Administrator
Administrator
മാണിയുടെ വിയര്‍പ്പിന്റെ വില
Administrator
Monday 21st March 2011 6:27pm

ജോര്‍ജ് ജോസഫ്

വളരുന്തോറും പിളരും, പിളരുന്തോറും വളരും. പ്രസിദ്ധമായ ഈ കെ എം മാണീയന്‍ സിദ്ധാന്തം ഇന്ന് മറ്റൊരു പരീക്ഷണം നേരിടുകയാണ്. വില പേശല്‍ ശക്തി കൂട്ടാന്‍ കത്തോലിക്കാ സഭയുടെ അനുഗ്രാശിസുകളോടെ മാണി നടത്തിയ ലയന പരിപാടികള്‍ യു.ഡി.എഫിന്റെ അടുപ്പില്‍ വേകാതെ കിടക്കുകയാണെന്ന് തന്നെയാണ് കഴിഞ്ഞ ദിവസത്തെ സംഭവങ്ങള്‍ തെളിയിക്കുന്നത്.

ജോസഫിനെയും ജോര്‍ജിനെയും കൂടെ കൂട്ടിയ താന്‍ മുന്നണിയുടെ മുകളിലെത്തിയെന്ന് ഞെളിഞ്ഞ മാണിക്ക് പക്ഷെ കാര്യങ്ങള്‍ കൈവിട്ടു പോകുകയായിരുന്നു. മാണിയുടെ ശക്തി കുറക്കാന്‍ മധ്യതിരുവിതാംകൂറില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളുടെ ശക്തമായ ഇടപടെലുകളും കൂടിയായപ്പോള്‍ നിയമസഭാ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്താന്‍ പോകുന്ന മുന്നണിയിലെ ഉഗ്രപ്രതാപിയാകാമെന്നുള്ള മാണിയുടെ മോഹങ്ങളുടെ ചിറകുമരിയപ്പെട്ടു.

തന്റെ പുതിയ ശക്തിയളന്നു സീറ്റു കിട്ടുമായിരുന്നെങ്കില്‍ കുഞ്ഞുമാണിക്ക് ഉപമുഖ്യമന്ത്രിസ്ഥാനം വരെ കല്‍പിക്കപ്പെട്ടിരുന്നു. മാണിയെ ഒതുക്കാന്‍ മുന്നണിയിലെ പ്രബലന്‍മാര്‍ കൈകോര്‍ത്തപ്പോള്‍ 23 സീറ്റെന്ന ആവശ്യം ആറ്റിക്കുറുക്കി 15ലേക്ക് താഴ്ത്തപ്പെട്ടു. കൃത്യമായി പറഞ്ഞാല്‍ ജോസഫിനെയും ജോര്‍ജിനെയും കൂടി കൊള്ളിക്കാന്‍ തക്കതായ വിസ്തൃതി മുന്നണി അളന്നു നല്‍കി . ഇതു മാണി എങ്ങനെ വിനിയോഗിക്കുമെന്നതാണ് ഇനി നോക്കേണ്ടത് .

2006ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് കിട്ടിയ 11 സീറ്റില്‍ 9ലും വിജയിച്ചാണ് മാണി മുന്നണിയിലെ കരുത്തനായി വളര്‍ന്നത്. ഇത്തവണ തനിക്ക് കിട്ടിയ 15ല്‍ പരമാവധി ജയിച്ച കൂടുതല്‍ മന്ത്രിസ്ഥാനം നേടുകയെന്നതാകും മാണിയുടെ ലക്ഷ്യം. ഇതിനും കാര്യമായ വിലപേശലുകള്‍ വേണ്ടി വരുമെങ്കില്‍ പോലും.

