കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് 22 സീറ്റ് അനുവദിക്കണമെന്ന് കേരള കോണ്‍ഗ്രസ് മാണി വിഭാഗം ആവശ്യപ്പെട്ടു. കോണ്‍ഗ്രസ്സുമായുള്ള ഉഭയകക്ഷി ചര്‍ച്ചയിലാണ് ഈ ആവശ്യം ഉന്നയിച്ചത്.

പാര്‍ട്ടിയുടെ ആവശ്യം കോണ്‍ഗ്രസ് അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ചര്‍ച്ചയ്ക്ക് മുന്നോടിയായി കേരളാ കോണ്‍ഗ്രസ് നേതാവ് കെ.എം മാണി പ്രത്യാശ പ്രകടിപ്പിച്ചു. സോഷ്യലിസ്റ്റ് ജനത, സി.എം.പി എന്നീ കക്ഷികളുമായും ഇന്ന് ഉഭയകക്ഷി ചര്‍ച്ച നടക്കും.

2006 ലെ തിരഞ്ഞെടുപ്പില്‍ 11 സീറ്റുകളിലാണ് കേരളാ കോണ്‍ഗ്രസ് മത്സരിച്ചത്. 7 ഇടത്ത് വിജയിച്ച പാര്‍ട്ടി പിന്നീട് പി സി ജോര്‍ജെത്തിയപ്പോള്‍ വിജയിച്ച സീറ്റുകളുടെ എണ്ണം എട്ടാക്കി. ജോസഫ് ഗ്രൂപ്പാകട്ടെ മത്സരിച്ച 6 സീറ്റുകളില്‍ 4 എണ്ണത്തില്‍ വിജയിച്ചു.

ഇതെല്ലാം കൂട്ടിക്കിഴിച്ചാണ് 22 എന്ന അക്കത്തിലേക്ക് ആവശ്യം എത്തിയത്. എന്നാല്‍ ലയനത്തിന്റെ ബാധ്യത കെ എം മാണി തന്നെ ഏറ്റെടുക്കണം എന്ന നിലപാടാണ് കോണ്‍ഗ്രസിനുള്ളത്. ഇത് മുന്‍കൂട്ടിക്കണ്ട് കോണ്‍ഗ്രസ് നേതൃത്വം ലയന സമയത്ത് തന്നെ ചില അഭിപ്രായപ്രകടനങ്ങള്‍ നടത്തിയിരുന്നു. 22 ചോദിക്കുമെങ്കിലും 17 സീറ്റ് വരെ പോകാമെന്നാണ് മാണി ഗ്രൂപ്പ് തീരുമാനം.