തിരുവനന്തപുരം: പുതിയ മന്ത്രിമാരുടെ എണ്ണവും വകുപ്പുകളെയും സംബന്ധിച്ച് കോണ്‍ഗ്രസുമായി ധാരണയിലെത്തിയില്ലെന്ന് കേരളകോണ്‍ഗ്രസ് എം നേതാവ് കെ.എം മാണി. വിഷയം ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മാണി.

മന്ത്രിമാരുടെ എണ്ണത്തെക്കുറിച്ച് ധാരണയൊന്നും ആയിട്ടില്ല. ചര്‍ച്ച ആരംഭിച്ചിട്ടേ ഉള്ളൂ. നാളെയും ചര്‍ച്ച തുടരും. മന്ത്രിമാരുടെ എണ്ണത്തെക്കുറിച്ച് വ്യക്തമായ ധാരണയായ ശേഷം മാധ്യമപ്രവര്‍ത്തകരെ അറിയിക്കുമെന്ന് മാണി പറഞ്ഞു. ചര്‍ച്ച വഴിമുട്ടിയിട്ടില്ലെന്നും മാണി വ്യക്തമാക്കി. രാവിലെ കന്റോണ്‍മെന്റ് ഹൗസില്‍വെച്ചായിരുന്നു ചര്‍ച്ച.

അതിനിടെ മന്ത്രിമാരെ നിശ്ചയിക്കാനുള്ള മുസ്‌ലിം ലീഗ് പാര്‍ലമെന്ററി യോഗം ഇന്ന് പാണക്കാട്ട് ചേരും. അഞ്ച് മന്ത്രിസ്ഥാനങ്ങള്‍ വേണമെന്ന് ലീഗ് ആവശ്യപ്പെടുമെന്നാണ് സൂചന. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ കേന്ദ്രമന്ത്രി ഇ. അഹമ്മദ് അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കും.

രണ്ടുസീറ്റുള്ള സോഷ്യലിസ്റ്റ് ജനതയുടെ മന്ത്രിയെ നിശ്ചയിക്കാനുള്ള യോഗവും തിരുവനന്തപുരത്ത് നടക്കുകയാണ്. കണ്ണൂര്‍ പാനൂരില്‍ നിന്നും വിജയിച്ച കെ.പി മോഹനന്‍ മന്ത്രിയായേക്കുമെന്നാണ് റിപ്പോര്‍ട്ട്.