ലയനത്തിലൂടെ തന്റെ പാര്‍ട്ടിയിലേക്ക് കൂടുതലായി എത്തിയ നേതാക്കളെ മുന്നണിയില്‍ കൂടുതല്‍ സീറ്റു കിട്ടുമ്പോള്‍ ഉള്‍ക്കൊള്ളിക്കാമെന്ന മാണിയുടെ കണക്കു കൂട്ടലാണ് ഇവിടെ പ്രധാനമായും പിഴച്ചത്. അത് കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനെ ചെറുതായല്ല ബാധിക്കാന്‍ പോകുന്നത്. ലയനത്തിന് മുമ്പ് തന്റെ പാര്‍ട്ടിയിലെ പാര്‍ലമെന്റേറിയന്‍ വ്യാമോഹികളെ സമര്‍ഥമായി ഒതുക്കി നിര്‍ത്തിയിരുന്ന മാണിക്ക് പക്ഷെ വന്‍മല പോലെ വളര്‍ന്ന കേരളാ കോണ്‍ഗ്രസിലെ ജംബോ നേതൃനിരയെ കൈകാര്യം ചെയ്യാന്‍ നന്നേ വിയര്‍ക്കേണ്ടി വരുന്നു.

ജോസഫിനൊപ്പം വന്ന നേതാക്കള്‍ക്ക് സീറ്റു നല്‍കാനുള്ള തത്രപ്പാടിലാണ് മാണിയിപ്പോള്‍. ഇങ്ങനെ വന്നാല്‍ കാലങ്ങളായി തന്നോടൊപ്പം നിന്നവരെ തൃപ്തിപ്പെടുത്താന്‍ മാണിക്ക് കഴിയില്ല. കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫിനെ മല്‍സരിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്നാണ് മാണിക്ക് ആദ്യ തിരിച്ചടി നേരിടുന്നത്. മോന്‍സിന്റെ സ്ഥാനാര്‍ഥിഥ്വം ഉറപ്പിച്ചതോടെ കഴിഞ്ഞ കുറെ തിരഞ്ഞെടുപ്പുകളില്‍ മാണി ഗ്രൂപ്പിനെ വേണ്ടി മോന്‍സിനെ നേരിട്ട് വിജയവും പരാജയവും അറിഞ്ഞ സ്റ്റീഫന്‍ ജോര്‍ജ് പാര്‍ട്ടി വിട്ടു.

കടുത്തുരുത്തിയില്‍ മോന്‍സിനെതിരെ തന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചു കൊണ്ടാണ് സ്റ്റീഫന്‍ മാണിയെ പ്രതിസന്ധിയിലാക്കിയത്. പി സി തോമസെന്ന രാഷ്ട്രീയത്തിലെ തന്റെ മുഖ്യ എതിരാളിയുടെ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാണ് ഇപ്പോള്‍ സ്റ്റീഫന്‍ ജോര്‍ജ്. സാമുദായിക സമവാക്യവും ഇവിടെ സ്റ്റീഫന് അനുകൂലമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. കടുത്തുരുത്തി നിയമസഭാ മണ്ഡലം കേരളാ കോണ്‍ഗ്രസ് എമ്മിന് ഏറെ തന്ത്രപ്രധാനമായ ഒന്നാണ്. 2006ല്‍ മോന്‍സ് ജോസഫ് ഇടതുസ്ഥാനാര്‍ഥിയായി ജയിച്ചെങ്കിലും ലയനത്തിലേക്കുള്ള വഴിയിലെ ആ തിരഞ്ഞെടുപ്പും ഒരു ‘സൗഹൃദ’മല്‍സരമായിരുന്നുവെന്ന് വേണം കരുതാന്‍.

2009ല്‍ മകന്‍ ജോസ് കെ മാണിയെ ലോക്‌സഭാ സ്ഥാനാര്‍ഥിയാക്കാന്‍ ഇറങ്ങിത്തിരിച്ച മാണി ആദ്യം നോക്കിയത് കടുത്തുരുത്തിയുടെ നാഢീമിടിപ്പുകളാണ്. പാലായിലെ പിന്തുണ ഉറപ്പിച്ച മാണി തന്റെ രണ്ടാം വീടായാണ് കടുത്തുരുത്തിയെ കണ്ടത്. മകനെ ജയിപ്പിക്കാനുള്ള നീക്കങ്ങളില്‍ ആദ്യപടിയായി അദ്ദേഹം കടുത്തുരുത്തിയിലാകെ കുടുംബയോഗങ്ങള്‍ സംഘടിപ്പിച്ചിരുന്നു. കടുത്തുരുത്തി കാട്ടിത്തന്ന വഴിയാണ് ജോസ് കെ മാണിയുടെ വിജയത്തിന് അടിത്തറ പാകിയതെന്ന വ്യക്തം. അതേ കടുത്തുരുത്തിയിലാണ് ഇപ്പോള്‍ സ്റ്റീഫന്‍ ജോര്‍ജിന്റെ പേരില്‍ മാണി ഒരു അഗ്നിപരീക്ഷണം നേരിടുന്നത്. മാണി കോണ്‍ഗ്രസിനുള്ളില്‍ നീറിപ്പുകയുന്ന അസ്വസ്ഥകളുടെ ചൂണ്ടുപലകയാണ് സ്റ്റീഫന്‍ ജോര്‍ജിന്റെ സ്ഥാനാര്‍ഥിത്വം.

