തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ നിന്നൊഴിയുമ്പോള്‍ ട്രഷറി മിച്ചമായിരുന്നുവെന്ന് സംസ്ഥാന സര്‍ക്കാര്‍ ധവളപത്രം. ധവളപത്രം ധനമന്ത്രി കെ.എം മാണി നിയമസഭയുടെ മശപ്പുറത്തുവെച്ചു. 3881.11 കോടിയായിരുന്നു ട്രഷറി മിച്ചം. എന്നാല്‍ ഇത് സാമ്പത്തിക വളര്‍ച്ചയുടെ സൂചകമായി കാണാന്‍ കഴിയില്ലെന്നും ധവളപത്രം വ്യക്തമാക്കുന്നു.

സാമ്പത്തിക മിച്ചത്തേക്കാള്‍ കൂടുതല്‍ ബാധ്യതകള്‍ സര്‍ക്കാറിനുണ്ടായിരുന്നു. അത് കൊടുത്തുതീര്‍ക്കാന്‍ ട്രഷറിയിലുള്ള പണത്തെക്കാള്‍ കൂടുതല്‍ ആവശ്യമായിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷം സര്‍ക്കാറിന്റെ റവന്യൂ വരുമാനത്തിന്റെ വളര്‍ച്ചാ നിരക്കില്‍ 14.57 ശതമാനത്തിന്റെ കുറവുണ്ടായി. ഇത് സംസ്ഥാന വികസനത്തെ ബാധിക്കും.

സംസ്ഥാന വരുമാനത്തിന്റെ ഏറിയ പങ്കും ശമ്പളം, പെന്‍ഷന്‍ ഇനത്തില്‍ ചെലവഴിക്കുകയാണെന്ന യു.ഡി.എഫിന്റെ സ്ഥിരം ആവലാതിയും ധവള പത്രത്തിലുണ്ട്. മൂലധന ചെലവ് കുറഞ്ഞു. കാര്‍ഷിക, അനുബന്ധ മേഖലയില്‍ നിന്നുള്ള വരുമാനത്തില്‍ ഗണ്യമായ കുറവുണ്ടായി. റവന്യൂ വരുമാനം കൂടിയതിന് കാരണം വാറ്റ് നികുതിയാണ്.

ട്രഷറി നിക്ഷേപത്തില്‍ കൂടുതലും സ്ഥിര നിക്ഷേപമാണ്. ഇതിന് വലിയ പലിശ നല്‍കേണ്ടി വരുന്നുണ്ട്. ഇത് വികസന സൂചനയായി കാണാന്‍ കഴിയില്ലെന്നും ധവള പത്രത്തില്‍ പറയുന്നു.

അതേസമയം കെ.എം മാണിയുടെ ധവള പത്രത്തിന് പകരമായി മുന്‍ ധനമന്ത്രി തോമസ് ഐസക് എം.എല്‍.എ നാളെ ബദല്‍ ധവള പത്രം നിയമസഭയില്‍ അവതരിപ്പിക്കും.