km-maniകോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്നതിന് തൊട്ട് പിന്നാലെ യു.ഡി.എഫില്‍ പൊട്ടിത്തെറിയുടെ സൂചന. കേരള കോണ്‍ഗ്രസ് നേതൃത്വം കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. കേരള കോണ്‍ഗ്രസുകളുടെ ലയനത്തിന് ഞങ്ങള്‍ കനത്ത വില നല്‍കേണ്ടി വന്നുവെന്നാണ് ഫലപ്രഖ്യാപനത്തോട് കെ.എം മാണിയുടെ പ്രതികരണമുണ്ടായത്. ഫലം യു.ഡി.എഫ് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കെ.എം മാണിയുടെ ഭൂരിപക്ഷം വന്‍തോതില്‍ കുറഞ്ഞതും തന്റെ പല സ്ഥാനാര്‍ഥികളും തോറ്റതും മാണിയെ ചൊടിപ്പിച്ചിട്ടുണ്ടെന്നാണ് സൂചനകള്‍.

യു.ഡി.എഫ് ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചില്ലെന്നാണ് ഫലപ്രഖ്യാപനത്തോട് പി.സി ജോര്‍ജ്ജ് പ്രതികരിച്ചത്. അതായത് കേവല ഭൂരിപക്ഷം നേടിയെങ്കിലും യു.ഡി.എഫിനെ കാത്തിരിക്കുന്നത് പൊട്ടിത്തെറിയുടെ അഗ്നി പര്‍വ്വതങ്ങളാണെന്ന് ചുരുക്കം.

പി.ജെ ജോസഫ് -മാണി ലയനത്തിനെതിരെ ശക്തമായി രംഗത്ത് വന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ പാലം വലിച്ചുവെന്ന ആക്ഷേപം മാണിക്കുണ്ട്. ഇത് ചൂണ്ടിക്കാട്ടി മുന്നണിയോട് ശക്തമായി വില പേശാന്‍ തന്നെയാണ് മാണിയുടെ നീക്കം. ഇത് വരും ദിനങ്ങളില്‍ എന്ത് പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുകയെന്ന് കണ്ടറിയേണ്ടിരിക്കുന്നു.

വെറും  നാല് സീറ്റുകളുടെ മാത്രം ഭൂരിപക്ഷമാണ് യു ഡി എഫിനുള്ളത്. ഒരു എം എല്‍ എ മാത്രമുള്ള കേരളാ കോണ്‍ഗ്രസ്(ബി), ആര്‍ എസ് പി(ബി), കേരളാ കോണ്‍ഗ്രസ്(ജേക്കബ്) എന്നിവയ്ക്ക് മന്ത്രിസ്ഥാനം നല്‍കേണ്ടി വരും. സ്വതന്ത്രമായ ഒരു നിലപാടും സ്വീകരിക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ല.