ലയനത്തിലൂടെ കൂടുതല്‍ വലിയ നേതാക്കളെ തന്റെ പാളയത്തിലെത്തിക്കാന്‍ മാണിക്കായെങ്കിലും സ്വന്തം അനുയാകളുടെ അസംതൃപ്തി പരിഹരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഇതിന് പുറമെ ജോസഫ് ഗ്രൂപ്പുമായും ജോര്‍ജിന്റെ സെക്യൂലറുമായും ഏറ്റുമുട്ടിയ മണ്ഡലങ്ങളിലും മാണി ഗ്രൂപ്പിനുള്ളിലെ അസ്വസ്ഥതകള്‍ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് വ്യക്തം. ഈ മണ്ഡലങ്ങളിലും സ്റ്റീഫന്‍ ജോര്‍ജിന് പിന്‍ഗാമികളുണ്ടാകുമോ എന്നത് കണ്ടറിയേണ്ടതാണ്. ഒരു പക്ഷെ കെ എം മാണിയെന്ന രാഷ്ട്രീയ ചാണക്യന്‍ തന്ത്രങ്ങള്‍ പയറ്റി അത്തരം ബൂമറാംഗുകളുടെ ഗതിമാറ്റിയേക്കാം.

ഇതൊന്നും തന്നെ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രകടനത്തെ ബാധിക്കുമെന്നും പറയാനാവില്ലെന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യക്തം.എങ്കിലും ഉള്ളില്‍ പുകയുന്ന അഗ്നിപര്‍വ്വതം അധികം വൈകാതം ലാവയായി പുറത്തേക്ക് വരുമെന്ന തന്നെ വേണം കരുതാന്‍. കെ എം മാണിയെ കാത്തിരിക്കുന്നത് പ്രതിസന്ധിയുടെ ദിനങ്ങളായിരിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കഴിഞ്ഞ ഒന്നര വര്‍ഷക്കാലത്തിനിടയില്‍ നടന്ന ലയന സമ്മേളനങ്ങളുടെ തിരക്കിനിടയില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ ഇടക്കിടെ വെല്ലുവിളിച്ച മാണിക്ക് ആ വഴിയിലും കുഴപ്പങ്ങള്‍ വരാനുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ കരുത്തു കാട്ടിയ മാണി തലവേദനയാകുമെന്ന മനസിലാക്കിയ കോണ്‍ഗ്രസ് നേതൃത്വം നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക മുമ്പ് തന്നെ മാണിയുടെ അവകാശവാദങ്ങളുടെ മുനയൊടിക്കാന്‍ തുടങ്ങിയിരുന്നു. ജോസഫിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് മാണി നടത്തിയ പ്രസ്താവനയെ തുടര്‍ന്ന് തൊടുപുഴയില്‍ യൂത്ത് കോണ്‍ഗ്രസ് – യൂത്ത് ഫ്രണ്ട് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ ഇതിന്റെ പ്രത്യക്ഷ ഉദാഹരണം മാത്രം. ഏതായാലും യു.ഡി.എഫ്-എല്‍.ഡി.എഫ് രാഷ്ട്രീയത്തില്‍ പ്രകമ്പനമുണ്ടാക്കാന്‍ പോന്ന അഗ്നി പര്‍വ്വതം കോട്ടയത്ത് പുകയുന്നുണ്ടെന്നര്‍ഥം.

Advertisement