എഡിറ്റര്‍
എഡിറ്റര്‍
ഞങ്ങള്‍ ഇപ്പോള്‍ യു.ഡി.എഫില്‍ ഇല്ല; പിന്നെ പ്രാദേശികമായ ഒരു കൂട്ടുകെട്ടിനെ അവര്‍ വിമര്‍ശിക്കുന്നത് എന്തിന്: കെ.എം മാണി
എഡിറ്റര്‍
Thursday 4th May 2017 11:42am

തിരുവനന്തപുരം: കോട്ടയത്തേത് നിര്‍ഭാഗ്യകരമായ സംഭവമാണെന്ന് കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണി. വിഷയത്തില്‍ വികാരപരമായി പ്രതികരിക്കാനില്ലെന്നും പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതികരണവും സംസാരവും മനസിലാക്കിയ ശേഷം നടപടി തീരുമാനിക്കുമെന്നും കെ.എം മാണി പറഞ്ഞു.

ഞങ്ങള്‍ ഇപ്പോള്‍ യു.ഡി.എഫില്‍ ഇല്ല. പിന്നെ പ്രാദേശികമായ ഞങ്ങളുടെ കൂട്ടുകെട്ടിനെ അവര്‍ ഇത്തരത്തില്‍ വിമര്‍ശിക്കുന്നത് എന്തിനാണെന്നും മാണി ചോദിച്ചു. കേരള കോണ്‍ഗ്രസിന്റെ തീരുമാനത്തിന് കാരണം ഡി.സി.സിയുടെ പ്രകോപനമാണെന്നും കെ.എം മാണി പറഞ്ഞു.

വിഷയത്തില്‍ പാര്‍ട്ടി വിലയിരുത്തലുകള്‍ നടത്തും. ഇടതുപക്ഷവുമായി ഞങ്ങള്‍ ചേര്‍ന്നു പോകുകയാണെന്നും അതിന്റെ ചവിട്ടുപടിയാണ് ഇത് എന്നും രാഷ്ട്രീയവഞ്ചനയാണ് ഇത് എന്നൊക്കെ കോണ്‍ഗ്രസ് പറഞ്ഞു.

എന്തെങ്കിലും കൂട്ടുകെട്ടിലേക്കുള്ള നടപടിയല്ല ഇത്. പ്രാദേശികമായ നടപടിയാണ്. ആരാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ സ്പര്‍ശിക്കാത്തത്. ഈ പറഞ്ഞ കോണ്‍ഗ്രസ് തന്നെ ആന്റണി മാര്‍ക്‌സിസ്റ്റ്
പാര്‍ട്ടിയുമായി കൂട്ടുചേര്‍ന്നിട്ടുണ്ടല്ലോ?

മാര്‍ക്‌സിസ്റ്റ്കാരുമായി തൊട്ടുപോയത് രാഷ്ട്രീയവഞ്ചനയാണ് എന്നൊന്നും പറയേണ്ട കാര്യമില്ല. ഞങ്ങള്‍ യു.ഡി.എഫിന്റെ ഭാഗമല്ല. ഞങ്ങള്‍ക്ക് സ്വതന്ത്രമായി ആലോചിക്കാം. കോട്ടയം ഡി.സി.സി വിലയ്ക്ക് വാങ്ങിയെടുത്തതാണ് ഇത്.

യു.ഡി.എഫിന്റെ കൂടെ നില്‍ക്കണമെന്നുമായിരുന്നു ഞങ്ങളുടെ തീരുമാനം. എന്നാല്‍ അധിക്ഷേപകരമായ പ്രസ്താവന അവര്‍ നടത്തി. ഒരു പ്രാദേശിക തിരഞ്ഞെടുപ്പില്‍ ഒരു പ്രതികരണമുണ്ടായി. അതിന് ഇത്ര വലിയ പൊട്ടിത്തെറിയൊന്നും ആവശ്യമില്ല. ഭയങ്കര കുഴപ്പമായി എന്നൊന്നും പറയേണ്ട ആവശ്യമില്ല.


