് കീഴ്‌പ്പെടുത്തുകയായിരുന്നു ചെയ്തത്. മുല്ലപ്പെരിയാര്‍ ഇപ്പോള്‍ കേരളത്തിന്റെ അഖണ്ഡതയെ ചോദ്യം ചെയ്യുന്ന വിഷയമായി മാറിയിരിക്കയാണ്. കേരളത്തില്‍ അതൊരു സെക്യൂരിറ്റി ഭീഷണിയായി വന്നിരിക്കുന്നു. അഖണ്ഡത ചോദ്യം ചെയ്യപ്പെടുമ്പോള്‍ ഏതറ്റം വരെയും പോകാം. ഭരണഘടനയും നിയമവും ധര്‍മ്മവും അതില്‍ തടസ്സമല്ല’എന്നാണ് മാണി പറഞ്ഞത്.

മാണിയുടെ പ്രസ്താവനക്കെതിരെ പ്രതിപക്ഷ നേതാക്കളെല്ലാം രംഗത്തെത്തിയിരുന്നു. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനും തോമസ് ഐസക്കുമെല്ലാം വിമര്‍ശനമുന്നയിച്ചു. മാണി ഭരണഘടനയെ വെല്ലുവിളിച്ചു എന്നായിരുന്നു ആരോപണം.

നേരത്തെ മുല്ലപ്പെരിയാര്‍ വിഷയം പത്ത് ദിവസത്തിനുള്ളില്‍ പരിഹരിക്കണമെന്നും അല്ലാത്ത പക്ഷം സമര രീതികള്‍ മാറുമെന്നും മാണി പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയ ശേഷം, പ്രധാനമന്ത്രി പ്രശ്‌നത്തില്‍ ഇടപെടുന്നതിനാലും മുഖ്യമന്ത്രിയുടെ ഉപദേശത്തിനാലും ഒരുമാസം വരെ കാത്തിരിക്കുകയാണെന്നാണ് പറഞ്ഞത്.

Malayalam News
Kerala News in English