തിരുവനന്തപുരം: പിറവം ഉപതിരഞ്ഞെടുപ്പിന് ശേഷം ബജറ്റ് അവതരിപ്പിക്കുമെന്ന് ധനമന്ത്രി കെ.എം മാണി. തീയതി പിന്നീട് തീരുമാനിക്കുമെന്നും മാണി പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ സാമ്പത്തിക വര്‍ഷത്തിന്റെയും തുടക്കത്തില്‍ വാര്‍ഷിക ബജറ്റ് പ്രഖ്യാപിക്കുകയെന്നത് ഭരണഘടനാ പരമായ കടമയാണ്. ഏപ്രില്‍ ഒന്നുമുതലുള്ള ചിലവുകള്‍ക്ക് പണം കണ്ടെത്തണമെന്നതിനാല്‍ മാര്‍ച്ച് 31ന് മുമ്പ് ധനവിനിയോഗ ബില്‍ പാസാക്കേണ്ടതുണ്ട്. അതുകൂടി കണക്കിലെടുത്താവും ബജറ്റ് തിയ്യതി തീരുമാനിക്കുകയെന്നും മാണി പറഞ്ഞു. പിറവം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുന്നത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാകുന്ന സാഹചര്യത്തിലാണ് ബജറ്റ് മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്.

നിയമസഭാ സമ്മേളനം മാര്‍ച്ച് ഒന്നിനു തന്നെ വിളിച്ചുചേര്‍ക്കും. ഗവര്‍ണറുടെ നയപ്രഖ്യാപനത്തിലും മാറ്റമുണ്ടാകില്ല. മന്ത്രിസഭായോഗം വീണ്ടും ചേര്‍ന്ന് പുതിയ ശുപാര്‍ശകള്‍ ഗവര്‍ണറെ അറിയിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കേന്ദ്രബജറ്റിന് മുമ്പ് സംസ്ഥാന ബജറ്റ് അവതരിപ്പിക്കുമെന്ന് ധനമന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു. മാര്‍ച്ച് 9 ആയിരുന്നു ഇതിന് നിശ്ചയിച്ചിരുന്ന തിയതി. എന്നാല്‍ മാര്‍ച്ച് 18ന് പിറവം തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ ബജറ്റ് നേരത്തെ പ്രഖ്യാപിക്കുന്നത് വോട്ടര്‍മാരെ സ്വാധീനിക്കുമെന്ന് പ്രതിപക്ഷ ആരോപണമുണ്ടായിരുന്നു.

Malayalam News

Kerala News In English