Dont Miss മാണി ഗ്രൂപ്പുമായുള്ള സഹകരണം; അഴിമതിയുടെ കാര്യത്തിലുള്ള ഇരട്ടമുഖമെന്ന് കോടിയേരി; ഇത്തവണത്തെ നറുക്ക് കോടിയേരിക്ക് 


യു.ഡി.എഫില്‍ തുടരണോ വേണ്ടയോ എന്ന കാര്യം പാര്‍ട്ടി തീരുമാനിക്കും. കേരള കോണ്‍ഗ്രസിനെ മുറിവേല്‍പ്പിക്കാത്ത ഒരു രാഷ്ട്രീയ കക്ഷിയും കേരളത്തിലില്ല. സി.പി.ഐ.എം മുറിവേല്‍പ്പിച്ചു. കോണ്‍ഗ്രസ് മുറിവേല്‍പ്പിക്കും. മുസ്‌ലീം ലീഗ് മാത്രം ഞങ്ങളെ മുറിവേല്‍പ്പിച്ചിട്ടില്ല.

ഞങ്ങള്‍ വലിയ രാഷ്ട്രീയ ശക്തിയായി കേരളത്തില്‍ നില്‍ക്കുന്നതിനെതിരെ പലരും രംഗത്തെത്തി. ഞങ്ങളെ മുറിവേല്‍പ്പിച്ച് ചോര വാര്‍ന്നൊഴുകി. എന്നിട്ടും ധൈര്യം വിടാതെ മുന്നോട്ട് വന്നു. തീയില്‍ കൊരുത്ത പാര്‍ട്ടി വെലിയത്ത് വാടില്ല.

ഞങ്ങള്‍ കൂട്ടുകൂടിയത് പണ്ട് ഞങ്ങളെ ഉപദ്രവിച്ചവരുമായല്ലേ ഏന്ന ചോദ്യം തന്നെ അപ്രസക്തമാണ്. ഞങ്ങള്‍ ആരുമായും കൂട്ടുകെട്ട് ആയിട്ടില്ല. ജില്ലാ തലത്തില്‍ പ്രാദേശികമായി ഉണ്ടായ നടപടി ആണ്.

പാര്‍ട്ടി സംസ്ഥാന കമ്മിറ്റി എടുത്ത നയപരമായ തീരുമാനമല്ല. മാര്‍കിസ്റ്റ് പാര്‍ട്ടിയോട് അസ്പൃശ്യത ഇല്ല. കേരള കോണ്‍ഗ്രസ് ആരുടെ പിന്നാലെയും പോയിട്ടില്ല. കോണ്‍ഗ്രസിന് ഞങ്ങളെ വേണ്ടെങ്കില്‍ കോണ്‍ഗ്രസിന്റെ സഹായം ഞങ്ങള്‍ക്കും വേണ്ട.

കേരള കോണ്‍ഗ്രസിന്റെ തീരുമാനത്തിന് ജോസ് കെ. മാണിയെ പഴിക്കണ്ട. പാവം ലണ്ടനിലിരിക്കുകയാണ്. അവന്‍ മാന്യമര്യാദയായി നടക്കുന്നവനാണ്. സത്യസന്ധമായ രാഷ്ട്രീയമാണ് അവന്റേത്. അതില്‍ അഭിമാനമുണ്ടെന്നും മാണി പറഞ്ഞു.

ഞങ്ങള്‍ സി.പി.ഐ.എമ്മിലേക്ക് ചെല്ലുന്നതിന് സി.പി.ഐക്ക് ഭയപ്പാടുണ്ട്. ഞങ്ങള്‍ അങ്ങോട്ട് ചെന്നാല്‍ സി.പി.ഐക്ക് ഗ്രേഡ് കുറയും. അതിന്റെ ഭയപ്പാടാണ്. ഞങ്ങള്‍ അങ്ങോട്ട് വരുന്നോ വരുന്നോ എന്നാണ് ഭയം.നിഴല്‍ കണ്ടാല്‍ പാമ്പാണ് എന്ന് കരുതുന്നത് പോലെ. അവരോട് ഒന്നേ പറയാനുള്ളൂ. നിങ്ങള്‍ ഭയപ്പെടണ്ട. ഞങ്ങള്‍ അങ്ങനെ അപേക്ഷയുമായി വരുന്നില്ല. – മാണി പറഞ്ഞു.

Advertisement