Download Android App
Categories
boby-chemmannur  

പാലമുഷിയെ പിടിക്കാന്‍ ഫാരിസിന്റെ ഒറ്റല്‍

ചുരുക്കെഴുത്ത്/ ബാബുഭരദ്വാജ്

കേരളീയ രാഷ്ട്രീയം തെരഞ്ഞെടുപ്പിന്റെ ഒരു ഭ്രാന്തന്‍ വേലിയേറ്റത്തില്‍ പെട്ട് ഉഴലുമ്പോള്‍ കൈ നനയാതെ മീന്‍ പിടിക്കാന്‍ വൈദഗ്ധ്യം നേടിയവരാണ് അവരില്‍ പലരും. മീന്‍കൊട്ടക്കുള്ളില്‍ കിടന്ന് പുളഞ്ഞ് കുഴപ്പമുണ്ടാക്കി ചില വഴുവഴുപ്പന്‍ മീനുകള്‍ ചാടാന്‍ ഒരുങ്ങി കഴിഞ്ഞു. അതില്‍ പ്രധാനി ഒരു പാല മുഷിയാണ്.

ആഫ്രിക്കന്‍ മുഷിയുടെ പ്രത്യേകത അത് കുളത്തിലെ മറ്റെല്ലാം മീനുകളേയും വംശത്തോടെ മുടിച്ച് ആധിപത്യം സ്ഥാപിക്കും എന്ന് മാത്രമല്ല. തഴച്ച് വളര്‍ന്ന് കുളം കീഴടക്കുകയും ചെയ്യും. പാലമുഷിയെ പിടിക്കാന്‍ പാര്‍ട്ടി നിയോഗിച്ചിരിക്കുന്നത് വേന്ദ്രനയാണ്.

ഇവിടെ പാര്‍ട്ടി എന്ന് പറഞ്ഞാല്‍ സി.പി.ഐ.എം ആണ്. ചില വസ്തുക്കള്‍ക്ക് അതിന്റെ ബ്രാന്റ് നാമമാകാന്‍ കഴിവേറും. നാട്ടിന്‍പുറത്ത് ‘സിഗരറ്റ്’ എന്ന് പറഞ്ഞാല്‍ കത്തിരി മാര്‍ക്കാണ്. പേസ്‌റ്റെന്നു പറഞ്ഞാല്‍ ഒരു പ്രത്യേക തരം പല്ല് തേക്കല്‍ വസ്തുവിന്റെ ബ്രാന്റ് നാമമാണ്.

വസ്തുവിന്റെ ശരിപ്പേര് പറയാതെ സിഗരറ്റെന്ന് പറഞ്ഞാല്‍ കടക്കാരന്‍ കൊടുക്കുന്നത് കത്തിരി മാര്‍ക്കും പേസ്‌റ്റെന്ന് പറഞ്ഞാല്‍ കിട്ടുന്നത് കോള്‍ഗേറ്റെന്നുമാണ്. ഈ വിധം നിരവധി സാധനങ്ങള്‍ ഉണ്ട്. കേരളത്തില്‍ പാര്‍ട്ടിയെന്ന് മാത്രം പറഞ്ഞാല്‍ അത് സി.പി.ഐ.എമ്മാണ്. മറ്റെല്ലാ പാര്‍ട്ടികളും പേര് ചൊല്ലി വിളിക്കുമ്പോഴേ പാര്‍ട്ടിയാവുകയുള്ളൂ.

പാലാ മുഷിയെപ്പിടിക്കാന്‍ ഫാരിസ് അബൂബക്കര്‍ ഒറ്റാലുമായി ഇറങ്ങിക്കഴിഞ്ഞു. പാലമുഷി’ ഒറ്റാലിയില്‍ കയറിക്കഴിഞ്ഞുവെന്നോ കയറാന്‍ പോകുന്നുവെന്നോ ഒക്കെയുള്ള വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു. കയറും എന്ന് തന്നെയാണ് അനുമാനിക്കേണ്ടത്. ഫാരിസിന്റെ കൂടെ പള്ളിയും പട്ടക്കാരുമുണ്ട്. നസ്രാണി ദീപികയെ ഫാരിസിന് അടിയറ വെച്ച അച്ചന്‍മാരുടെ കൂട്ടുണ്ട് ഫാരിസിന്.

