Categories

സമരമല്ല, പ്രാര്‍ത്ഥനാ യഞ്ജമാണ്: മാണി

കുമളി: മുല്ലപ്പെരിയാര്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട് ചപ്പാത്തില്‍ നടത്തുന്ന ഉപവാസം സമരമല്ല, പ്രാര്‍ത്ഥനാ യഞ്ജമാണെന്ന് ധനമന്ത്രി കെ.എം മാണി. മന്ത്രിയെന്ന നിലയിലല്ല കേരളാ കോണ്‍ഗ്രസ് നേതാവെന്ന നിലയിലാണ് താന്‍ സമരത്തില്‍ പങ്കെടുക്കുന്നതെന്നും മാണി പറഞ്ഞു.

ചപ്പാത്തിലെ സമരപ്പന്തലില്‍ നിരാഹാരസമരം നടത്തുന്ന പ്രമുഖരെ അദ്ദേഹം അഭിനന്ദിച്ചു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി താന്‍ ദുബായിയില്‍ ആയിരുന്നെന്നും സമരത്തില്‍ പങ്കാളിയാകാന്‍ വേണ്ടി ദുബായിയിലെ പരിപാടികള്‍ മുന്‍കൂട്ടി റദ്ദ് ചെയ്ത് ഇവിടേക്ക് വരികയായിരുന്നു. ഇവിടെ ഒരു വിപത്ത് ഭയന്ന് ആളുകള്‍ ആശങ്കപ്പെടുമ്പോള്‍ അവരെ കാണാനും, അവരുടെ കണ്ണീരൊപ്പാനും, ദു:ഖം പങ്കുവയ്ക്കാനും, അവരോടൊപ്പം പ്രാര്‍ത്ഥനായഞ്ജത്തില്‍ പങ്കെടുക്കാനുമാണ് താനിവിടെയെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

മുല്ലപ്പെരിയാര്‍ തകര്‍ന്ന് കേരളത്തിന് എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ അതൊരിക്കലും ഒരു പ്രകൃതി ദുരന്തമല്ല. മനുഷ്യ നിര്‍മിതമായ ദുരന്തമാണ്. 116 വര്‍ഷം പഴക്കമുള്ള ഡാമിനെ കാലപ്പഴക്കം കാരണം കേടുപാടുകളും വിള്ളലുകളും ഉണ്ടായത് എല്ലാവരുടേയും ശ്രദ്ധയില്‍പ്പെട്ടു. 1200 ദിവസമായി ചപ്പാത്തില്‍ സമരം തുടങ്ങിയിട്ട്. കേരളസര്‍ക്കാരിന്റെയും തമിഴ്‌നാടിന്റെയും കേന്ദ്രത്തിന്റെയും ശ്രദ്ധയില്‍ ഇക്കാര്യം പെടാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. അടുത്തിടെ ഭൂകമ്പമുണ്ടായതോടെ ജനങ്ങളുടെ ആശങ്കവര്‍ധിച്ചു. ഇവിടെ എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ 40 ലക്ഷം പേരുടെ ജീവനാണ് നഷ്ടമാകുക. ലോകം കണ്ടതില്‍ വച്ച് ഏറ്റവും വലിയ
ദുരന്തമായിരിക്കും ഇത്. തടയാന്‍ കഴിയുമായിരുന്നിട്ടും, ഈ ദുരന്തം തടയാതിരുന്നതിന് ലോകം മുഴുവന്‍ നമ്മളെ പഴിക്കും, കുറ്റപ്പെടുത്തും. അങ്ങനെയൊരു സാഹചര്യത്തില്‍ മന്ത്രിയാണെന്നും പറഞ്ഞ് മാറിനില്‍ക്കാന്‍ തന്റെ മനസ് അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ജനങ്ങളുടെ ആശങ്ക തമിഴ്‌നാട് മനസിലാക്കണം. ഡാം തകര്‍ന്നാല്‍ കേരളത്തിലെ നാല് ജില്ലകള്‍ തകരുന്നതിന് പുറമേ തമിഴ്‌നാട്ടിലെ അഞ്ചെട്ട് ജില്ലകളില്‍ വെള്ളം കിട്ടാതാകും.

മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്നും ഒരു ദിവസം പോലും തമിഴ്‌നാടിന് വെള്ളംകൊടുക്കാതിരുന്നിട്ടില്ല. ഇനിയും അതിന് മാറ്റമുണ്ടാവില്ല. പുതിയ ഡാം നിര്‍മ്മിച്ചാലും തമിഴ്‌നാടിന് ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്ന ജലം നല്‍കും. ഇത് സംബന്ധിച്ച് പ്രധാനമന്ത്രിക്കും, സുപ്രീംകോടതിക്കും കേരളം ഉറപ്പുനല്‍കിയിട്ടുണ്ട്. ഇനിയാര്‍ക്ക് വേണമെങ്കിലും ഉറപ്പ് നല്‍കാന്‍ തയ്യാറാണ്.

അണക്കെട്ടിലെ ജലനിരപ്പ് 136 അടിയില്‍ നിന്നും 120 അടിയായി താഴ്ത്തണം. ഇതിന് തമിഴ്‌നാട് അനുവദിക്കണമെന്നും മാണി ആവശ്യപ്പെട്ടു.

Malayalam News

Kerala News in English

One Response to “സമരമല്ല, പ്രാര്‍ത്ഥനാ യഞ്ജമാണ്: മാണി”

  1. anu

    ഇവിടെ ഒരു വിപത്ത് ഭയന്ന് ആളുകള്‍ ആശങ്കപ്പെടുമ്പോള്‍ അവരെ കാണാനും, അവരുടെ കണ്ണീരൊപ്പാനും, ദു:ഖം പങ്കുവയ്ക്കാനും, അവരോടൊപ്പം പ്രാര്‍ത്ഥനായഞ്ജത്തില്‍ പങ്കെടുക്കാനുമാണ് താനിവിടെയെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
    ഇയാള്‍ ആരെ ഉവ ?? യേശുകൃസ്തുവോ കണ്ണീരൊപ്പാന ?

    പോയി മന്ത്രിസ്ഥാനം രാജി വച്ചിട്ട് diaglog വിട് ..

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.