കോട്ടയം: പാര്‍ലമെന്ററി കാര്യവകുപ്പു കൂടി മുസ്‌ലിം ലീഗ് ആവശ്യപ്പെട്ട കാര്യം അറിയില്ലെന്ന് കേരള കോണ്‍ഗ്രസ് എം. നേതാവ് കെ.എം മാണി. മൂന്ന് സ്ഥാനങ്ങള്‍ പിന്നീട് അറിയിക്കുമെന്നാണ് തന്നെ അറിയിച്ചിരുന്നതെന്നും മാണി പറഞ്ഞു.

സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, പാര്‍ലമെന്ററി കാര്യവകുപ്പ് എന്നിവ ഒഴിച്ചിടുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഏത് സാഹചര്യത്തിലാണ് ലീഗ് അഞ്ച് മന്ത്രിമാരെ പ്രഖ്യാപിച്ചതെന്ന് അറിയില്ലെന്നും എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്നും മാണി വ്യക്തമാക്കി.

പി.കെ കുഞ്ഞാലിക്കുട്ടി, വി.കെ ഇബ്രാഹിം കുഞ്ഞ്, എം.കെ മുനീര്‍, പി.കെ അബ്ദുറബ്ബ്, മഞ്ഞളാംകുഴി അലി എന്നിവരുടെ പേരുകളാണ് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചത്. നാടകീയമായിട്ടാണ് മഞ്ഞളാംകുഴി അലിയെ മന്ത്രിസ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചത്.

പി.കെ കുഞ്ഞാലിക്കുട്ടിക്ക് വ്യവസായതദ്ദേശഭരണ വകുപ്പ് ലഭിക്കും.പി.കെ അബ്ദുറബ്ബിന് വിദ്യാഭ്യാസ വകുപ്പും വി.കെ ഇബ്രാഹിംകുഞ്ഞിന് പൊതുമരാമത്ത് വകുപ്പും ലഭിക്കും. എം.കെ മുനീറിന് സാമുഹ്യക്ഷേമം, പഞ്ചായത്ത് വകുപ്പുകള്‍ ലഭിക്കും. പാര്‍ലമെന്ററി വകുപ്പ് തങ്ങള്‍ക്ക് ലഭിക്കണമെന്ന് വ്യക്തമാക്കിയ ലീഗ് മഞ്ഞളാംകുഴി അലിയുടെ പേരാണ് ഇതിനായി നിര്‍ദ്ദേശിച്ചിരിക്കുന്നത്.