എത്ര കാലമായി ചളിയില്‍ പൂണ്ട് കിടക്കുന്നു. ഇനിയും വരണ്ട്‌കൊണ്ടിരിക്കുന്ന ചളിക്കുണ്ടില്‍ പുളഞ്ഞ് കളിക്കാനാവില്ല. പുറത്ത് ചാടുക തന്നെവേണം. അതിനാണ് തൊടുപുഴ പാലമുഷി കലക്കിയത്. പ്രതീക്ഷിക്കാത്ത സമയത്ത് വഴുതിനീങ്ങാന്‍ ഈ പാലക്കാരന് വൈദഗ്ധ്യമേറെ.

എല്ലാം അനുകൂലമാണെങ്കില്‍ എന്തിനാണ് മാണിയെ കൂട്ട്പിടിക്കുന്നത്. അച്യുതാനന്ദന്‍ അറിയാതെ ഈ ഒറ്റലുകാര്‍ ഇറങ്ങിയതെന്തിനാണ്. അച്യുതാനന്ദനെ മുന്നില്‍ നിര്‍ത്തി ഒരു തിരഞ്ഞെടുപ്പിന് പാര്‍ട്ടി നേതൃത്വം തയ്യാറല്ല. മാണിയെ ഒറ്റാലിലാക്കിക്കഴിഞ്ഞാല്‍ പിന്നെ അച്യുതാനന്ദനെ വേണ്ടി വരില്ല.

അച്യുതാനന്ദനെ പ്രകീര്‍ത്തിക്കുമ്പോഴൊക്കെ പാര്‍ട്ടി നേതൃത്വം വല്ലാതെ ഹൃദയവ്യഥ അനുഭവിക്കുന്നുണ്ട്. അതുവരെ തള്ളിപ്പറഞ്ഞ ഒരാളെ പുണ്യവാളനാക്കുമ്പോള്‍ ഇതുവരെ പാര്‍ട്ടി പറഞ്ഞതെല്ലാം തെറ്റാണെന്ന് വരുമല്ലോ. അടുത്ത ഏതാനും നാളുകളില്‍ ഇതുവരെ കളിച്ച എപ്പിസോഡുകള്‍ മാറിവരാന്‍ പോകുന്നു. കഥ പുതിയൊരു വഴിത്തിരിവിലേക്ക് നീങ്ങുന്നു.

മാണിയുടെ ഒറ്റാലില്‍ കുരുങ്ങിക്കിടക്കുന്ന പി.ജെ സോസഫിന്റെ സ്ഥിതിയെന്താകും.?. പി.ജെ ജോസഫിന് താന്‍ ചാടിപ്പോയ ഒറ്റാലിലേക്ക് തന്നെ മാണിക്കൊപ്പം തിരിച്ചുവരേണ്ടി വരുമോ?. ശേഷം ഭാഗങ്ങള്‍ സ്‌ക്രീനില്‍ കാണുന്നതല്ലേ നല്ലത്.

അച്യുതാനന്ദനൊപ്പം നിന്ന് ഇപ്പോള്‍ തെറ്റിപ്പിരിഞ്ഞ വിപ്ലവകാരികളും ഇപ്പോള്‍ ഫാരിസിന് ഉപദേശ നിര്‍ദേശം നല്‍കാന്‍ കൂടെക്കൂടിയിട്ടുണ്ടെന്നാണ് അനുമാനിക്കേണ്ടത്. ഞാനിപ്പോള്‍ അതൊന്നും പറയുന്നില്ല.

Tagged with:

Warning: include(comments_old.php) [function.include]: failed to open stream: No such file or directory in /home/kerala/public_html/wp-content/themes/swap_responsive_new/comments.php on line 1

Warning: include(comments_old.php) [function.include]: failed to open stream: No such file or directory in /home/kerala/public_html/wp-content/themes/swap_responsive_new/comments.php on line 1

Warning: include() [function.include]: Failed opening 'comments_old.php' for inclusion (include_path='.:/usr/lib/php:/usr/local/lib/php') in /home/kerala/public_html/wp-content/themes/swap_responsive_new/comments.php on line 1